Article

കടലാമകള്‍
ഭൂമുഖത്ത് മനുഷ്യരാശി ഉടലെടുക്കുന്നതിന് എത്രയോ മുന്‍പുതന്നെ കടലാമകള്‍ ഇവിടെ വാസം ഉറപ്പിച്ചു. ചിരപുരാതനമായ ജീവിവര്‍ഗ്ഗം എന്ന ഒരു വിശേഷണം കടലാമകള്‍ക്ക് കൊടുക്കുന്നതില്‍ തെറ്റുണ്ടോ എന്ന് തോന്നുന്നില്ല. ധ്രുവ പ്രദേശങ്ങളിലൊഴികെ മറ്റെല്ലായിടത്തും ഇവയുടെ സാന്നിദ്ധ്യമുണ്ട് . ആരിലും അത്ഭുതവും കൗതുകവും ജനിപ്പിക്കുന്നതാണ് കടമാലമകളുടെ ജീവിതചര്യ. കരയാമകളെപ്പോലെ ശരീരം ഉള്‍വലിക്കാനുള്ള കഴിവ് കടലാമകള്‍ക്കില്ല. ലെതര്‍ബാക് സിടര്‍ട്ടില്‍, ലോഗര്‍ഹെഡ് സിടര്‍ട്ടില്‍, ഹോക്‌സ്ബില്‍ സിടര്‍ട്ടില്‍, ഒലിവ് റിഡ്‌ലി സിടര്‍ട്ടില്‍, ഗ്രീന്‍ സിടര്‍ട്ടില്‍, ഫ്‌ളാറ്റ് ബാക് സിടര്‍ട്ടില്‍, കെംപ്‌സ് റിഡ്‌ലി എന്നിങ്ങളെ ഏഴിനം കടലാമകള്‍ ഉള്ളതില്‍ ലെതര്‍ ബാക്കിന് 600 കിലോയ്ക്ക് മുകളില്‍ വരെ തൂക്കം വെയ്ക്കും മനുഷ്യരാശിയുടെ വിവേക രഹിതമായ ഇടപെടല്‍ മൂലം പല ഇനങ്ങളും അത്യന്തം ഗുരുതരമായ വംശനാശഭീഷണിയെ നേരിടുന്നു. മാംസത്തിനുവേണ്ടി, മുട്ടയ്ക്കുവേണ്ടി, പുറന്തോടിനുവേണ്ടി വലിയ തോതില്‍ വേട്ടയാടപ്പെടുന്നുണ്ട്. മലിനീകരണം, തീരദേശ വികസം, ആഗോളതാപനം തുടങ്ങിയ കാരണങ്ങളും ഇവയുടെ വംശനാശത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു.
ചിലയിനം കടലാമകള്‍ ഒന്നാന്തരം ദേശാടകരാലണ്. പ്രജനനത്തിനായി ആയിരകണക്കിന് കിലോമീറ്റര്‍ താണ്ടും, കടലാമകള്‍ അവ വിരഞ്ഞിറങ്ങിയ അതേ തീരത്തുതന്നെ മുട്ടയിടാനായി എത്തിച്ചേരുന്നുണ്ട്. ഉദാഹരണത്തിന് ലോഗര്‍ ഹെഡ് കടലാമകള്‍ മുട്ടയിടാനായി ബജാകാലിഫോര്‍ണിയായിലെ ഫീഡിംങ്ങ് പരിസരത്തുനിന്ന് ജപ്പാനില്‍ എത്തിച്ചേരുന്നു. ലെതര്‍ ബാക്ക് കടലാമകള്‍ പതിനായിരം മൈലുകള്‍ വരെ ജെല്ലി മത്സ്യങ്ങള്‍ തേടി സഞ്ചരിച്ചതായി കെത്തിയിട്ടുണ്ട്. മുട്ട വിരിഞ്ഞ് കടലിലേയ്ക്ക് ഇറങ്ങുന്ന ആണ്‍കടലാമകള്‍ക്ക് അതിന്റെ ജീവിത കാലഘട്ടത്തില്‍ ഒരിക്കല്‍പോലും കരയിലേയ്ക്ക് കയറേണ്ടി വരുന്നില്ല. എന്നാല്‍ പെണ്‍കടലാമകളുടെ സ്ഥിതി അതല്ല. പ്രായപൂര്‍ത്തിയായെത്തുമ്പോള്‍ മുട്ടിയിടാനായി കടല്‍ തീരങ്ങള്‍ തേടിവരും. രാത്രിയുടെ മറവില്‍ കടല്‍ത്തിരങ്ങളിലും ബീച്ചുകളിലും ഇഴഞ്ഞു കയറി വലിയ ഒരു കുഴി തുരന്ന് അതില്‍ മുട്ടയിടുന്നു. 100 മുതല്‍ 250 വരെ മുട്ടകള്‍ കണ്ടേക്കാം.(ഏത് ഇനം കടലാമ എന്നതിനെ ആശ്രയിച്ചിരിക്കും), മുട്ടയിട്ടു കഴിഞ്ഞ് കുഴി മൂടി തിരിച്ച് കടലിലേയ്ക്ക് തന്നെ മടങ്ങും. കടല്‍ മണ്ണിന്റെ ചൂടേറ്റ് 45 മുതല്‍ 60 ദിവസം കൊണ്ട് മുട്ടത്തോടുപൊട്ടി കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. താപനില ഉയരുകയും കടല്‍ മണ്ണിന്റെ ചൂടുകൂടുകയും ചെയ്താല്‍ മുട്ടകള്‍ വേഗത്തില്‍ വിരിയാനും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളില്‍ പെണ്‍കടലാമകള്‍ ആകാനുമുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങള്‍ പറയുന്നു. നേരെ മറിച്ചായാല്‍ ആണുങ്ങള്‍ക്കാവും മുന്‍തൂക്കം.
മുട്ടവിരിഞ്ഞു കഴിഞ്ഞാല്‍ നേരെ കടലിലേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന കടലാമക്കുഞ്ഞുങ്ങള്‍ ചക്രവാളം ലക്ഷ്യമാക്കി ആഴക്കടലിലേയ്ക്ക് യാത്രയാകുന്നു. ഈ യാത്രയ്ക്ക് ജുവനൈല്‍ ഫ്രെന്‍സി എന്നാണ് പറയുക. കരയിലും കടലിലും കാത്തിരിക്കുന്ന അസംഖ്യം ശത്രുക്കളുടെ കണ്ണുവെട്ടിച്ചു വേണം ആഴക്കടലില്‍ എത്തിച്ചേരാന്‍. അതുകൊണ്ട് തന്നെ അതിജീവനത്തിനുള്ള സാധ്യത ആയിരത്തില്‍ ഒന്ന് മാത്രം. കെംപ്‌സ് റിഡ്‌ലി ഒഴിച്ചുള്ള ഇനങ്ങളുടെ മുട്ടകള്‍ മിക്കവാറും രാത്രിയിലാണ് വിരിയുക. എന്നാല്‍ കെംപ്‌സ് റിഡ്‌ലിയുടെ മുട്ടകള്‍ പകല്‍ വിരിയുന്നതുമൂലം അത്യന്തം അപകട കരമായ രീതിയില്‍ വംശനാശ ഭീഷണി നേരിടുന്ന ഒരിനമായി ഇത് മാറി.
കടലാമകള്‍, കടലിന്റെ ആരോഗ്യപരമായ സന്തുലനാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. ലെതര്‍ബാക് കടലാമകള്‍ക്ക് ഇഷ്ടഭക്ഷണം ജെല്ലി ഫിഷ് ആണ്. അതുപോലെ ഗ്രീന്‍ ടര്‍ട്ടില്‍ വിഭാഗത്തില്‍പ്പെടുന്ന കടലാമകള്‍ കടല്‍ക്കളകളെ ഭക്ഷണമാക്കുന്നതുമൂലം കടല്‍ക്കളകളുടെ ആരോഗ്യകരമായ നിലനില്‍പ്പും വളര്‍ച്ചയും വ്യാപനവും സാധ്യമാകുന്നു. കടല്‍ക്കളകള്‍ മത്സ്യങ്ങളുടെ നിലനില്‍പ്പിനു തന്നെ ആവശ്യമാണല്ലോ. കൂടാതെ ഞണ്ടുകള്‍, സ്‌പോഞ്ചുകള്‍, ആല്‍ഗകള്‍ തുടങ്ങിയവയും ഇവയുടെ ഇഷ്ടഭക്ഷണങ്ങളില്‍പ്പെടും.
കേരളത്തിന്റെ തീരപ്രദേശങ്ങളിലും കടലാമകള്‍ മുട്ടിയിടുന്നുണ്ട്. ചില പരിസ്ഥിതി സംഘടനകള്‍ ഇവയുടെ മുട്ടകള്‍ വിരിയിച്ച് കുഞ്ഞുങ്ങളെ കടലിലേയ്ക്ക് വിടുകയും കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. കാസര്‍കോട് തൈക്കടപ്പുറത്ത് നെയ്‌തെല്‍ എന്ന സംഘടന പതിമൂന്നു വര്‍ഷമായി ഇരുപത്തിരായിരത്തിലധികം കടലാമകുഞ്ഞുങ്ങളെവിരിയിച്ച് വിട്ടുകഴിഞ്ഞു.
ആലപ്പുഴയിലെ തോട്ടപ്പള്ളില്‍ ഗ്രീന്‍ റൂട്‌സ് എന്ന പരിസ്ഥിതി സംഘടനയും കോഴിക്കോട് കൊളാവി കടപ്പുറത്ത് തീരം എന്ന പരിസ്ഥിതി സംഘടനയും കടലാമമുട്ടകള്‍ വിരിയിച്ചു വിടുന്നതില്‍ വ്യാപൃതരാണ്. ഒലിവ് റിഡ്‌ലി എന്ന ഇനത്തില്‍പ്പെട്ട കടലാമകള്‍ ആണ് കേരള തീരങ്ങളില്‍ അധികം കാണാറ്.
കടലാമകള്‍ക്ക് ഭീഷണിയാവുന്ന ചില കാര്യങ്ങളിതാ. കടലില്‍ എത്തിച്ചേരുന്ന പ്ലാസ്റ്റിക് മാലിന്യം ജെല്ലി ഫിഷ് ആണെന്നുകരുതി ഭക്ഷിക്കുകയും അവയുടെ ജീവനു ഭീഷണിയായിത്തീരുകയും ചെയ്യുന്നു. അതിനാല്‍ കടല്‍ മലിനീകരണവും തീര മലിനീകരണവും തടയേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് യോഗ്യമല്ലാത്ത വലകള്‍ കടലില്‍ ഉപേക്ഷിക്കുന്നു. ഇതിനെ 'ജയന്റ് നെറ്റ്' എന്നാണ് പറയുന്നത്. ഇവയാണ് മറ്റൊരു വില്ലന്‍. തീരപ്രദേശത്തെ നിര്‍മാണങ്ങള്‍, കടല്‍ഭിത്തി മുതലായവ കടലാമയുടെ പ്രചനന ആവാസ്യ വ്യവസ്ഥയെ തകര്‍ക്കുന്നു. ബീച്ച് ലൈറ്റുകളും ഇവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. കപ്പലുകളുടെയും ബോട്ടുകളുടെയും പ്രൊപ്പല്ലര്‍, ജലഗതാഗത ഉപകരണങ്ങള്‍ ഇവയും കടലാമകളെ പരിക്കേല്‍പ്പിക്കാറുണ്ട്.
മധു തൃപ്പെരുന്തുറ, ആലപ്പുഴ

November 15
12:53 2016

Write a Comment