environmental News

അധികമായാല്‍ ശബ്ദവും കുഴപ്പമാണ്

വളരെ ഉയര്‍ന്ന ശബ്ദം കേള്‍ക്കുകയോ ഉയര്‍ന്ന ശബ്ദം വളരെനേരം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ആന്തരകര്‍ണ്ണത്തിലെ ചില സെല്ലുകള്‍ നശിച്ചുപോകുന്നതായി കണ്ടിട്ടുണ്ട്. ഈ സെല്ലുകള്‍ പിന്നീട് ഉണ്ടാകുന്നില്ല. അതിനാല്‍ കേള്‍വിശക്തി ക്രമേണ കുറഞ്ഞുവരും

നാമെല്ലാം സിനിമാശാലയില്‍ പേകപന്നവരല്ലേ? എത്ര ഉറക്കെയാണ് അവിടെ ശബ്ദം കേള്‍പ്പിക്കുന്നത്! ശബ്ദത്തിന്റെ ആധിക്യംമൂലം ചിലരെങ്കിലും ചെവി പൊത്തിയിരിക്കുന്നതു കണ്ടിട്ടുണ്ട്. അടുത്തകാലത്ത് ഒരു സിനിമാശാലയില്‍ ശബ്ദമലിനീകരണത്തിനെതിരായ ഒരു പരസ്യം കാണാനിടയായി. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച ആ പരസ്യം കഴിഞ്ഞു സിനിമ തുടങ്ങിയപ്പോള്‍ ശബ്ദം അസഹ്യമായിരുന്നു. 

സിനിമയിലെ സംഭാഷണങ്ങള്‍ ഇത്രയും ഉറക്കെ കേള്‍പ്പിക്കേണ്ട കാര്യമുണ്ടോ? സിനിമാശാലയ്ക്കുള്ളിലിരിക്കുന്നവര്‍ കേട്ടാല്‍പ്പോരേ? അവരുടെ ചെവിയിലേക്ക് ശബ്ദം അടിച്ചുകയറ്റേണ്ട കാര്യമില്ലല്ലോ? നമ്മളെല്ലാവരും ടെലഫോണിലൂടെയും സംസാരിക്കാറുണ്ട്. അപ്പോഴൊന്നും ഇത്ര ഉച്ചത്തിലല്ലല്ലോ കേള്‍ക്കുന്നത്? അത്രയും കുറഞ്ഞ ശബ്ദവും നമുക്കു കേള്‍ക്കാനും സംഭാഷണം തിരിച്ചറിയാനും കഴിയും എന്നതു സത്യമല്ലേ? പിന്നെയെന്തിന് സിനിമാശാലകളിലും സംഗീതപരിപാടികളിലുമെല്ലാം ഇത്ര ഉച്ചത്തില്‍ കേള്‍പ്പിക്കണം?

വളരെ ഉച്ചത്തിലുള്ള ശബ്ദം പൊതുവെ ഒരു ശല്യമാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ വളരെ ഉച്ചത്തിലുള്ള ശബ്ദമില്ലെങ്കില്‍ എന്തോ കുറവുള്ളതുപോലെ ചിലര്‍ക്കെങ്കിലും തോന്നുന്നു, അല്ലേ? 

ഇത് വെറും ശല്യം മാത്രമല്ല മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്രയും ശബ്ദകോലാഹലം പരിസരത്തില്ലാതിരുന്ന കാലത്ത് ജീവിച്ചിരുന്നവരെ അപേക്ഷിച്ച് ഇന്നുള്ളവരുടെ കേള്‍വിശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

ആരോഗ്യത്തെ എങ്ങിനെയാണ് ശബ്ദശല്യം ബാധിക്കുകയെന്നും, അത്ര വലിയ ശബ്ദമാണോ നമുക്ക് അനുഭവപ്പെടാറുള്ളത് എന്നും ഒന്ന് പരിശോധിക്കാം.

ആദ്യമായി, നാമെങ്ങിനെയാണ് ശബ്ദം കേള്‍ക്കുന്നതു് എന്നുനോക്കാം. വായുവിന്റെ മര്‍ദ്ദം കൂടിയും കുറഞ്ഞും ഉണ്ടാകുന്ന തരംഗങ്ങളാണ് ശബ്ദമായി  നമുക്ക് അനുഭവപ്പെടുന്നത്. ബാഹ്യകര്‍ണ്ണം ( external ear ) എന്നു പേരിട്ടിരിക്കുന്ന ഭാഗമാണ് വെളിയില്‍നിന്നുള്ള ശബ്ദത്തെ സ്വീകരിച്ച് ശരീരത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത്. 

നാം ചെവിക്കല്ല് എന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ tympanic membrane എന്നും വിളിക്കുന്ന ചര്‍മ്മത്തിലാണ് ശബ്ദം എത്തിച്ചേരുന്നത്. ആ ചര്‍മ്മം ശബ്ദത്തിനൊത്ത് ചലിക്കുകയും അതിനോടു തൊട്ടിരിക്കുന്ന മൂന്നു കുഞ്ഞ് എല്ലിന്‍കഷണങ്ങള്‍ ആ ചലനത്തെ കൊക്ക്ലിയ ( cochlea ) എന്നു പേരുള്ള ആന്തരികകര്‍ണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒച്ചിന്റെ രൂപമുള്ള ഒരു ചെറിയ ഭാഗമാണ് ഇത്. ഒരുതരം ദ്രാവകം നിറച്ച, വര്‍ത്തുളാകൃതിയിലുള്ള (spiral)  ഒരു കുഴലാണ് ഇതിന്റെ പ്രധാനഭാഗം. 

കൊക്ക്ലിയയ്ക്കുള്ളിലുള്ള ഒരു ഭാഗമാണ് ഓര്‍ഗന്‍ ഒഫ് കോര്‍ടി (organ of Corti) എന്നു വിളിക്കുന്നത്. ഇതിനുള്ളില്‍ കാണപ്പെടുന്ന ചെറിയ രോമംപോലുള്ള കോശങ്ങളാണ് ശബ്ദത്തെ വൈദ്യുതതരംഗങ്ങളാക്കി നമ്മുടെ നാഡീവ്യൂഹത്തിലേക്കു് എത്തിക്കുന്നത്. അവിടെനിന്ന് വൈദ്യുതസ്പന്ദനങ്ങള്‍ തലച്ചോറില്‍ എത്തുമ്പോഴാണ് നാം ശബ്ദം 'കേള്‍ക്കുന്നത്'. 

ഇതിന്റെ ശാസ്ത്രീയവശങ്ങള്‍ പ്രതിപാദിക്കുന്ന ഒരു അഭിമുഖം കൈരളി ടിവിയില്‍ കാണിച്ചത് യൂട്യൂബില്‍ ഇവിടെ ലഭ്യമാണ്: https://www.youtube.com/watch?v=X-kjO4JbU3M. അതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഓണററി സെക്രട്ടറിയായ ഡോ. രാജീവ് ജയദേവന്‍ സംസാരിക്കുന്നതു കേള്‍ക്കാം. നാം കേള്‍ക്കുന്നതെങ്ങിനെ എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ചാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. കാഴ്ചയുടെ പ്രക്രിയയുമായി താരതമ്യംചെയ്താണ് അദ്ദേഹം കേള്‍വിയേപ്പറ്റി സംസാരിക്കുന്നത്. ഐഎംഎ നടത്തിയ പഠനത്തേക്കുറിച്ചും അവരുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണത്തിലൂടെ എറണാകുളം നഗരത്തില്‍ ശബ്ദം കുറയ്ക്കാന്‍ കഴിഞ്ഞതിനേപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു.

അതിശക്തമായ പ്രകാശം കണ്ണിലടിച്ചാല്‍ നാം അറിയാതെതന്നെ കണ്ണുചിമ്മി കണ്ണിനു ക്ഷതമേല്ക്കാതെ രക്ഷിക്കുന്നു. എന്നാല്‍ ചെവി നമുക്ക് അടയ്ക്കാനാകുന്നില്ല. അതുകൊണ്ട് പലപ്പോഴും ശ്രവണേന്ദ്രിയത്തിന് താങ്ങാനാവാത്ത ശബ്ദം സഹിക്കേണ്ടി വരികയും അത് ഒഴിവാക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. 

നമുക്ക് ആവശ്യമില്ലാത്ത (ശല്യമാകുന്ന) ശബ്ദത്തെയാണ് 'ശബ്ദമലിനീകരണം' എന്നു വിളിക്കുന്നത്. ഇത് എങ്ങിനെയെല്ലാമുണ്ടാകുന്നു എന്നു പരിശോധിക്കാം.

ആദ്യമായി വീട്ടില്‍നിന്നുതന്നെ തുടങ്ങാം. പഠിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ അതുപോലെ ശ്രദ്ധയോടെ എന്തെങ്കിലും ചെയ്യുന്ന വ്യക്തിക്ക് ടെലിവിഷനില്‍നിന്നു വരുന്ന ശബ്ദം മലിനീകരണമാണ് അഥവാ ശല്യമാണ്. ടെലിവിഷന്‍ കൂടാതെ, വീട്ടില്‍ ശബ്ദമലിനീകരണത്തിന് കാരണമാകുന്ന യന്ത്രങ്ങളാണ് മിക്‌സറുകള്‍, വാഷിങ്ങ് മെഷീന്‍, ടെലഫോണ്‍ തുടങ്ങിയവ. ഇക്കാലത്ത് ഇവ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ടെലിവിഷന്‍ ശബ്ദം കുറച്ചുവയ്ക്കുക പ്രയാസമില്ലല്ലോ.

വീട്ടിനു പുറത്തിറങ്ങിയാല്‍, നഗരങ്ങളിലാണെങ്കില്‍ വിശേഷിച്ചും വാഹനങ്ങളുടെ ശബ്ദമായിരിക്കും ഏറ്റവും മുന്തി നില്‍ക്കുന്നത്. യന്ത്രത്തിന്റെ ശബ്ദവും ടയര്‍ റോഡില്‍ ഉരയുന്നതിന്റെ ശബ്ദവും വാഹനമോടുമ്പോള്‍ ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് വാഹനങ്ങളില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ ശബ്ദം ഹോണിന്റേതാണ്. അതു് ആവശ്യത്തിനും വെറുതേയും ഉപയോഗിക്കുക എന്നത് ശീലമായിരിക്കുന്നു. പലപ്പോഴും ആവശ്യമില്ലാതെ ഹോണടിക്കാനായി ഡ്രൈവിങ് അദ്ധ്യാപകര്‍തന്നെ പ്രേരിപ്പിക്കാറുണ്ട്.

ഇനി ജോലിസ്ഥലത്താണെങ്കില്‍ അവിടെയും യന്ത്രങ്ങളുടെയും മനുഷ്യരുടെയും സൈറന്‍, സ്പീക്കറുകളിലൂടെയുള്ള അറിയിപ്പുകള്‍, തുടങ്ങി പലതും ശബ്ദമലിനീകരണത്തിലേക്കു സംഭാവനചെയ്യുന്നു. ഇങ്ങനെ ഉയര്‍ന്ന ശബ്ദസാന്ദ്രതയുള്ള പരിസ്ഥിതിയിലാണ് നാമിന്നു ജീവിക്കുന്നത്. 

ഇതിനും പുറമെയാണ് എന്തെങ്കിലും സമ്മേളനമോ സംഗീതപരിപാടിയോ ഒക്കെ നടത്തുന്നതിന്റെ ഭാഗമായി സ്പീക്കറുകളിലൂടെ ഉച്ചത്തില്‍ എല്ലാവരെയും പാട്ടു കേള്‍പ്പിക്കുന്നത്. മാത്രമല്ല, പല ആരാധനാലയങ്ങളിലും വെളുപ്പാന്‍കാലത്തു മുതല്‍ സ്പീക്കറിലൂടെ ഗാനപ്രക്ഷേപണം തുടങ്ങുകയായി. ചുറ്റുപാടും ജീവിക്കുന്നവരെ ശല്യപ്പെടുത്തുന്ന ഈ പതിവിനു പണം നല്‍കുന്നതും ചുറ്റിലും ജീവിക്കുന്നവര്‍തന്നെയാണ് എന്നതാണ് ഇതിലെ വിരോധാഭാസം.

ശബ്ദമലിനീകരണം എന്തെല്ലാം ദോഷം ചെയ്യുന്നു എന്നു നോക്കാം. 

നാം ചെയ്യുന്ന പ്രവൃത്തിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നതാണ് ആദ്യത്തെ പ്രശ്‌നം. ടെലിവിഷനോ മറ്റെന്തെങ്കിലുമോ ഉറക്കെ ശബ്ദമുണ്ടാക്കുന്ന ഇടത്ത് ഇരുന്നുകൊണ്ട് കുട്ടികളോട് നന്നായി പഠിക്കാന്‍ പറയുന്നതിലെ മണ്ടത്തരമൊന്ന് ആലോചിച്ചുനോക്കൂ. കുട്ടിയുടെ ശ്രദ്ധ ടെലിവിഷനില്‍ എന്തു നടക്കുന്നു എന്നതിലായിരിക്കും എന്നുതന്നെയല്ല, ആ ശബ്ദംതന്നെ കുട്ടിയുടെ ശ്രദ്ധ പഠിത്തത്തില്‍നിന്നു മാറ്റും. 

ഇത്രയും മാത്രമാണെങ്കില്‍പ്പോലും ഈ ശബ്ദമലിനീകരണം നമുക്കു വേണ്ടാത്ത ഒന്നാണെന്നതിനു സംശയമുണ്ടാവില്ല. അതിനു പുറമെ, വളരെ ഉയര്‍ന്ന ശബ്ദം കേള്‍ക്കുകയോ ഉയര്‍ന്ന ശബ്ദം വളരെനേരം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ആന്തരകര്‍ണ്ണത്തിലെ ചില സെല്ലുകള്‍ നശിച്ചുപോകുന്നതായി കണ്ടിട്ടുണ്ട്. ഈ സെല്ലുകള്‍ പിന്നീട് ഉണ്ടാകുന്നില്ല. അതിനാല്‍ കേള്‍വിശക്തി ക്രമേണ കുറഞ്ഞുവരും. 

ശബ്ദമലിനീകരണത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഇഎന്‍ടി ഡോക്ടറന്മാരുടെ അസോസിയേഷന്‍ ഭാരവാഹിയായ ഡോക്ടര്‍ ജോണ്‍ പണിക്കര്‍ പറയുന്നു: 'മുമ്പൊക്കെ 75 വയസ്സു കഴിഞ്ഞവര്‍ കേള്‍വി പ്രശ്‌നവുമായി വരാറുണ്ടായിരുന്നെു. ഇപ്പോള്‍ 45 വയസ്സു കഴിഞ്ഞവര്‍ പോലും കേള്‍വിക്കു പ്രശ്‌നവുമായി വരുന്നു...വാഹനങ്ങളുടെ ഹോണ്‍ നിയന്ത്രിക്കുന്നതിനും ഉച്ചഭാഷിണികളുടെ ഉപയോഗത്തിനും നിയമപരമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും കര്‍ശനമായി നടപ്പിലാക്കുന്നില്ല'. 

മേല്പറഞ്ഞ ശബ്ദകോലാഹലമൊന്നും പോരാഞ്ഞിട്ടെന്ന വണ്ണം നമ്മുടെ യുവാക്കളില്‍ പലരും എപ്പോഴും ഇയര്‍ഫോണും ചെവിയില്‍ തിരുകി വളരെ ഉച്ചത്തില്‍ സംഗീതവും കേട്ടുകൊണ്ടാണ് നടക്കുന്നത്. പരിസരത്തു നടക്കുന്നതൊന്നും അവരറിയുന്നില്ലെന്നു മാത്രമല്ല പ്രായമാകുന്നതിനു മുമ്പുതന്നെ കേള്‍വി തകരാറിലാക്കാനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. 

ശ്രദ്ധതിരിക്കുക മാത്രമല്ല ശബ്ദമലിനീകരണം ചെയ്യുന്നത്. ഉയര്‍ന്ന തോതില്‍ ശബ്ദമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരുടെ രക്തസമ്മര്‍ദ്ദവും ഉയര്‍ന്നതായിരിക്കുമെന്ന് പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. 

ജര്‍മ്മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത് നാം തീരെ അവഗണിക്കാന്‍ പാടില്ലാത്ത കാര്യമാണ്: രക്തക്കുഴലുകള്‍ കട്ടിപിടിക്കുന്ന അതേറോസ്‌ക്ക്‌ലീറോസിസ് (atherosclerosis) എന്ന അവസ്ഥ ഉയര്‍ന്ന ശബ്ദമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരില്‍ കൂടുതലായി കാണുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനവും മറ്റും ഉണ്ടാവാനുള്ള ഒരു കാരണം ഇതാണ്. അതായത് ഉയര്‍ന്ന ശബ്ദം കേട്ടുകൊണ്ടിരിക്കുന്നത് മരണത്തിലേക്കോ വളരെ ഗൗരവമായ രോഗാവസ്ഥയിലേക്കോ നയിക്കാം എന്നര്‍ത്ഥം.

ഭൂപ്രദേശത്തിന്റെ ഉപയോഗമനുസരിച്ച് ശബ്ദമലിനീകരണത്തിന്റെ ആവശ്യത്തിനായി നാലായി തിരിക്കാറുണ്ട്: വ്യാവസായികമേഖല (indistrial zone), വാണിജ്യമേഖല (commercial zone), ജനവാസമേഖല (residential zone), നിശ്ശബ്ദമേഖല (silent zone) എന്നിങ്ങനെ. ഇവയില്‍ അവസാനത്തേത് റോഡരുകിലെ ചില ബോര്‍ഡുകളില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്നത് എല്ലാവരും കണ്ടിരിക്കും. 

ആസ്പത്രി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയ സ്ഥാപനങ്ങളുള്ള ഇടങ്ങളെയാണ് നിശ്ശബ്ദമേഖലയായി അടയാളപ്പെടുത്തിയിട്ടുള്ളതു്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഹോണടിക്കരുത് എന്നാണു് നിയമം. പക്ഷെ നമ്മളില്‍ എത്രപേര്‍ അത് അനുസരിക്കാറുണ്ട്?

ഇന്ത്യയില്‍പ്പോലും ശബ്ദമലിനീകരണനിയന്ത്രണ നിയമമുണ്ട്. ഈ നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ മേല്പറഞ്ഞ നാലു മേഖലകളായി സര്‍ക്കാര്‍ വിഭജിക്കണമെന്നും നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന പരിധിക്കുള്ളിലാവണം ഓരോ മേഖലയിലെയും ശബ്ദമെന്ന് ഉറപ്പു വരുത്തണമെന്നും നിയമത്തില്‍ പറയുന്നു. പകലും രാത്രിയിലും പരമാവധി എത്ര ശബ്ദമുണ്ടാവാം എന്ന് നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. 2000 ഫിബ്രവരി 14ന് ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണിത്. 

എന്നാല്‍ ഈ മേഖലകള്‍ അടയാളപ്പെടുത്തുകയും ശബ്ദം നിയന്ത്രിക്കുകയും ചെയ്യേണ്ടത് നിയമമനുസരിച്ച് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്. കേരളസര്‍ക്കാര്‍ എന്തായാലും ഇതു ചെയ്തിട്ടുള്ളതായി അറിവില്ല. 

കൂടാതെ രാത്രികാലങ്ങളില്‍ സമ്മേളനങ്ങളോ മറ്റു പരിപാടികളോ നടത്തുമ്പോള്‍ അതു നടത്തുന്ന സ്ഥലത്തു (ഹാളിലോ ആഡിറ്റോറിയത്തിലോ) മാത്രം ഒതുങ്ങിനില്‍ക്കുന്ന വിധത്തില്‍ വേണം ഉച്ചഭാഷിണികളും മറ്റും സ്ഥാപിക്കാന്‍ എന്നും നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. 

ഈ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനും അവര്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്ന ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, പൊലീസ് കമ്മീഷണര്‍, തുടങ്ങിയവര്‍ക്കുമാണ്. നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടിയ ശബ്ദം ഉണ്ടാകുന്ന പക്ഷം ഇവരോട് പരാതിപ്പെടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

കേരളത്തില്‍ മിക്കയിടത്തും ശബ്ദമലിനീകരണത്തിനു കാരണമാകുന്നത് വലിയ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉച്ചഭാഷിണികളാണ്. ചില ആരാധനാലയങ്ങളില്‍ വെളുപ്പിന് നാലര മണിക്കു മുതല്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതു കേള്‍ക്കാം. ഇത് നിയമവിരുദ്ധമാണ്. ആരാധനാലയമായതിനാല്‍ ജനങ്ങള്‍ പരാതിപ്പെടാനും മടിക്കുന്നു. 

രോഗികള്‍, വയോധികര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി അനേകം മനുഷ്യര്‍ക്ക് ബുദ്ധിമുട്ടും മേല്‍പ്പറഞ്ഞതുപോലെ അവരുടെ ആരോഗ്യത്തിനു ഹാനിയും ഉണ്ടാക്കുന്ന ഇത്തരം പതിവുകള്‍ ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചുകൂടെ? 

(തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി'ല്‍നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകനായ ഡോ.വി. ശശികുമാര്‍)

ചിത്രം വിക്കിപ്പീഡിയ
വാര്‍ത്ത : മാതൃഭൂമി

February 06
12:53 2016

Write a Comment