SEED News

ബാലമന്ദിരത്തില്‍ സ്‌നേഹോപഹാരവുമായി കുട്ടിക്കര്‍ഷകരെത്തി


 കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബംഗങ്ങള്‍ സ്വന്തം പാടത്തുനിന്ന് വിളവെടുത്ത കാര്‍ഷിക ഉത്പന്നങ്ങളുമായി മട്ടന്നൂര്‍ കോളാരിയിലെ സച്ചിദാനന്ദ ബാലമന്ദിരത്തിലെത്തി. 
തങ്ങളുടെ കൃഷിയിടത്തിലെ വിളവിന്റെ ഒരുഭാഗം എല്ലാ വര്‍ഷവും കുട്ടികള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരാറുണ്ട്.
കഴിഞ്ഞവര്‍ഷം ജില്ലാ കലോത്സവത്തിന് നഞ്ചില്ലാത്ത ഊണൊരുക്കാന്‍ വിളവ് നല്‍കിയിരുന്നു. കൊണ്ടുവന്ന വിഭവങ്ങള്‍ പാകംചെയ്ത് കഴിച്ചും കുരുന്നുകളൊടൊപ്പം പാട്ടുപാടിയും കൊച്ചുവര്‍ത്തമാനം പറഞ്ഞും ഒരുദിനം ചെലവഴിച്ച, അവര്‍ക്ക് പഠനോപകരണങ്ങളും നല്‍കിയശേഷമാണ് കുട്ടിക്കര്‍ഷകര്‍ മടങ്ങിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ.ചന്ദ്രമതിയുടെയും ബാലമന്ദിരം ട്രസ്റ്റ് ചെയര്‍മാന്‍ സി.ബാലഗോപാലന്റെയും സാന്നിധ്യത്തിലാണ് സ്‌നേഹോപഹാരങ്ങള്‍ നല്‍കിയത്. സീഡ് ക്ലബ്ബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, രാഗേഷ് തില്ലങ്കേരി, വി.വി.സുനേഷ്, കെ.പി.സുനില്‍കുമാര്‍, എന്‍.പുഷ്പ, കെ.പി.പ്രജിന, എം.ബിനി, എം.വി.സീന എന്നിവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളുമായി ചേര്‍ന്ന് പൂങ്ങോട്ടുംകാവ് ശുചീകരിച്ചു. 
മരങ്ങള്‍ക്കിടയിലും കുറ്റിച്ചെടികള്‍ക്കിടയിലും തങ്ങിക്കിടന്ന എട്ട് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുട്ടികള്‍ ശേഖരിച്ചു. കാവ്യ സജീവന്‍, ആര്യനന്ദ ദിനേശ്, എം.വി.റിന്‍സ്, അക്ഷയ് ശ്്രീധര്‍, ശ്രീരാഗ്, അഖില്‍, അമല്‍രാജ്, ഇര്‍ഷാദ്, ഗംഗ, വൈഷ്ണ, ദേന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
  

November 28
12:53 2015

Write a Comment

Related News