SEED News

കുഞ്ഞുകൈകൾ ഒരുക്കിയ വൃക്ഷത്തൈകൾ സീഡ് ഏറ്റെടുത്തു

രാമനാട്ടുകര: നാട് പച്ചപിടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാർഥികളായ സഹോദരങ്ങൾ ഒരുക്കിയ തൈകൾ മാതൃഭൂമി സീഡ് ഏറ്റെടുത്തു. രാമനാട്ടുകര പൊറ്റപ്പടി ദേവരാഗംവീട്ടിൽ ബാബു പട്ടത്താനത്തിന്റെയും റെമിനയുടെയും മക്കളായ പട്ടത്താനം ശ്രീദേവും ശ്രീയയും ചേർന്ന്‌ വികസിപ്പിച്ച ഇരുനൂറിലധികം വൃക്ഷത്തൈകളാണ് മാതൃഭൂമി സീഡ് ഏറ്റെടുത്തത്. വിത്തുനട്ട് മുളപ്പിച്ചും പറമ്പിലെ വൃക്ഷങ്ങൾക്കുതാഴെ സ്വാഭാവികമായി മുളച്ചവയിൽ ആരോഗ്യമുള്ളവ തിരഞ്ഞെടുത്ത് പരിപാലിച്ചുമാണ് തൈകളൊരുക്കിയത്.ചാണകവും ചകിരിച്ചോറും മണ്ണുംചേർത്ത് നിറച്ച കവറുകളിലാക്കിയാണ് വിതരണംചെയ്യുന്നത്. മാവ്, പ്ലാവ്, പറങ്കിമാവ്, മഹാഗണി എന്നിവയാണ് വൃക്ഷയിനങ്ങൾ. വെനെറിനി ഇഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് ശ്രീദേവ്. അതേ സ്കൂളിലെ മൂന്നാം ക്ലാസിലാണ് സഹേദരി ശ്രീയ. ഏറ്റെടുത്ത തൈകൾ ആവശ്യക്കാരിലെത്തിക്കാനായി രാമനാട്ടുകര റെസിഡന്റ്സ് അസോസിയേഷൻ ഏകോപന സമിതിക്ക് കൈമാറി. സമിതി പ്രസിഡന്റ് പറമ്പൻ ബഷീർ, സെക്രട്ടറി കെ.സി. രവീന്ദ്രൻ, സമന്വയം റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഗോപിനാഥൻ എന്നിവർ തൈകൾ വിതരണത്തിനായി ഏറ്റെടുത്തു.

August 19
12:53 2020

Write a Comment

Related News