SEED News

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വേദിയായി കുട്ടികൾ കവിതചൊല്ലി, മരംനട്ടു, ഓൺലൈനായി...

ചെങ്ങന്നൂർ: മണ്ണിലിറങ്ങി കളിച്ച്, മാഞ്ചോട്ടിൽ കവിതചൊല്ലി, സ്‌കൂളിലും വഴിയോരത്തും ഫലവൃക്ഷങ്ങൾ നട്ട് ഒന്നിച്ച്‌ ഭക്ഷണം കഴിക്കുക. കഴിഞ്ഞവർഷംവരെ പേരിശ്ശേരി ഗവ. യു.പി. സ്‌കൂൾ ഹരിതശോഭ സീഡ് ക്ലബ്ബ്‌ പരിസ്ഥിതി ദിനം ആചരിച്ചിരുന്നത് ഇങ്ങനെയായിരുന്നു. കൂട്ടായ്മയുടെ ഭാഗമാകാൻ നാട്ടുകാരും രക്ഷിതാക്കളും എല്ലാം എത്തുമായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ആവേശം ഒട്ടും ചോരാതെ പരിസ്ഥിതിദിനം എങ്ങനെ സംഘടിപ്പിക്കാം എന്ന ചിന്തയാണ് ഓൺലൈൻ ആഘോഷം എന്ന ആശയത്തിലേക്ക് എത്തിയത്.സ്‌കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളും അധ്യാപകരും പി.ടി.എ. ഭാരവാഹികളും ഒക്കെ അടങ്ങിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നേരത്തെ സജീവമാണ്. ഈ ഗ്രൂപ്പുതന്നെ വേദിയാക്കാൻ തീരുമാനിച്ചു. എന്തൊക്കെ ആരൊക്കെ ചെയ്യണമെന്ന് മുൻകൂട്ടി നിശ്ചയിച്ചു. ഓരോരുത്തർക്കും ഓരോ ചുമതല. ഓൺലൈൻ പ്രശ്നോത്തരി, പോസ്റ്റർ തയ്യാറാക്കൽ, തൈ നടുന്ന സെൽഫി പങ്കുവെക്കൽ, പച്ചക്കറി, പൂന്തോട്ട നിർമാണം, കഥ, കവിത ചൊല്ലൽ എന്നിവ നിശ്ചിതസമയങ്ങളിൽ നടത്തി. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബിന്ദു ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ ഇത്തരം പരിപാടിയിൽ ആദ്യമായി പങ്കെടുക്കുന്ന ആവേശം അവർ പങ്കുവെച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ആർ.രാജേഷ് ബാബു അധ്യക്ഷനായി. ബി.പി.ഒ. ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ കീർത്തി പരിസ്ഥിതിദിന സന്ദേശം നൽകി. ബീനാ ദിവാകരൻ, എം.ജി.ജയശ്രീ തുടങ്ങിയവർ പ്രസംഗിച്ചു. സീഡ് കോ-ഓർഡിനേറ്റർ ഇ.അജികുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്‌കൂളിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി. ഓൺലൈൻ ആഘോഷം എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.

June 10
12:53 2020

Write a Comment

Related News