SEED News

സീഡ് വിദ്യാർഥികളുടെ കറിക്കൂട്ട് പുസ്തകം നാടൻ വിഭവങ്ങളാൽ സമൃദ്ധം

മാന്നാർ: ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ ഉണ്ടാകുന്ന ചൊറിയണച്ചെടി കൊണ്ടുള്ള തോരൻ മുതൽ ചക്ക എരിശ്ശേരി ഉൾപ്പെടെ നാടൻ രുചിഭേദങ്ങളുടെ കറിക്കൂട്ട് പുസ്തകവുമായി സീഡ് വിദ്യാർഥികൾ. ജങ്ക് ഫുഡിനെതിരേ പോരാടിയ മാന്നാർ ശ്രീഭുവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി പ്രകൃതി സീഡ് ക്ലബ്ബിലെ വിദ്യാർഥികളാണ് സ്‌കൂളിൽ നടന്ന എക്‌സിബിഷനിൽ വൈവിധ്യമാർന്ന കറിക്കൂട്ടുകളുടെ കൈയെഴുത്ത് പുസ്തകം തയ്യാറാക്കിയത്. ചൊറിയണത്തോരൻ കൂടാതെ തഴുതാമത്തോരൻ, മത്തപ്പൂവ് തോരൻ, മടന്തയില അവിയൽ, കാള അവിയൽ, ചക്ക എരിശ്ശേരി, മാങ്ങാ അവിയൽ എന്നിവ ഉൾപ്പെടെ മുപ്പതോളം പാചക്കുറിപ്പുകൾ കൈയെഴുത്ത് പുസ്തകത്തിലുണ്ട്. കുട്ടികൾ അമ്മമാരുടെയും മുത്തശ്ശിമാരുടെയും അടുത്തുനിന്നു ലഭിച്ച നാട്ടറിവുകളിലൂടെയുള്ള പാചകക്കുറിപ്പുകൾ സമാഹരിച്ചാണ് കൈയെഴുത്ത് പുസ്തകമിറക്കിയത്. ജങ്ക്ഫുഡുകൾ ഉപേക്ഷിച്ച് നാടൻഭക്ഷണം ശീലമാക്കി നല്ലൊരു ആരോഗ്യശീലം വളർത്തിയെടുക്കുന്നതിന് പ്രചോദനമാകുന്നതായിരുന്നു ഓരോ പാചകക്കുറിപ്പും. കൂടാതെ കടലാസുകൾ കൊണ്ടുള്ള ഉത്പന്നങ്ങൾ കരകൗശല വസ്തുക്കൾ, ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങൾ, ഓലകൊണ്ടുള്ള കളിപ്പാട്ടങ്ങൾ എല്ലാം പ്രദർശനത്തിലെ വൈവിധ്യ കാഴ്ചയായി. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട സ്റ്റാളുകൾ പ്രദർശനത്തിനുണ്ടായിരുന്നു. സ്‌കൂൾ മാനേജർ കെ.ജി.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.വിജയലക്ഷ്മി അധ്യക്ഷയായി. രഘുനാഥ്, ഗോപൻ തോട്ടത്തിൽ, നൗഷാദ്, സീഡ് കോ ഓർഡിനേറ്റർ ബി.ശ്രീലത, ബിനു, ഷൈലജ തുടങ്ങിയവർ പ്രസംഗിച്ചു.

December 17
12:53 2019

Write a Comment

Related News