reporter News

റോഡ് സുരക്ഷ: നെടുവേലിയിലെ സീഡ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തി

വെഞ്ഞാറമൂട്: മണ്ണന്തല എം.സി. റോഡില്‍ വര്‍ധിക്കുന്ന റോഡപകടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നെടുവേലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം സമര്‍പ്പിച്ചു. നഗരത്തിലേക്കുള്ള ഈ പ്രധാന പാതയില്‍ ഒരു മാസത്തിനുള്ളില്‍ റോഡപകടങ്ങളില്‍ ആറ് പേരാണ് മരിച്ചത്. 
ഒരു വര്‍ഷത്തിനുള്ളില്‍ അമ്പതോളം പേര്‍ക്ക് മാരകമായി പരിക്കേറ്റു. പത്തോളം കൊടും വളവുകളുള്ള ഈ പാതയില്‍ മതിയായ സിഗ്നല്‍ സംവിധാനമോ അറിയിപ്പുകളോ ഇല്ല. പ്രധാന കവലകളില്‍ പോലീസിന്റെയും ട്രാഫിക് വാര്‍ഡന്റെയും സാന്നിധ്യം ആവശ്യമാണ്. വളവുകള്‍ ഒഴിവാക്കി പാത നവീകരിക്കുക, വെമ്പായം, വട്ടപ്പാറ, കന്യാകുളങ്ങര ട്രാഫിക് കവലകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കുട്ടികള്‍ നിവേദനത്തിലൂടെ സമര്‍പ്പിച്ചത്. പത്തോളം വിദ്യാലയങ്ങള്‍ ഈ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കന്യാകുളങ്ങരയില്‍ സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വാഹന യാത്രക്കാര്‍ക്ക് ബോധവത്കരണ പരിപാടി നടത്തിയിരുന്നു. സീഡ് അംഗങ്ങളുടെ പ്രാദേശിക പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മയുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.ബിന്ദു, അംഗങ്ങളായ അജില്‍ കൃഷ്ണന്‍, ശ്രീഷ്മ, അശ്വതി എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.

November 21
12:53 2015

Write a Comment