Article

മാവ് മരുന്നും ഭക്ഷണവും

ആരുടേയും നാവില്‍ വെള്ളമൂറിക്കും മാങ്ങ! നാട്ടുമാവുകള്‍ കേരളത്തിന്റെ മാത്രമല്ല ഒരു കാലത്ത് ഇന്ത്യയുടെയും പ്രത്യേകതയായിരുന്നു. അതാണ് ഇന്ത്യയുടെ ദേശിയഫലമെന്ന നാമം മാങ്ങയ്ക്ക് നല്‍കിയത്. കടും പച്ചയും മഞ്ഞയും ഇളം ഓറഞ്ചുനിറവുമുള്ള പ്ലം പഴത്തിന്റെ വലുപ്പത്തില്‍ തൊട്ട് വലിയ നാരങ്ങയുടെ വലുപ്പത്തിലുള്ളതായ നിരവധി മാങ്ങകള്‍ നമ്മുടെ ഭാരതത്തിലുണ്ട്. കേരളത്തിന്റെ സ്വന്തം തേന്മാമ്പഴം, മൂവാണ്ടന്‍, നീലാണ്ടന്‍, കിളിച്ചുണ്ടന്‍ തുടങ്ങി ഭാരതത്തില്‍ ഏകദേശം 500-ലധികം വ്യത്യസ്ത നാട്ടുമാവിനങ്ങളുണ്ട്. മാന്‍ജിഫെറ ഇന്‍ഡിക്ക എന്ന ശാസ്ത്രീയനാമമാണ് മാവിനുള്ളത്.
ഉഷ്ണകാലപ്രദേശത്തു വ്യാപകമായി കൃഷി ചെയ്യുന്ന കശുമാവിന്റെ സസ്യവര്‍ഗത്തില്‍പ്പെട്ട നിത്യഹരിത വൃക്ഷമായ മാവിന്റെ ഫലമാണ് മാമ്പഴം. ഏകദേശം 4000-ത്തിലധികം വര്‍ഷങ്ങള്‍ക്ക്മുമ്പാണ് ഭാരതത്തില്‍ മാവ് കൃഷി ചെയ്തുതുടങ്ങിയത്. മാവിന്റെ ജന്മദേശമാണ് ഇന്ത്യ. മാവിന് ഏകദേശം 15 m മുതല്‍ 18 m വരെയാണ് ഉയരം വയ്ക്കുക. നീളന്‍ ഇലകളും കൊച്ചു മാമ്പൂമൊട്ടുകളും ഓറഞ്ചുനിറത്തില്‍ സുഗന്ധവാഹികളായ മാമ്പൂക്കളും നമുക്ക് പരിചിതമാണ്.
'മാങ്ങ'യെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ അച്ചാറുകളുടെയും കറിക്കൂട്ടങ്ങളുടെയും ഓര്‍മകള്‍ നിറയുകയും, നാവില്‍ വെള്ളമൂറുകയും ചെയ്യും. സദ്യകളില്‍ തൊട്ടുകൂട്ടുവാനെടുക്കുന്ന മാങ്ങാ അച്ചാര്‍ മുതല്‍ മാങ്ങാക്കറികള്‍ നിരവധിയാണ്. കടുമാങ്ങാ അച്ചാര്‍, കണ്ണിമാങ്ങാ അച്ചാര്‍, ഉപ്പിലിട്ട മാങ്ങ, ഉപ്പിലിട്ട മാങ്ങാ അച്ചാര്‍-ചമ്മന്തി, പഴം മാങ്ങാ പുളിശ്ശേരി, മാങ്ങാക്കറി. മാങ്ങാപച്ചടി, മാങ്ങാപുളിശ്ശേരി, മാങ്ങാമോര് എവയെല്ലാം മാങ്ങകൊണ്ടുണ്ടാക്കുന്ന വ്യത്യസ്ത വിഭവങ്ങളാണ്. കൂടാതെ ധാരാളം പച്ചമാങ്ങയുണ്ടാകുമ്പോള്‍ അവ ഉപ്പുപുരട്ടി കഷ്ണങ്ങളാക്കി ഉണക്കി സൂക്ഷിക്കുന്ന പതിവു നമുക്കുണ്ട്. ഇത് അച്ചാറിട്ട് അടമാങ്ങയായും ഉപയോഗിക്കുന്നു.
പായസക്കൊതിയരായ കേരളീയര്‍ക്ക് വ്യസ്തവും രുചികരവുമായ പായസങ്ങളിലേറ്റവും പ്രിയങ്കരം മാമ്പഴപ്പായസം തന്നെ. ഇക്കാലഘട്ടത്തില്‍ മാംഗോബാര്‍ പോലെയുള്ള ഐസ്‌ക്രീമുകളും, മാംഗോ ജ്യൂസും മാംഗോ ലിസ്സിയും, മാംഗോഷേക്കും മാംഗോ സിറപ്പും പോലെയുള്ള പാനീയങ്ങളും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളവ തന്നെ.
മാങ്ങാ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല. വിഷുക്കാലത്ത് കണിവെയ്ക്കുമ്പോള്‍ മാങ്ങയും കണിവയ്ക്കാറുണ്ട്. അമൂല്യമായ ഫലം തന്നെയാണ് മാങ്ങ. വിറ്റാമിന്‍ എ,സി,ഡി തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈ ഫലം. അതാണ് മാങ്ങയ്ക്കു 'പഴങ്ങളുടെ രാജാവ്' എന്ന വിശേഷം നല്‍കിയത്.
'പഴുത്ത മാവില കൊണ്ടു പല്ലുതേച്ചാല്‍ പുഴുത്ത പല്ലും വെണ്‍മുത്തുപോലെ'
എന്ന പഴഞ്ചൊല്ല്. പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ! പണ്ടുകാലത്ത് പല്ല് സംരക്ഷണത്തിനും പല്ലു വൃത്തിയാക്കുന്നതിനും മാവിലയാണ് ഉപയോഗിച്ചിരുന്നത്. മോണകള്‍ക്ക് നല്ല ഉറപ്പും, പല്ലുകള്‍ക്ക് ബലവും വായ രോഗവിമുക്തിയും മാറ്റുന്നു മാവില. ഇന്നും പല്ലിന്റെ സംരക്ഷണത്തിനായുള്ള 'ദന്തദാവനാചൂര്‍ണ്ണം' എന്ന ഔഷധത്തിലെ സുപ്രധാനഘടകമാണ് പഴുത്ത മാവില. മാവിനെ വിശുദ്ധവൃക്ഷമായി കണക്കാക്കിയ ഭാരതീയര്‍, അവരുടെ സംസ്‌ക്കാരങ്ങളില്‍, മതപരമായ ചടങ്ങുകളില്‍ മാവിലകളും മാങ്ങയും ഉപയോഗിക്കുന്നു. ഇന്നും തേര്‍വാഡ ബുദ്ധക്ഷേത്രങ്ങളില്‍ അമൂല്യമായ മാങ്ങയും, ഹിന്ദു വിഭാഗങ്ങളില്‍ ചിലര്‍ (ഗൗഢ സാരസ്വത ബ്രാഹ്മണര്‍) പൂജാമുറിയിലെ ധാന്യപാത്രത്തിന്റെ പരിശുദ്ധിയ്ക്കും അലങ്കാരത്തിനുമായി ഉപയോഗിക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെ 'പറയെടുപ്പ്' എന്ന ചടങ്ങിനായി വീടുകളുയുടെ മുറ്റം അലങ്കകരിക്കുന്നത് മാറിലയും കുരുത്തോലയുമുപയോഗിച്ചാണ്. ആഹൂതി ചെയ്യുമ്പോള്‍ നെയ്യും മറ്റുമെടുത്ത് മാവിലയുപയോഗിച്ച് അഗ്‌നിയിലര്‍പ്പിക്കുന്നു. മാവിലയുടെ ഔഷധഗുണവും അത് എപ്രകാരമാണ് ഹിന്ദു സംസ്‌ക്കാരങ്ങളുമായി ഇഴചേര്‍ന്നിരിക്കുന്നതെന്നും ഇതിലൂടെ സുവ്യക്തമാണ്.
മാങ്ങയുടെ വിത്ത് അഥവാ മാങ്ങാണ്ടി ഉപയോഗിച്ചു പണ്ടുകാലത്ത് ഔഷധമുണ്ടാക്കിയിരുന്നു. മാങ്ങാണ്ടി മണിക്കൂറുകളോളം വെള്ളത്തിലിടുകയും ഇത് അരിയും ശര്‍ക്കരയും ചേര്‍ത്ത് അരകല്ലിലരച്ചെടുക്കുന്നു. ഇതുകൊണ്ട് രുചികരമായ അപ്പം ഉണ്ടാക്കി കഴിച്ചാല്‍ വയറിന്റെ അസ്വാസ്ഥ്യതകളോ ദഹനക്കേടുകളോ ഒന്നും ഉണ്ടാവില്ല. പണ്ടു കാലത്ത് എല്ലാ വീട്ടുമുറ്റത്തും ഒരു മാവുണ്ടായിരുന്നു. മിക്ക കഥാകാരന്മാരും മാവിനെപ്പറ്റി പരാമര്‍ശിക്കുന്നു. പാവപ്പെട്ടവര്‍ മുതല്‍ സമ്പന്നര്‍ വരെ ഒരുകാലത്ത് മൃതശരീരം അടക്കം ചെയ്യുവാന്‍ മാവിന്‍ തടിയാണുപയോഗിച്ചത്. ഇതും വിശുദ്ധ വൃക്ഷമെന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്. ഗൃഹോപകരണങ്ങളുടെയും ഫര്‍ണീച്ചറുകളുടെയും നിര്‍മാണത്തിനും മാവിന്‍ തടി ഉപയോഗിക്കുന്നു. പണ്ടു കാലത്ത് നിറയെയുണ്ടായിരുന്ന നാട്ടുമാവുകള്‍ പരിമിതമായിരുക്കു ഇന്ന്.
'എവിടെത്തരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം മാലിന്യമലകള്‍ മാത്രം'
എന്നു കവിതയെ തിരുത്തിയെഴുതുന്ന ഈ കാലഘട്ടത്തില്‍ മല്‍ഗോവ, ഗുലാബ് ഖാസ്, അല്‍ഫോന്‍സ തുടങ്ങിയ ഒട്ടുമാവിനങ്ങളെ മാത്രമേ കാണുവാനാവുന്നുള്ളു. ഇന്നത്തെ കുട്ടികള്‍ കണ്ണിമാങ്ങാ അച്ചാര്‍ കഴിച്ചിട്ടുണ്ടോ? എല്ലാ വീടുകളിലും ഓണക്കാലത്ത് ഊഞ്ഞാല്‍ കെട്ടിയ മാവുകളെവിടെ അയല്‍പക്കത്തെ മാവില്‍ നിന്നും മാങ്ങ വീഴുമ്പോള്‍ പെറുക്കുവാനോടിയിരുന്ന കുട്ടികളെവിടെ? മീനച്ചൂടിനെ ശിതളമാക്കി നല്‍കിയ പൂത്ത മാവിന്‍ചോട്ടില്‍ മണ്ണപ്പം ചുട്ടതും കഞ്ഞിയുംകറിയും വെച്ചു കളിച്ചതുമെല്ലാം ഏതു കാലഘട്ടത്തില്‍? വികസനമെന്ന പേരില്‍ നാം മുറിച്ച മരങ്ങളെത്രയധികം അതിലെ മാവുകളുടെ എണ്ണം. ഒട്ടുമാവിനങ്ങള്‍ മാത്രം മതിയോ നമുക്ക്? പോരാ, സങ്കരയിനങ്ങളും നാട്ടുമാവിനങ്ങളേയും സംരക്ഷിക്കേണ്ടതാണ്.
'പഴമയാണല്ലോ നല്ലത്'
കേരളത്തിലെ ഓരോ വീട്ടുമുറ്റത്തും ഒരു പച്ചക്കറിത്തോട്ടവും കവിവേപ്പിന്‍ തൈയും എന്നതുപോലെ ഒരു നാട്ടുമാവിന്‍തൈയും തളിര്‍ക്കട്ടെ. അതിലൂടെ കേരളത്തിലെയെങ്കിലും ഗൃഹാന്തരീക്ഷങ്ങളില്‍ നിറയട്ടെ മാമ്പൂമണം..
'വീണ്ടും മകര നിലാവുവരും
മാമ്പൂമണമൊഴുകിവരും'
എന്ന വരികള്‍ അന്വര്‍ത്ഥമാകട്ടെ എന്നു പ്രത്യാശിക്കാം.





Sreelakshmi. A, Std- IX.A, G.H.S.S. Thervattom Alappuzha

March 01
12:53 2017

Write a Comment