environmental News

വംശമറ്റെന്ന് കരുതിയ മരത്തവളയെ മലയാളി ഗവേഷകന്‍ കണ്ടെത്തി

വാഷിങ്ടണ്‍: വംശമറ്റതായി കരുതിയ അപൂര്‍വ മരത്തവളയെ 137 വര്‍ഷത്തിന് ശേഷം കണ്ടെത്തി. പ്രമുഖ ഉഭയജീവി ഗവേഷകനും മലയാളിയുമായ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ വനമേഖലയില്‍ നിന്ന് തവളയെ വീണ്ടും കണ്ടെത്തിയത്. 
മരങ്ങളില്‍ ആറുമീറ്റര്‍ വരെ ഉയരത്തിലുള്ള മരപ്പൊത്തുകളിലാണ് ഈ മരത്തവളകള്‍പാര്‍ക്കുന്നത്. അതുകൊണ്ടു തന്നെ അവയെ കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണ്. വെള്ളം നിറഞ്ഞ മരപ്പൊത്തുകളില്‍ മുട്ടയിട്ട് വാല്‍മാക്രികളെ വിരിയിക്കുകയാണ് ഇവ ചെയ്യുന്നത്. മുട്ടയിടാന്‍ പോലും തറയിലിറങ്ങാറില്ല.
ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞന്‍ തോമസ് സി. ജെര്‍ദന്‍ 1870-ലാണ് 'പോളിപിഡേറ്റ്‌സ് ജെര്‍ദോനി'യെന്ന മരത്തവളയുടെ രണ്ടു സ്‌പെസിമിന്‍ ഡാര്‍ജിലിങ്ങിലെ വനത്തില്‍നിന്ന് ശേഖരിച്ചത്. ആ സ്‌പെസിമിനുകള്‍ ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. 
മരത്തവളയെ 2007-2008 കാലത്താണ് ഡോ. ബിജുവും സംഘവും വീണ്ടും കണ്ടെത്തിയത്ത്. തവള മുട്ടയിടുകയും വാല്‍മാക്രികളുണ്ടാവുകയും ചെയ്യുന്ന ജീവിതചക്രവും ഗവേഷകര്‍ പഠനവിധേയമാക്കി.
മരത്തവളയുടെ ജനിതകഘടന പഠനവിധേയമാക്കിയപ്പോള്‍, അത് നേരത്തേ ഉള്‍പ്പെടുത്തിയതിലല്ല പുതിയ ജനുസ്സിലാണ് പെടുന്നതെന്ന് മനസ്സിലായി. അതിനാല്‍, അതിന്റെ ശാസ്ത്രീയനാമം 'ഫ്രാങ്കിക്‌സലസ് ജെര്‍ദോനി' എന്ന് മാറ്റി. തന്റെ ഉപദേശകനായിരുന്ന ബ്രസല്‍സില്‍ വ്രിജി സര്‍വകലാശാലയിലെ ഗവേഷകന്‍ ഫ്രാങ്കി ബൊസ്യൂറ്റിന്റെ പേരാണ് പുതിയ ജനുസ്സിന് നല്‍കിയിട്ടുള്ളത്.
തിരുവനന്തപുരം സ്വദേശിയും ഡല്‍ഹി സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. ബിജു ഒട്ടേറെ തവളയിനങ്ങളെയും ഉഭയജീവി വര്‍ഗങ്ങളെയും പരിചയപ്പെടുത്തിയ ലോകപ്രശസ്ത ഗവേഷകനാണ്. 'ഇന്ത്യയുടെ തവളമനുഷ്യന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ബിജു ഇതിനകം 89 തവളയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

January 22
12:53 2016

Write a Comment