വെള്ളമില്ലാത്ത നയാഗ്രാ വെള്ളച്ചാട്ടം
നയാഗ്രാ വെള്ളച്ചാട്ടം എന്ന് കേൾക്കാത്തവരായി ആരും ഉണ്ടാവില്ല. അമേരിക്കയുടെയും കാനഡയുടെയും അതിർത്തി പ്രദേശങ്ങളിലെ മൂന്നു വെള്ളച്ചാട്ടങ്ങൾ അടങ്ങുന്നതാണ് നയാഗ്രാ വെള്ളച്ചാട്ടം. ലോകത്തെ എല്ലാ പ്രകൃതി സ്നേഹികളും ഒരു വട്ടമെങ്കിലും കാണാനാഗ്രഹിക്കുന്ന ഈ വെള്ളച്ചാട്ടത്തിൽ വെള്ളം ഇല്ലെങ്കിലോ. പേടിക്കണ്ട നമ്മുടെ നാട്ടിലെപ്പോലെ മണൽ വാരൽ ഒന്നും കൊണ്ട് നശിക്കുന്നത് മൂലമല്ല നയാഗ്രയിൽ വെള്ളം ഇല്ലാതായി പോവുന്നത്. മറിച് ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ നയാഗ്രയുടെ സൗന്ദര്യ വൽകരണത്തിന്റെ ഭാഗമായാണ്ന്യൂയോർക്ക് സ്റ്റേറ്റ് പാർക്ക് അധികൃതർ ഈ തീരുമാനം എടുത്തിരിക്കുന്നത്. അമേരിക്കൻ നയാഗ്ര വെള്ളച്ചട്ടത്തിന്റെ ഭാഗമായ 115 വർഷം പഴക്കമുള്ള രണ്ടു കൽപാലങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഇത്തരത്തിൽ വെള്ളം വഴിമാറ്റി ഒഴുക്കുക. 2004 ൽ അപകടത്തി ൽ ആയതോടെ അടച്ചിട്ട കല്പാലങ്ങൾക്ക് പകരം ഇരുമ്പ് പാലങ്ങൾ നിർമിച്ചു എങ്കിലും ഇത് നയാഗ്രയുടെ സ്വാഭാവിക പ്രകൃതി സൌന്ദര്യത്തിനു ചേർന്നതല്ല എന്ന ബഹുജന അഭിപ്രായമാണ് ഈ തീരുമാനത്തിന് പിന്നിൽ. താല്കാലികമായി തയ്യാറാക്കുന്ന ഡാം ഉപയോഗിച്ച് കാനഡയുടെ ഭാഗമായ ഹോർസ്ഷൂ വെള്ളച്ചാട്ടത്തിലേക്ക് വെള്ളം തിരിച്ചു വിട്ടാകും നയാഗ്രയിലെ വെള്ളം വറ്റിക്കുക. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള അഞ്ച് മാസക്കാലം ആയിരിക്കും അറ്റകുറ്റ പണികൾ നടക്കുക. കേട്ടാൽ അവിശ്വസനീയമായി തോന്നാമെങ്കിലും ഇതാദ്യമല്ല നയാഗ്രയിലെ വെള്ളം വറ്റിക്കുന്നത് 1969 ൽ സമാനമായ രീതിയിൽ നയാഗ്രയെ വറ്റിച്ചിട്ടുണ്ട്. പാൽ നുര നിറയുന്ന വെള്ളച്ചാട്ടത്തിന്റെ സ്ഥാനത് ഇനി നദിയുടെ ഒഴുക്ക് ബാക്കിയാക്കിയ അടിത്തട്ടും സഞാരികളെ ആകർഷിക്കും എന്നാണ് പാർക്ക് അധികൃതരുടെ പ്രതീക്ഷ.
അന്നു എസ്
ചിത്രം: വിക്കിപീഡിയ