reporter News

കരിമണൽ ഖനനം കുടുംബങ്ങൾ ഒഴിഞ്ഞുപോയി

ചെറിയഴീക്കൽ : പാരിസ്ഥിതികനിയമം ലംഘിച്ച് ആലപ്പാട് തീരത്ത് തുടരുന്ന കരിമണൽ ഖനനവും അതിനെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും മൂലം അയ്യായിരത്തിലേറെ കുടുംബങ്ങൾക്ക് ഗ്രാമം വിട്ടുപോകേണ്ടിവന്നു.

അതിവിശാലമായിരുന്ന ആലപ്പാട് ഗ്രാമം കായലിനും കടലിനുമിടയിൽ നേർത്ത മണൽത്തിട്ടപോലായിമാറി. കൃഷിഭൂമിയും തെങ്ങിൻപുരയിടങ്ങളും മത്സ്യബന്ധനവും ചാകരയുമെല്ലാം നിറഞ്ഞ് പ്രകൃതിവിഭവങ്ങൾ കൊണ്ട് സമൃദ്ധമായിരുന്ന ആലപ്പാട് ഏതുനിമിഷവും അപ്രത്യക്ഷമാകാവുന്ന അവസ്ഥയിലാണ്.

കരിമണൽ വ്യവസായം നാടിന്റെ വികസനത്തിനാണെന്നാണ് അധികൃതർ ആവർത്തിക്കുന്നത്.

കരിമണൽ വ്യവസായംകൊണ്ട് ആലപ്പാട് ഗ്രാമത്തിന് നാശം അല്ലാതെ ഒരു വികസനവും ഉണ്ടായില്ല. ഈ വ്യവസായത്തിലൂടെ രാജ്യത്തിനും കേരളത്തിനും ഉണ്ടായ നേട്ടങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകണം. രാജ്യത്തെ പരിസ്ഥിതിനിയമങ്ങൾ സർക്കാരിനും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമല്ലേ എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഖനനത്തെ തുടർന്ന് ആലപ്പാടിന് തെക്കുള്ള പൊന്മനഗ്രാമം ഇല്ലാതായി. ആലപ്പാടും വടക്ക് ആറാട്ടുപുഴയും കൂടി ഇല്ലാതാകുന്നതോടെ കൊല്ലം-ആലപ്പുഴ ജില്ലകളെ സംരക്ഷിക്കാൻ പ്രകൃതിതന്നെ കടലിനോടുചേർന്ന് സൃഷ്ടിച്ച കരപ്രദേശം ഭൂപടത്തിൽനിന്ന്‌ അപ്രത്യക്ഷമാകും. ഇത് ആലപ്പുഴ, കൊല്ലം ജില്ലകളുടെ സർവനാശത്തിനായിരിക്കും വഴിയൊരുക്കുന്നത്.


മീനു എം സീഡ് റിപ്പോർട്ടർ 

ക്ലാസ് 10 എ ഗവ: വി എച് എസ് എസ് ചെറിയഴീക്കൽ

September 25
12:53 2019

Write a Comment