SEED News

മാതൃഭൂമി സീഡ് വിദ്യാർഥികൾക്കായി സംവാദം നടത്തി.

തിരുവനന്തപുരം: വരൾച്ച, മരുഭൂമിവത്കരണം എന്നിവ തടയുന്നതിന്റെ ഭാഗമായി ‘മാതൃഭൂമി സീഡി’ന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ സംവാദം സംഘടിപ്പിച്ചു. ലോക മരുഭൂമിവത്കരണ വിരുദ്ധദിനത്തിന്റെ ഭാഗമായാണ് സംവാദം നടത്തിയത്.

ചെന്നൈ കോർപ്പറേഷൻ റീജണൽ ഡെപ്യൂട്ടി കമ്മിഷണർ ഡോ. ആൽബി ജോൺ വർഗീസ് സംവാദം നയിച്ചു. ചെന്നൈയുടെ പച്ചപ്പിനെ തിരികെക്കൊണ്ടുവരാൻ ശ്രമിക്കുന്നതിലൂടെ ശ്രദ്ധേയനായ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ഡോ. ആൽബി ജോൺ വർഗീസ്. ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളിൽ അര ഏക്കർ വീതം സ്ഥലത്ത് ‘മിയാവാക്കി’ വനങ്ങൾ നിർമിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഇതിനകം ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ആ അനുഭവങ്ങളാണ് അദ്ദേഹം വിദ്യാർഥികളുമായി പങ്കുവച്ചത്.

ഒരു ജില്ലയിൽനിന്ന് രണ്ടുപേർവീതം സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 28 വിദ്യാർഥികൾ സംവാദത്തിൽ പങ്കെടുത്തു. പ്രകൃതിസംരക്ഷണം, ആഗോളതാപനം, മരുവത്കരണം തടയൽ എന്നിവയെക്കുറിച്ചുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഡോ. ആൽബി മറുപടി പറഞ്ഞു. മിയാവാക്കി വനവത്കരണത്തെക്കുറിച്ച് നിരവധി വിദ്യാർഥികൾ ചോദ്യമുന്നയിച്ചു. രണ്ടു മണിക്കൂർ നീണ്ട സംവാദത്തിൽ ഭൂമിയെ സംരക്ഷിക്കുമെന്നും മരുഭൂമിവത്കരണം തടയുമെന്നുമുള്ള പ്രതിജ്ഞയോടെയാണ് വിദ്യാർഥികൾ പിരിഞ്ഞത്.

‘മാതൃഭൂമി’ തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ സംബന്ധിച്ചു.

June 18
12:53 2020

Write a Comment

Related News