Article

വിഹിതം വയ്പിലെ ആരോഗ്യ സൂത്രം

പുരോഗതിയുടെ പടവുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കെ മലയാളി ആര്‍ജ്ജി ച്ചെടുത്ത മാനങ്ങളിലൊന്നാണ് വീടും പരിസരവും ശുചിയാക്കിയതിന്റെ ബാക്കി പത്രം പ്ലാസ്റ്റിക് കിറ്റുകളില്‍ നിറച്ച് പൊതുനിരത്തോരത്ത് ഉപക്ഷേിക്കുക എന്നത്. സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ചിരിക്കുന്ന ഈ മാന്യതയുടെ ദുര്‍ഗന്ധം കേരളത്തിന്റെ പാതയോരങ്ങളില്‍ നിന്ന് അസഹനീയമാംവിധം വമിച്ചുകൊണ്ടിരിക്കുന്നു.

കേവലം മൂക്കുപൊത്തി പരിഹരിക്കാവുന്ന ഒരു പ്രശ്‌നമല്ല ഇത്. മലിനീകരണത്തിന്റെ ദോഷവശങ്ങള്‍ ഇനിയും നമ്മെ ആരും പഠിപ്പിക്കേണ്ടതില്ല. രോഗം വരുത്തുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ തുടങ്ങിയ അണുക്കളും, അവയെ ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പരത്തുന്ന ഈച്ച, കൊതുക്, എലി എന്നിവയും പെരുകാന്‍, കുന്നുകൂടിക്കിടക്കുന്ന ഖരമാലിന്യങ്ങള്‍ സാഹചര്യമൊരുക്കുന്നു. തടയാനാവാത്ത മാരക രോഗങ്ങള്‍ മാറിമാറി ആക്രമിക്കുമ്പോള്‍ നമ്മില്‍ നിഴലിക്കുന്ന നിസ്സഹായതക്ക് പലപ്പോഴും മറുപടി ഇല്ലാതാകുന്നു. കെട്ടിപ്പൊക്കിയ സൗധങ്ങളും വെട്ടിക്കീറിയ വഴികളും നോക്കുകുത്തികളാകുന്നു. ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മലിനമുക്തമായാല്‍തന്നെ ഒരു ജനതയുടെ ആരോഗ്യം ഉറപ്പാകും.
പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുക എളുപ്പമല്ല. പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍ പോലെയുള്ള ജൈവ വസ്തുക്കളോടൊപ്പം വിഘടനവിധേയമല്ലാത്ത പ്ലാസ്റ്റിക്, ഗ്ലാസ്, പാട്ട (tin) എന്നിവയും കലര്‍ന്നാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. ഇവയെ വേര്‍തിരിച്ചെടുത്ത് ഓരോ ഇനത്തിനും അനുയോജ്യമായ സംസ്‌കരണ സംവിധാനം കണ്ടെത്തണം.

മാലിന്യങ്ങള്‍ ഉണ്ടാകുന്നിടത്തു തന്നെ വേര്‍തിരിക്കപ്പെടുകയാണ് വേണ്ടത്. പുനരുപയോഗിക്കാവുന്നവ വീണ്ടും ഉപയോഗപ്പെടുത്തണം. എന്നിട്ടും ബാക്കിയാവുന്നവയിലെ ജൈവ അവശിഷ്ടങ്ങള്‍ അനുയോജ്യമായ രീതിയില്‍ കുഴി കമ്പോസ്റ്റ്, കുഴല്‍ കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവയാക്കി മാറ്റണം. ഓരോ വീട്ടിലും ഓരോ കടയിലും ഓരോ സ്ഥാപനത്തിലും ഇത് സാധിക്കണം.

ഇത്തരത്തില്‍ നിര്‍മിക്കപ്പെടുന്ന കമ്പോസ്റ്റ് വളത്തിന്റെ അളവനുസരിച്ച് ചെറുതും വലുതുമായ പച്ചക്കറിത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നത് ശീലമാക്കണം. കൂലിപ്പണിക്കാരും വൈറ്റ് കോളര്‍ ഉദ്യോഗസ്ഥരും ഈ സംരംഭത്തിന്റെ ഭാഗമാകണം. മെച്ചപ്പെട്ട പച്ചക്കറി കൃഷിയോടൊപ്പം കാലി - കോഴി വളര്‍ത്തലും കൂണ്‍ കൃഷി, തേനീച്ച വളര്‍ത്തല്‍, മുയല്‍പരിശീലനം എന്നിവയും അനുബന്ധിപ്പിച്ചാല്‍ മെച്ചപ്പെട്ട വരുമാനത്തോടൊപ്പം ഗുണമേന്മയുള്ള ആഹാരവും കഴിയ്ക്കാം. ഇങ്ങിനെ സ്വന്തം പരിസരത്തുണ്ടാകുന്ന മാലിന്യം സ്വന്തമായി സംസ്‌കരിക്കാന്‍ ജനങ്ങളെ പരിശീലിപ്പക്കണം.

ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതെല്ലാം ബുദ്ധിമുട്ടാകുക. അവര്‍ക്ക് പൊതുവായ ഒരു ബയോഗ്യാസ് സംവിധാനം കണ്ടെത്തണം. ബയോവേസ്റ്റ് ഉപയോഗിച്ച് നിര്‍മിക്കുന്ന കമ്പ്രസ്ഡ് ബയോഗ്യാസ് സിലിണ്ടറിലാക്കി വാണിജ്യാടിസ്ഥാനത്തില്‍ ഉപഭോക്താക്കളിലെത്തിക്കുന്ന സാങ്കേിതിക വിദ്യ ഡല്‍ഹി ഐ.ഐ.ടി. കണ്ടുപിടിച്ചുകഴിഞ്ഞിരിക്കുന്നു. മുനിസിപ്പാലിറ്റിയുടേയോ കോര്‍പ്പറേഷന്റെയോ സഹായത്താല്‍ ഈ ടെക്‌നോളജിയും ഉപയോഗപ്പെടുത്താം.

വിഘടന വിധേയമല്ലാത്ത കുപ്പി, പാട്ട, പ്ലാസ്റ്റിക് എന്നിവയാണ് ഇനം തിരിയുന്ന മറ്റു മാലിന്യം. ഇവയില്‍ പ്ലാസ്റ്റിക് ആണ് ഏറ്റവും ഉപദ്രവകാരി. ഇത് എന്ത് ചെയ്യണമെന്ന അറിവില്ലായ്മയാണ് ജനങ്ങളെ വലയ്ക്കുന്നത്. പല വീടുകളിലും കടകളിലും പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനത്തിനുപയോഗിക്കുന്ന എളുപ്പമാര്‍ഗം അവ കടലാസും തുണിയും ചപ്പുചവറുകളും കൂട്ടിക്കലര്‍ത്തി കത്തിച്ചുകളയുക എന്നതാണ്. പ്ലാസ്റ്റിക് കത്തുന്നതിന്റെ ഫലമായി പുറത്തേക്ക് വമിക്കുന്ന വിഷവാതകങ്ങള്‍ ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് തുടര്‍ച്ചയായി കേട്ടിട്ടും ആളുകള്‍ അതുതന്നെ ചെയ്യുന്നതിന്റെ കാരണമെന്താണ്? നിര്‍മാര്‍ജ്ജനത്തിന് മറ്റൊരു വഴിയും ഇല്ലാത്തതുതന്നെ. കുഴിച്ചുമൂടരുത്. കത്തിക്കരുത് എന്നിങ്ങിനെയുള്ള 'അരുതു'കള്‍ അവഗണിക്കപ്പെടുകയേ ഉള്ളു. ചെയ്യേണ്ടതെന്താണെന്ന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

ജൈവ വിഘടനത്തിന് വിധേയമാകാത്ത പദാര്‍ത്ഥങ്ങളുടെ സംസ്‌കരണത്തിന് ഓരോ പഞ്ചായത്തിലും ഒരു സംസ്‌കരണ സംവിധാനം ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റോഡ് നിര്‍മാണം, ഇന്ധന ഉല്പാദനം തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങള്‍ ഉപയോഗിക്കാമെന്ന കണ്ടുപിടുത്തങ്ങള്‍ പ്രായോഗികമാക്കാം. വീടുകളില്‍ നിന്നും കടകളില്‍ നിന്നും മറ്റും ഇത്തരം മാലിന്യങ്ങള്‍ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ശേഖരിച്ച് ഈ സംവിധാനമുപയോഗിച്ച് സംസ്‌കരിക്കണം. രണ്ടോ മൂന്നോ പഞ്ചായത്തിന് സഹകരണാടിസ്ഥാനത്തില്‍ ഒരു പൊതു സംവിധാനം ഉണ്ടായാലും മതി. സംസ്‌കരണ പ്ലാന്റിന്റെ ഗുണമല്ല, പ്രവര്‍ത്തനത്തിലെ കൂട്ടായ്മയും കാര്യക്ഷമതയുമാണ് പ്രധാനം. ഇങ്ങിനെ മാലിന്യം വേര്‍തിരിച്ചെടുത്ത് സംസ്‌കരിക്കുന്നതിലെ വിജയം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ തീര്‍ച്ചയായും ആ പാത സ്വീകരിക്കുക തന്നെ ചെയ്യും.

ഇത് അനുയോജ്യമായ സമയം. വോട്ടെടുപ്പിന്റെ ഉണര്‍വും ഊര്‍ജവും ഉള്‍ക്കൊണ്ടു പ്രതിനിധികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സമയം.
തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സാരഥികള്‍ വികസനത്തിനുവേണ്ടി പദ്ധതി തയ്യാറാക്കുമ്പോള്‍ ഖര-മാലിന്യ സംസ്‌കരണം ഒരു പ്രധാന പ്രോജക്ട് ആയി ഉള്‍പ്പെടണം. ഇതിന് ചുക്കാന്‍ പിടിക്കാന്‍ യുവത്വം മുന്നിട്ടിറങ്ങണം. അറിവും ആര്‍ജ്ജവവുമുള്ള കേരള യുവത്വം ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും വ്യാപരിക്കുമ്പോള്‍ താന്‍ അംഗമായ തന്റെ സമൂഹത്തിന്റെ ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ ഉദാസീനത കാണിക്കരുത്. പ്രശ്‌നത്തിന്റെ ഗൗരവം കൂടുതല്‍ ആളുകള്‍ അറിയുമ്പോള്‍ മാത്രമാണ് പരിഹാര പരിശ്രമങ്ങള്‍ സുഗമമാകുന്നത്. ഇതിനായി മാറ്റിവയ്ക്കുന്ന പദ്ധതി വിഹിതം ഒരു നഷ്ടമാവില്ല എന്ന് ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയണം. രോഗമുക്തിയിലേക്കുള്ള പ്രധാന പടിയാണ് മാലിന്യ സംസ്‌കരണം എന്ന് എല്ലാവരും അറിയണം.

വാര്‍ഡുകളില്‍ ഗ്രാമസഭ കൂടുന്ന ഘട്ടം മുതല്‍ ഈ പ്രോജക്ടിന് വേണ്ടിയുള്ള ചലനങ്ങള്‍ ഉണ്ടാകണം. യുവനിരയോടൊപ്പം മുതിര്‍ന്നവരും ഇതിനായി പ്രവര്‍ത്തിക്കണം. കേരളത്തിലുടനീളം ഈ പ്രോജക്ട് വിജയകരമായി നടപ്പാക്കിയാല്‍ നമ്മുടെ പാതയോരങ്ങള്‍ ക്രമേണ ദുര്‍ഗന്ധമുക്തമാകും. ഇനിയും ഇക്കാര്യത്തില്‍ അലസത തുടര്‍ന്നാല്‍ കെടുതികളില്‍ പൊറുതിമുട്ടുന്ന നമ്മെ രക്ഷിക്കാന്‍ ഒരു ശാസ്ത്രത്തിനും കഴിഞ്ഞെന്ന് വരില്ല.

ushacherathe@gmail.com


ഉഷ അഷ്ടമിച്ചിറ

January 25
12:53 2016

Write a Comment