SEED News

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലവ്പ്ലാസ്റ്റിക് പദ്ധതി തുടങ്ങി


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഗാന്ധിജയന്തി ദിനത്തിൽ ലവ്പ്ലാസ്റ്റിക് പദ്ധതി തുടങ്ങി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്.സലാമത്ത് അധ്യക്ഷനായി.
പെൻബിൻ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സുമ നിർവഹിച്ചു.
സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽനിന്ന്‌ പ്ലാസ്റ്റിക് ശേഖരിച്ച്  വിദ്യാലയത്തിൽ എത്തിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ബോധവത്കരണം നടത്തുന്നതിനൊപ്പം പ്ലാസ്റ്റിക് കത്തിക്കുന്നതിനും മണ്ണിലേക്ക് വലിച്ചെറിയുന്നതിനുമെതിരേ ബോധവത്കരണം സംഘടിപ്പിക്കും.
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് ശേഖരിച്ച് കഴുകി ഉണക്കി തരംതിരിച്ച് ശേഖരിച്ചു. ശേഖരിച്ച പ്ലാസ്റ്റിക് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റിന് കൈമാറും. കുട്ടികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേനകൾ പെൻബിൻ പദ്ധതിയിലൂടെ ശേഖരിച്ച് പുനർനിർമാണത്തിന് കൈമാറും.
ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള, പ്രിൻസിപ്പൽ ജിജി എച്ച് .നായർ, സ്‌കൗട്ട് മാസ്റ്റർമാരായ എസ്.അഭിലാഷ് കുമാർ, റാഫി രാമനാഥ്, സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

October 23
12:53 2019

Write a Comment

Related News