
| |
SEED NEWS |
|
| |
|
ലൗ പ്ലാസ്റ്റിക് പദ്ധതി മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണം-എന്‍.ദേവീദാസ്
Posted on: 18 Dec 2012
Posted By: ksgadmin
പിലിക്കോട്:മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായുള്ള ലൗ പ്ലാസ്റ്റിക് സംരംഭം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ് പറഞ്ഞു. പിലിക്കോട് സി.കൃഷ്ണന് നായര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ മൂന്നാം ഘട്ട സംഭരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യനിക്ഷേപകേന്ദ്രങ്ങളായ വിളപ്പില്‍ശാലയും കേളുഗുഡെ്ഡയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇത്തരം പദ്ധതികളുടെ മാതൃകാപരമായ നടത്തിപ്പിലൂടെ കഴിയും. മാലിന്യത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന സമൂഹത്തില്‍ ലൗ പ്ലാസ്റ്റിക് പദ്ധതിയിലൂടെ ഗുണകരമായ മാറ്റമുണ്ടാക്കാം. കുട്ടികളിലൂടെ ഈ മാതൃകാപദ്ധതി ഭാവിതലമുറയിലേക്കു വളരട്ടെയെന്നും ദേവീദാസ് കൂട്ടിച്ചേര്‍ത്തു.
പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.വി.രമണി അധ്യക്ഷയായിരുന്നു. സംസ്ഥാനത്താകെയുള്ള സമഗ്രപദ്ധതിയായി ലൗ പ്ലാസ്റ്റിക്കിനെ മാറ്റണമെന്നും വരുംതലമുറയ്ക്ക് പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനുള്ള വഴികാട്ടിയാണിതെന്നും അവര്‍ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശ്രീധരന്, പി.ടി.എ.പ്രസിഡന്റ് കെ.പി.രാമചന്ദ്രന്, സീനിയര്‍ അസിസ്റ്റന്റ് കെ.വി.രവീന്ദ്രന് എന്നിവര്‍ ആശംസ നേര്‍ന്നു.
മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് സ്വാഗതവും സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സി.ചന്ദ്രമോഹന് നന്ദിയും പറഞ്ഞു. സ്കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ജയചന്ദ്രന് നേതൃത്വം നല്കി.പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനും വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന പദ്ധതിയാണ് ലൗ പ്ലാസ്റ്റിക്. ജില്ലയില്‍ അഞ്ച് സ്കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
സ്കൂളുകളില്‍നിന്നു ശേഖരിച്ച, തരംതിരിച്ച പ്ലാസ്റ്റിക് ചേര്‍ത്തലയിലെ പെലിക്കണ്‍ ഫൗണ്ടേഷനിലെത്തിച്ചാണ് പുനരുപയോഗിക്കുന്നത്. ഈസ്റ്റേണ്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
|
|
|
| |
|
|
|
| |
|
Copyright 2010. Mathrubhumi. All rights reserved.
|