SEED News

ഞങ്ങൾ മരിക്കുക കാലാവസ്ഥ വ്യതിയാനം കാരണം -റിദ്ദിമ പാണ്ഡെ

കോഴിക്കോട്: “ഇപ്പോഴത്തെ തലമുറ പ്രായാധിക്യംകൊണ്ട് മരിക്കുമ്പോൾ ഞങ്ങളുടെ തലമുറയുടെ അന്ത്യം കാലാവസ്ഥ വ്യതിയാനം കൊണ്ടാവും”- 13 വയസ്സുള്ള പരിസ്ഥിതി പ്രവർത്തക റിദ്ദിമ പാണ്ഡെയുടെ വാക്കുകൾ ഒരു സംഘം വിദ്യാർഥികൾ അതേറ്റുപറഞ്ഞു. മാതൃഭൂമി സീഡ് 12-ാം വർഷ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു ഉത്തരാഖണ്ഡിൽനിന്നുള്ള റിദ്ദിമ. ശുദ്ധവായുവും വെള്ളവും അന്തരീക്ഷവും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പരിസ്ഥിതിസംരക്ഷണത്തിന്റെ സന്ദേശം വഹിക്കുന്ന മാതൃഭൂമി സീഡ് പ്രവർത്തനങ്ങളെ റിദ്ദിമ അഭിനന്ദിച്ചു.

വരുംതലമുറകൾക്കുമായി പ്രകൃതിയെ സംരക്ഷിക്കണമെന്ന ‍സന്ദേശം കുട്ടികളിലൂടെ പ്രചരിപ്പിക്കുന്ന സീഡ് പോലെ ശ്രേഷ്ഠമായ പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ വി.വി. അനിൽകുമാർ പറഞ്ഞു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.വി. റെജി, മാതൃഭൂമി എഡിറ്റർ മനോജ് കെ. ദാസ് എന്നിവർ സംസാരിച്ചു.


ദേശീയ-അന്തർദേശീയ തലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മാതൃഭൂമി സീഡ് 12-ാം വർഷത്തിലേക്ക് ചുവടുവെക്കുകയാണ്. പരിസ്ഥിതിസംരക്ഷണത്തിന്റെ സന്ദേശവുമായി കേരളത്തിലെ 7053 വിദ്യാലയങ്ങളിൽനിന്നായി 38 ലക്ഷം വിദ്യാർഥികളാണ് ഇന്ന് സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ളത്. 12-ാം വർഷ പ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിച്ചുകൊണ്ട്, 11 വർഷങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച സീഡ് പ്രവർത്തകർ പരിസ്ഥിതിപ്രവർത്തക റിദ്ദിമ പണ്ഡെയുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ സംവാദത്തിൽനിന്ന്

ഒട്ടേറെ പ്രളയങ്ങൾ അഭിമുഖീകരിച്ച ഉത്തരാഖണ്ഡിൽനിന്നാണ് റദ്ദിമ വരുന്നത്. രണ്ടുവർഷമായി കേരളവും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇനിയും അതിനുള്ള സാധ്യതകൾ ഞങ്ങൾ മുന്നിൽക്കാണുന്നു. ഈ അവസ്ഥയെ നാമെങ്ങനെ നേരിടും?

പ്രകൃതിദുരന്തങ്ങൾ തടയുകയെന്നത് മനുഷ്യന്റെ പരിധിക്കും അപ്പുറത്തുള്ള കാര്യമാണ്. എന്നാൽ, വ്യക്തികൾ എന്നനിലയിൽ നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. കാർബൺ ബഹിർഗമനം കഴിയുന്നത്ര കുറയ്ക്കുന്ന തരത്തിലേക്ക്‌ നമ്മുടെ ജീവിതം മാറ്റേണ്ടതുണ്ട്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ചും പരമാവധി പൊതുഗതാഗതം ഉപയോഗിച്ചും വൈദ്യുതിയും വെള്ളവും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്തും പ്ലാസ്റ്റിക് ഉപയോഗം കുറച്ചും ടെക്‌സ്റ്റ്പുസ്തകങ്ങൾ, വസ്ത്രം എന്നിവ പരമാവധി പുനരുപയോഗിച്ചും നമ്മളാൽ കഴിയുംവിധം നമുക്കതിൽ പങ്കാളികളാകാം. പ്രളയംപോലുള്ള ദുരന്തങ്ങൾ സംഭവിക്കാതെ പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിച്ചുനിർത്തുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതാണ്. ആഗോളതാപനത്തിന്റെ ഏറ്റവും വലിയ ഇരയാകാൻ പോകുന്നത് ഇന്ത്യയാണ്. അതുകൊണ്ട് ഓരോ ചുവടും കരുതലോടെയായിരിക്കണം.

ലോകവ്യാപകമായ അടച്ചിടലിൽ മലിനീകരണം ക്രമാതീതമായി കുറഞ്ഞതായാണ് കാണുന്നത്. ഈ മഹാമാരിയിൽനിന്ന്‌ മനുഷ്യർ പാഠം ഉൾക്കൊണ്ടതായി തോന്നുന്നുണ്ടോ? അതോ, കാര്യങ്ങൾ പഴയപടിയാകുമ്പോൾ നമ്മളിതെല്ലാം മറക്കുമോ?

മനുഷ്യരെ വീടുകളിൽ അടച്ചിട്ടതോടെ പ്രകൃതി തിരിച്ചുവന്നു എന്നാണ് പറയുന്നത്. വായുമലിനീകരണംകാരണം ഏറ്റവും ദുരിതമനുഭവിക്കുന്ന ഡൽഹിയിലെ ജനങ്ങളിപ്പോൾ ശുദ്ധവായു ശ്വസിക്കുന്നു, ആകാശത്തെ നക്ഷത്രങ്ങളെ കാണാൻ അവർക്കിന്നാകുന്നുണ്ട്. പ്രകൃതി നശിക്കാനുള്ള മൂലകാരണം മനുഷ്യനാണ് എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ഇതെല്ലാം. നമ്മുടെ ജീവിതരീതിയും നാം കാര്യങ്ങളെ കാണുന്ന രീതിയും മാറേണ്ടതുണ്ട്. തീർച്ചയായും ചിലരെങ്കിലും ഇതിൽനിന്ന്‌ പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രകൃതിയെ കാണുമെന്നാണ് പ്രതീക്ഷ. എന്നാൽ, മറ്റൊരുകാര്യം എന്നെ അലട്ടുന്നുണ്ട്. അടച്ചിടൽ കാരണമുണ്ടായ സാമ്പത്തികനഷ്ടം നികത്താൻ മനുഷ്യരും രാഷ്ട്രങ്ങളും പ്രകൃതിയെ കൂടുതൽ ചൂഷണംചെയ്യുമോ എന്ന്‌ ഞാൻ ഭയക്കുന്നു.

വിദ്യാർഥി എന്ന നിലയിൽ കൂടുതൽ കുട്ടികളെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ എന്തെങ്കിലും പദ്ധതികൾ മനസ്സിലുണ്ടോ?

തുടക്കത്തിൽ ഒരുപാടുപേരെ പങ്കെടുപ്പിക്കണം, ഒരുപാട് പദ്ധതികൾ ആസൂത്രണംചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യവുമായി സുഹൃത്തുക്കളെയും സമീപപ്രദേശത്തുള്ള കുട്ടികളെയും സമീപിക്കുമ്പോൾ അവരതിന് തയ്യാറാകുന്നില്ല. അവബോധക്കുറവാണ് പ്രശ്നമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ കുട്ടികളിൽ പ്രകൃതിസംരക്ഷണത്തിനായി അവബോധം സൃഷ്ടിക്കാനാണ് കൂടുതൽ ശ്രദ്ധ. ഇതിന്റെ ഭാഗമായി നാട്ടിൽ ഒരു കൂട്ടായ്മ രൂപവത്‌കരിക്കാനായിട്ടുണ്ട്. സമപ്രായക്കാരെയും മുതിർന്നവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഒരു പരിധിവരെ ഞങ്ങൾക്കായിട്ടുണ്ട്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.

കൂടുതൽ വിദ്യാർഥികളെ എങ്ങനെ പരിസ്ഥിതിപ്രവർത്തനങ്ങളുടെ ഭാഗമാക്കാം?

കുട്ടികൾ സ്വമേധയാ പരിസ്ഥിതിപ്രവർത്തനങ്ങളിലേക്ക് ഇറങ്ങിവരണം. സമരങ്ങളിൽ പങ്കെടുത്തും ഇടപെട്ടും കൂടുതൽ പേർ മുന്നോട്ടുവരണമെന്നാണ് ആഗ്രഹം. എന്നാൽ, മുന്നിട്ടിറങ്ങാൻ കുട്ടികൾക്ക് പലപ്പോഴും മാതാപിതാക്കളുടെ അനുവാദം ആവശ്യമാണ്. കുട്ടികളുടെ സുരക്ഷയെക്കരുതിയുംമറ്റും മാതാപിതാക്കൾ അനുവാദം നിഷേധിക്കുന്ന സാഹചര്യമാണ് കൂടുതൽ. മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് ആദ്യപടി. കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിൽ അധ്യാപകർക്കും വലിയ പങ്കുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പാഠങ്ങൾ വരുമ്പോൾ എനിക്ക് ആവേശമാണ്. പക്ഷേ, പലപ്പോഴും അതേക്കുറിച്ച് കൂടുതൽ സംസാരിക്കാനും വിശദമാക്കാനും എന്റെ അധ്യാപകർക്ക് സമയംകിട്ടാറില്ല. സിലബസ് തീർക്കുന്നതിന്റെ തിരക്കിൽ അവർക്ക് ഇത്തരം വിഷയങ്ങളിൽ കൂടുതൽ സമയം നൽകാൻ കഴിയാതെ പോകാറുണ്ട്. പരിസ്ഥിതിവിഷയങ്ങൾക്ക് സിലബസിലും വിദ്യാലയങ്ങളിലും കൂടുതൽ പ്രാമുഖ്യം നൽകണം. സമരങ്ങൾക്കിറങ്ങാൻ മാതാപിതാക്കൾ അനുവാദം നൽകിയില്ലെങ്കിൽ ഓൺലൈൻ പെറ്റീഷൻപോലുള്ള സംവിധാനങ്ങളും കുട്ടികൾക്ക് ഉപയോഗപ്പെടുത്താം.

പ്രകൃതിസംരക്ഷണവും വികസനപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോ?

എന്നെപ്പോലുള്ള പരിസ്ഥിതി പ്രവർത്തകരോട് സർക്കാർ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. മരംവെട്ടാതെയും അണക്കെട്ട് പണിയാതെയും എങ്ങനെ രാജ്യത്ത് വികസനം കൊണ്ടുവരുമെന്ന്. ശാസ്ത്രവിദഗ്ധർ മുന്നോട്ടുവെക്കുന്ന സുസ്ഥിരവികസന മാതൃകകൾ നമുക്കുമുന്നിലുണ്ട്. അവ പഠിച്ച് നമ്മുടെ പ്രകൃതിക്കും സാഹചര്യങ്ങൾക്കും ഇണങ്ങിയവ സ്വീകരിക്കുന്നത് ആലോചിക്കാവുന്നതാണ്. സുസ്ഥിരവികസനത്തിന്റെ പാതയാണ് സ്വീകരിക്കുന്നതെന്ന് സർക്കാർ പറയുമ്പോഴും വനംവെട്ടാനും കുന്നുകൾ ഇടിക്കാനും കടലോരപ്രദേശങ്ങളിൽ നിർമാണത്തിനും ഖനികൾക്കുമുള്ള അനുമതികൾ നൽകുന്നുണ്ട്. ഇതുരണ്ടും ചേർന്നുപോകുന്നതല്ല. ഇതിലുള്ള ആശങ്കയാണ് എന്നെപ്പോലുള്ളവരെ അലട്ടുന്നത്.

തയ്യാറാക്കിയത്‌: സൗമ്യ ഭൂഷൺ

ഗ്രെറ്റ ത്യുൻബെയ്ക്കൊപ്പം ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രതിഷേധവുമായെത്തിയ 16 വിദ്യാർഥികളിൽ ഒരാളാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ റിദ്ദിമ പാണ്ഡെ. ആഗോളതാപനം തടയാൻ സർക്കാർ നടപടി ആവശ്യപ്പെട്ട് 2017-ൽ കേന്ദ്ര ഹരിതട്രിബ്യൂണലിനെ സമീപിച്ചും ഒമ്പതുവയസ്സിൽ തന്നെ റിദ്ദിമ വാർത്തകളിൽ ഇടംനേടിയിരുന്നു. കേദാർനാഥിൽ 2013-ൽ ഉണ്ടായ പ്രളയമാണ്, പ്രകൃതിയെ കൂടുതലറിയാനും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കാരണമായതെന്ന് പറയുന്ന റിദ്ദിമയ്ക്ക് തന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമറിയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ: ‘വരൂ, എനിക്കൊപ്പം പങ്കുചേരൂ...’

June 05
12:53 2020

Write a Comment

Related News