reporter News

കിടങ്ങൂര്‍ സെന്റ് മേരീസില്‍ 'സീഡ്' കേരഫെസ്റ്റ് തുടങ്ങി

കിടങ്ങൂര്‍: സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേരഫെസ്റ്റ് കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ഏബ്രഹാം ഉദ്ഘാടനം െചയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വാലേല്‍ അധ്യക്ഷത വഹിച്ചു.
 തെങ്ങിന്റെ വിവിധ ഉല്പന്നങ്ങളുടെ വ്യത്യസ്തതയാര്‍ന്ന പ്രദര്‍ശനമാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധതരം തേങ്ങകള്‍, തെങ്ങിന്‍ തൈകള്‍, ഒന്നിലധികം മുളകളുള്ള അപൂര്‍വയിനം തെങ്ങിനങ്ങള്‍, തെങ്ങിന്‍ തടിയില്‍ തീര്‍ത്ത വീട്ടുപകരണങ്ങള്‍, ചിരട്ട, ചകിരി, കുരുത്തോല എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, തെങ്ങില്‍ നിന്നുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍, നീരയും അവയുടെ ഉല്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്. 
കൂടാതെ ആലപ്പുഴ, കൊച്ചി, കുമരകം എന്നിവിടങ്ങളിലെ സാശ്രയസംഘങ്ങള്‍ ഒരുക്കുന്ന വിപണന ശാലകളില്‍ നിന്ന് നാളികേര ഉല്പന്നങ്ങളായ ചോക്കലേറ്റുകള്‍, കേക്കുകള്‍, ഹല്‍വ, ബിസ്‌കറ്റുകള്‍, മിഠായി, വിനാഗിരി, വെര്‍ജിന്‍ ഓയില്‍, ഉപ്പേരി, പാല്‍പ്പൊടി തുടങ്ങിയവ മിതമായ നിരക്കില്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്കും ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. രാവിലെ 9.30 മുതല്‍ രാത്രി 7 മണി വരെയാണ് കേരഫെസ്റ്റ്. 22ന് സമാപിക്കും.

November 21
12:53 2015

Write a Comment