SEED News

ലോക ഭക്ഷ്യ ദിനത്തിൽ നാടൻ വിഭവങ്ങൾ വിളമ്പി മാതൃഭൂമി സീഡ് പ്രവർത്തകർ

മുട്ടം: ലോക ഭക്ഷ്യ ദിനത്തിൽ മുട്ടം ഗവ. എച്ച്.എസ്.എസിൽ എത്തിയവർക്ക് നാടൻ വിഭവങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തതയാർന്ന ഭക്ഷ്യ ദിനാചരണം സംഘടിപ്പിച്ചത്. അറക്കുളം ഉപജില്ലാ ശാസ്ത്രമേളയോടു   
അനുബന്ധിച്ചെത്തിയ രക്ഷിതാക്കൾക്കും മറ്റു സ്കൂളിൽ നിന്നുള്ള മത്സരാഥികൾക്കും ഇത് പുതിയൊരനുഭവമായി. 
കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് തയ്യാറാക്കിയ മിക്സ്ഡ് ഫ്രൂട്ട്സ്, 
നാരങ്ങാവെള്ളം, സംഭാരം, പപ്പായ, തണ്ണി മത്തൻ, പൈനാപ്പിൾ എന്നിവകൊണ്ടുള്ള ജ്യൂസുകൾ, വീട്ടിൽ നിന്നും തയ്യാറാക്കിയെത്തിച്ച
കൊഴുക്കട്ട, ഇലയട, കപ്പ പുഴുങ്ങിയത്, മുളക് ചമ്മന്തി, നെയ്യപ്പം, നെല്ലിക്ക ഉപ്പിലിട്ടത് തുടങ്ങിയവയാണ് അഥിതികൾക്ക് വിതരണം ചെയ്തത്. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി
വാഴയിലയിലും സ്റ്റീൽ ഗ്ലാസിലുമാണ് വിഭവങ്ങൾ വിതരണം ചെയ്തത്. 
സ്കൂൾ പ്രിൻസിപ്പാൾ ജി. ഉല്ലാസ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ സീഡ് കോ.ഓർഡിനേറ്റർമാരായ മനീഷ്.കെ.ഗോപിനാഥ്, എം.കെ ഷെല്ലി, അരവിന്ദ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ :ലോക ഭക്ഷ്യ ദിനത്തിൽ മുട്ടം ഗവ. എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ നാടൻ വിഭവങ്ങളുടെ വിതരണം

October 19
12:53 2019

Write a Comment

Related News