environmental News

വെണ്‍പകം എന്ന പക്ഷിയെ ആദ്യമായി യു.എ.ഇ.യില്‍ കണ്ടെത്തി

ദുബായ്: യൂറോപ്പിലും വടക്കെ അമേരിക്കയിലും കാണാറുള്ള വൈറ്റ് സ്റ്റോര്‍ക്ക് അഥവാ വെണ്‍പകം എന്ന പക്ഷിയെ ആദ്യമായി യു.എ.ഇ.യില്‍ കണ്ടെത്തി. ദുബായ് റാസ് അല്‍ ഖോറിലെ പക്ഷിസങ്കേതത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഇവ ക്യാമറയില്‍ പതിഞ്ഞത്.
 
പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ആലപ്പുഴ ഹരിപ്പാട് സ്വദേശി ജിന്‍സണ്‍ ജോര്‍ജാണ് ഇവയെ കണ്ടെത്തിയതും ക്യാമറയില്‍ പകര്‍ത്തിയതും. പ്രമുഖ ബേഡിങ് വെബ്‌സൈറ്റായ www.ebird.org ഇക്കാര്യം സ്ഥിരീകരിച്ചു. 16 പക്ഷികളടങ്ങുന്ന സംഘമാണ് വിരുന്നെത്തിയിരിക്കുന്നത്.
 
ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളമാണ് യു.എ.ഇ. പക്ഷിസങ്കേതങ്ങളായ റാസ് അല്‍ ഖോര്‍, അല്‍ഖുദ്ര തുടങ്ങിയ ഇടങ്ങളിലാണ് ഇവ കൂടുതലായും വന്നുചേരാറുള്ളത്. നൂറുമുതല്‍ 125 വരെ സെന്റിമീറ്റര്‍ ഉയരമുള്ള വൈറ്റ് സ്റ്റോര്‍ക് രണ്ടരമുതല്‍ മൂന്നരവരെ കിലോഗ്രാം തൂക്കംവരും.
 
വെളുത്ത നിറത്തിലുള്ള ഇവയുടെ ചിറകുകളില്‍ കറുത്ത നിറവുമുണ്ട്. കാലുകള്‍ക്കും കൊക്കിനും ചുവപ്പുനിറമാണ്. യൂറോപ്പും വടക്കേ അമേരിക്കയുമാണ് ഇവയുടെ സ്വദേശം. ദീര്‍ഘദൂരദേശാടകരായ വൈറ്റ് സ്റ്റോര്‍ക്ക് തെക്കേ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്കാണ് അധികവും ദേശാടനം നടത്താറുള്ളത്. മത്സ്യവും പ്രാണികളും ഇഴജന്തുക്കളും ചെറിയ സസ്തനികളുമാണ് ഭക്ഷണം.
 
ഒരു കൂട് വര്‍ഷങ്ങളോളം ഉപയോഗിക്കുന്നുവെന്നതും ഏകപത്‌നീവ്രതം പുലര്‍ത്തുന്നുവെന്നതും ഇവയുടെ പ്രത്യേകതയാണ്. ഒരുസമയം 17 മുട്ടകള്‍വരെ ഇടും. 39 വയസ്സുവരെയാണ് ആയുര്‍ദൈര്‍ഘ്യം.സീസണ്‍ അവസാനിക്കാറായിരിക്കുമ്പോളാണ് വൈറ്റ് സ്റ്റോര്‍ക്കിന്റെ കൂട്ടത്തെ കണ്ടെത്തിയതെന്നത് പക്ഷിനിരീക്ഷകരില്‍ ആവേശമുണര്‍ത്തിയിട്ടുണ്ട്.
 
രണ്ടരവര്‍ഷത്തിലേറെയായി ഇവിടെ പക്ഷിനിരീക്ഷണം നടത്തുന്ന ജിന്‍സണ്‍ ദുബായിലെ എ.ടി.എസ്. ഷിപ്പിങ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. വെള്ളിയാഴ്ചകളിലാണ് ജിന്‍സണുള്‍പ്പെടെയുള്ളവരുടെ പക്ഷികളെത്തേടിയുള്ള യാത്രകള്‍.

ചിത്രം  ജിന്‍സണ്‍ ജോര്‍ജ്ജ്
വാര്‍ത്ത : മാതൃഭൂമി

February 09
12:53 2016

Write a Comment