SEED News

ഓർമകളിലെ ഓണക്കാലം പങ്കിട്ട് കാരശ്ശേരി മാഷും 'സീഡ്'കുട്ടികളും



കോട്ടയം: ഓണത്തിന്റെ ഓർമക്കാഴ്ചകൾ കേട്ടും അത്ഭുതം കൂറിയും അവർ കംപ്യൂട്ടർ സ്ക്രീനിന് മുൻപിലിരുന്നു. അങ്ങേത്തലയ്ക്കൽ എം.എൻ.കാരശ്ശേരി മാഷിന്റെ ഓർമകളാകുമ്പോൾ മാറ്റേറെയാണ്. വീട്ടിലെ മുതിർന്ന കാരണവർ പേരക്കുട്ടികളെ മടിയിലിരുത്തി കഥ പറയും പോലെ മാഷ് ഓണത്തിന്റെ ഓർമ്മച്ചിത്രം വാക്കുകൾ കൊണ്ട് വരച്ചിട്ടു. മാതൃഭൂമി സീഡ്  'ഓർമകളിലെ ഓണം' എന്ന വിഷയത്തിൽ നടത്തിയ വെബിനാറായിരുന്നു രംഗം. 

ചിങ്ങത്തിന് മുൻപ് 'പഞ്ഞമാസ'മെന്ന പേരിലെത്തുന്ന കർക്കടകവും ഓണത്തിനു മാത്രം കിട്ടുന്ന പാൽപ്പായസവും അടപ്രഥമനും തേടി കൂട്ടുകാർക്കാെപ്പമുള്ള യാത്രയുമൊക്കെ വർണിച്ചാണ് അദ്ദേഹം കൂട്ടിക്കാലത്തെ ഓർമ മധുരം വിളമ്പിയത്. പ്രകൃതിയും മനുഷ്യനും ചേർന്നു നടത്തുന്ന ആഘോഷമാണ് ഓണമെന്നും നാം കൃഷിയിലേക്ക് തിരിയണമെന്നതാണ് ഓണസന്ദേശമായി നൽകാനുള്ളതെന്നും അദ്ദേഹം കുട്ടികളോടു പറഞ്ഞു.
പാട്ടിനേയും പുലരിയേയും പൂക്കളേയും പ്രപഞ്ചവസ്തുക്കളെയെല്ലാം തന്നെ ഓണത്തോടു ചേർത്തുവെയ്ക്കുന്ന ആഘോഷ ദിനങ്ങളെക്കുറിച്ചുള്ള ഓർമകളായിരുന്നു മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ പി.കെ.ജയചന്ദ്രൻ പങ്കുവെച്ചത്. മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ് നന്ദി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള സീഡ് വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു.
 

September 11
12:53 2020

Write a Comment

Related News