SEED News

അധ്യാപകദിനം

അധ്യാപകദിനത്തിൽ ‘മാതൃഭൂമി’ സീഡിനൊപ്പം ചേർന്ന് അധ്യാപകരുമായി സംവദിച്ച് എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്‌കൂൾ അധ്യാപകരുമായാണ് മധുപാൽ രണ്ടുമണിക്കൂറോളം സംവദിച്ചത്. വിവിധ ജില്ലകളിൽനിന്നുള്ള മികച്ച സീഡ് കോ-ഓർഡിനേറ്റർമാരായ നാൽപതോളം അധ്യാപകരാണ് ഓൺലൈൻ സംവാദത്തിൽ പങ്കെടുത്തത്.

ലോക്‌ഡൗൺ കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾമുതൽ മികച്ച അധ്യാപന രീതികൾവരെ ചർച്ചയായി. തികഞ്ഞ സത്യസന്ധതയോടുകൂടിയേ കുട്ടികളുമായി ഇടപെടാവൂ എന്ന് മധുപാൽ പറഞ്ഞു. പുതിയ കാര്യങ്ങളിൽ നമ്മളെക്കാൾ ഗ്രാഹ്യമുള്ളവരാണ് കുട്ടികൾ. കാലം മാറുമ്പോൾ കാഴ്ചകളും രീതികളും മാറുന്നു. എന്നാൽ, ഈ അടച്ചിടൽ കാലത്ത് പലതും നഷ്ടപ്പെടുന്നുവെന്നു വേവലാതിപ്പെടരുത്. കാരണം ഇത് താത്‌കാലികമാണ്. നമ്മുടെ ആഘോഷങ്ങളും കൂടിച്ചേരലുകളും ഒന്നും നഷ്ടപ്പെട്ടുപോകില്ലെന്നും മടങ്ങിയെത്തുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം -ചോദ്യത്തിനു മറുപടിയായി മധുപാൽ പറഞ്ഞു.

തന്റെ അച്ഛനാണ് തനിക്ക് എല്ലാകാലത്തും ഗുരുവെന്ന് മധുപാൽ പറഞ്ഞു. ഇന്നത്തെക്കാലത്ത് അവസരങ്ങൾ ഏറെയാണ്. അതിൽനിന്ന് ഏത് തിരഞ്ഞെടുക്കണമെന്ന് പറഞ്ഞുകൊടുക്കാൻ അധ്യാപകനാവും. കുട്ടികളുമായി നന്നായി ഇടപഴകുന്ന അധ്യാപകരെയും പുതുലമുറയെയും സൃഷ്ടിച്ച് ‘മാതൃഭൂമി സീഡ്’ ആ വാക്ക് പരിപൂർണതയിലെത്തിക്കണം. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന, അധ്യാപക ജീവിതത്തെ മുൻനിർത്തിയുള്ള പുതിയ സിനിമയുടെ പണിപ്പുരയിലാണ് താനെന്നും മധുപാൽ പറഞ്ഞു.

ഫെഡറൽബാങ്ക് തിരുവനന്തപുരം റീജണൽ ഹെഡ് ആർ.എസ്. സാബു ആമുഖപ്രഭാഷണം നടത്തി. മാതൃഭൂമി യൂണിറ്റ് മാനേജർ അഞ്ജലി രാജൻ, മാതൃഭൂമി ടെലിവിഷൻ ടെക്‌നിക്കൽ മാനേജർ ആർ. ബിജുമോഹൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് എഫ്.എം. ആർ.ജെ. ആമി മോഡറേറ്ററായി.

September 07
12:53 2020

Write a Comment

Related News