environmental News

ഇരുനൂറ് വീടുകളെ പച്ചക്കറി സ്വയംപര്യാപ്തമാക്കാന്‍ ഹരിതസൗഹൃദംസീഡ് പദ്ധതി



കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹരിതസൗഹൃദം പദ്ധതി
  നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എം.ശോഭന ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: നഗരസഭയിലെ 200 വീടുകളെ പച്ചക്കറി സ്വയംപര്യാപ്തമാക്കുന്നതിനായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. ആന്‍ഡ് വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി. 
    മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിന് കഴിഞ്ഞവര്‍ഷം ജില്ലയിലെ ശ്രേഷ്ഠഹരിത വിദ്യാലയം അവാര്‍ഡിന് അര്‍ഹമായ സ്‌കൂളിന് ലഭിച്ച കാഷ് അവാര്‍ഡ് ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്‌കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിലെ കുട്ടികള്‍ സ്വന്തം വീടുകളില്‍ കൃഷി ചെയ്യുന്നതോടൊപ്പം സ്‌കൂളിന് സമീപത്തുള്ള  സുഹൃത്തുക്കളെയോ, ബന്ധുക്കളെയോകൂടി പച്ചക്കറിക്കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്‌ലക്ഷ്യമിടുന്നത്.  യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.എസ്. ക്ലാസ്സുകളിലെ എഴുപതോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
 മൂന്ന് വാര്‍ഡുകളിലെ വീടുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് പച്ചക്കറി വിത്തുകളും ജൈവവളങ്ങളും നല്‍കിയാണ് കൃഷി ചെയ്യിപ്പിക്കുന്നത്. 
  സാധാരണ പച്ചക്കറി വിത്തുകള്‍ക്കുപുറമെ മുരിങ്ങ, അകത്തിച്ചീര, പപ്പായ, കോവല്‍ തുടങ്ങിയ സ്ഥിര വിളകളുടെ തൈകളും ഈ വീടുകളില്‍  സൗജന്യമായി വിതരണം ചെയ്യും. പകരം ഈ പച്ചക്കറി വിത്തുകളും വളവും ഉപയോഗിച്ച് പച്ചക്കറിക്കൃഷി ചെയ്യുമെന്ന സമ്മതപത്രം ഗൃഹനാഥന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. വിഷമില്ലാത്ത ജൈവപച്ചക്കറി ഉത്പാദിപ്പിച്ച് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിക്കുകയാണ് ലക്ഷ്യം.       ലക്ഷ്മിതരു, മുള്ളാന്ത എന്നീ ഔഷധ ചെടികളുംസൗജന്യമായി നല്‍കും. 
നഗരസഭാ ചെയര്‍ പേഴ്‌സണ്‍ എം.ശോഭന പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.വി.ബാബു അധ്യക്ഷനായി.  സീഡ് കോഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍ പദ്ധതി വിശദീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായപ്രഥമാധ്യാപകന്‍ ആര്‍.ലീലാകൃഷ്ണന്‍  ജി.ശിവപ്രസാദ്, എന്‍.സി. ശ്രീകുമാര്‍, ശക്തികുമാര്‍, എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, പി.ടി.എ. വൈസ് പ്രസിഡന്റ് ദാസ്  സീഡ് ക്ലബ് പ്രസിഡന്റ് ആകാശ് എ. എന്നിവര്‍ സംസാരിച്ചു.  പദ്ധതിയുടെ ഭാഗമായി വീടുകളില്‍ പച്ചക്കറിക്കൃഷി ചെയ്യാന്‍ താത്പര്യമുള്ള സ്‌കൂളിന് സമീപത്തെ വാര്‍ഡുകളിലെ വീട്ടുകാര്‍ കോഓര്‍ഡിനേറ്ററുമായി രാവിലെ 9ന് മുമ്പും വൈകിട്ട് 5ന് ശേഷവും ബന്ധപ്പെടണം. ഫോണ്‍9446905075.


November 28
12:53 2015

Write a Comment