SEED News

പരിസ്ഥിതി പഠനയാത്രയുമായി സീഡ് ക്ലബ്ബ് വിദ്യാർഥികൾ

വട്ടോളി: എടോനിമലയെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ ആവശ്യപ്പെട്ടു. എടോനി മല സന്ദർശിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പ്രദേശവാസികളിൽനിന്ന് വിവരശേഖരണം നടത്തുകയായിരുന്നു സീഡ് ക്ലബ്ബ് അംഗങ്ങൾ. സമുദ്രനിരപ്പിൽനിന്ന്‌ 2500 അടി ഉയരവും 78 ഡിഗ്രി ചെരിവുമുള്ള ഇവിടം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. അപൂർവയിനം കൃഷ്ണശിലകളും ക്ലേ അടങ്ങിയ ലാറ്ററൈറ്റ് മണ്ണും ഈ മലയുടെ പരിസ്ഥിതിക പ്രാധാന്യം വർധിപ്പിക്കുന്നു.വാണിമേൽ പുഴയുടെ പ്രഭവകേന്ദ്രവും ഈ മലനിരകളാണ്. മണ്ണെടുപ്പും ഖനനവും തുടർന്നാൽ ഉരുൾപൊട്ടൽ സാധ്യത വർധിക്കുമെന്ന് കുട്ടികൾ ചൂണ്ടിക്കാട്ടി. വാണിമേൽപ്പുഴയുടെ നാശത്തിനും ഇത് കാരണമാകും. പ്രദേശവാസിയായ ചന്ദ്രൻ എടോനി പരിസ്ഥിതിക പ്രശ്നങ്ങൾ വിശദീകരിച്ചു. കെ. റൂസി, വി.പി. ഷെലിത, ബ്രിജിഷ, അഷ്ടമി, പി. അഹന, മുഹമ്മദ് നിഹാദ്, ആര്യനന്ദ, സി. അനുസ്മയ എന്നിവർ നേതൃത്വം നൽകി.

November 27
12:53 2019

Write a Comment

Related News