environmental News

സിക വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ഹൈദരാബാദ്: ലോകത്തെ ഭീതിയിലാലാഴ്ത്തുന്ന സിക വൈറസിനെതിരെ വാക്‌സിന്‍ കണ്ടുപിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ആണ് സിക വാക്‌സിന്‍ കണ്ടുപിടിച്ചതായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

സിക വാക്‌സിന്‍ കണ്ടുപിടിക്കുന്ന ആദ്യ കമ്പനി തങ്ങളുടേതായിരിക്കാനാണ് സാധ്യതയെന്ന് ഭാരത് ബയോടെക് ചെയര്‍മാന്‍ ഡോക്ടര്‍ കൃഷ്ണ എല്ല പറയുന്നു. സിക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. 

സിക വാക്‌സിനുകള്‍ പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്.

വാക്‌സിനുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷമാകും പേറ്റന്റ് നല്‍കുന്നതിനെ കുറിച്ച് തീരുമാനമുണ്ടാവുകയെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. വാക്‌സിനുകള്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാന്‍ വലിയ ചുവടുവെപ്പാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭസ്ഥശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന വൈറസാണ് സിക. സിക ബാധിച്ച് ബ്രസീലില്‍ 2500ഓളം കുട്ടികള്‍ തലയോട്ടി ചുരുങ്ങി ജനിച്ചിരുന്നു. ഈ വൈറസ് അതിവേഗം പകരുന്നതിനാല്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

വാര്‍ത്ത : മാതൃഭൂമി
ചിത്രം :  സിന്തിയ ഗോള്‍ഡ്‌സ്മിത്ത് , വിക്കിപ്പീഡിയ

February 03
12:53 2016

Write a Comment