Article

തീയിടരുതേ....


കാടും നാടും ഒരു പോലെ തീയിടുന്നവരോട് ഒരു വാക്ക് അരുത്!നാനാവിധ ജൈവാവശിഷ്ടങ്ങള്‍ മണ്ണിലെ സൂഷ്മ ജീവികളുടെ (പവര്‍ത്തനം മൂലം മണ്ണിന്റെ ഭാഗമായി തീരുമ്പോഴാണ് മണ്ണ് ഫലഭൂയിഷ്ടമായി മാറുന്നത്.
എന്നാല്‍ ജൈവാവശിഷ്ടങ്ങള്‍ കത്തിക്കുമ്പോള്‍ അവയില്‍ ലയിച്ചുകിടക്കുന്ന (കാര്‍ബണ്‍)ഊര്‍ജ്ജം ചൂടും വെളിച്ചവുമായി ബഹിര്‍ഗമിക്കുന്നു. ശേഷിക്കുന്നത് നിര്‍ജീവമായ ചാരംമാത്രം. ഈ കാര്‍ബണ്‍ സൂര്യപ്രകാശത്തില്‍ നിന്നും ചെടികള്‍ സസ്യങ്ങളിലും മണ്ണിലടിയിലുമായി സംഭരിച്ചുവയ്ക്കുന്ന ജീവന്റെ ആധാരമായ ഊര്‍ജ്ജ രൂപമാണ്. ചെടികള്‍ കൂട്ടത്തോടെ നശിക്കുമ്പോള്‍ ഉണ്ടാവുന്ന ചാരം മണ്ണിന്റെ PH മൂല്യം ഉയര്‍ത്തുന്നു. മണ്ണിന്റെ PH മൂല്യം ന്യൂട്രല്‍ ആയാലേ മണ്ണ് ഫലപുഷ്ടമാകൂ. PH എന്നത് അമ്ല ക്ഷാര നിലവാരം അളക്കുന്ന ഒരു അളവുകോലാണ്. അത് 0-14 വരെയാണ്. നടുവിലെ 7 ആണ് ന്യൂട്രല്‍ നില. PH മൂല്യം 7 ആകുമ്പോള്‍ മണ്ണില്‍ ഒരുപറ്റം സൂഷ്മജീവികള്‍ ജീവിക്കുന്നുണ്ടാവും. ഇവ ചെടികള്‍ക്ക് ഗുണപ്രദമാണ്. PH മൂല്യം 6 എങ്കില്‍ സൂഷ്മ ജീവികള്‍ മറ്റൊരുപറ്റം ആയിരിക്കും. ചാരം മണ്ണിന്റെ PH7 ല്‍ നിന്നും കൂട്ടി ക്ഷാരഗുണകൂടുതലാക്കുന്നു. ഇത് മണ്ണിര അടക്കമുള്ള ജീവികള്‍ കൂട്ടത്തോടെ ചാകുന്നതിനും സസ്യങ്ങള്‍ക്ക് (കായ്ഫലം)വിളവ് ഇല്ലാതാക്കുകയും ചെയ്യും.
തീയിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് അന്തരീക്ഷത്തില്‍ നിന്നും ശേഖരിക്കപ്പെട്ട ഊര്‍ജ്ജം(കാര്‍ബണ്‍)തിരിച്ച് അന്തരീക്ഷത്തിലേയ്ക്ക് പോവുകയാണ്. ഈ കാര്‍ബണ്‍ തന്നെയാണ് ഭക്ഷണമായി, കാര്‍ബോ ഹൈഡ്രേറ്റ് രൂപത്തില്‍ നമ്മള്‍ ആഹരിക്കുന്നത്. തീയിടുമ്പോള്‍ കാര്‍ബണ്‍ നഷ്ടപ്പെടുന്നതിലൂടെ നമ്മുടെ ഭക്ഷ്യലഭ്യതയ്ക്ക് കോട്ടം ഉണ്ടാകുന്നു.
തന്നെയുമല്ല ഒരു പ്രദേശത്ത് തീകത്തികത്തിക്കുമ്പോള്‍ ആ ഭാഗത്തുള്ള മുഴുവന്‍ സൂഷ്മജീവികളും നശിച്ച് ആ ഭാഗത്തെ ജൈവപ്രക്രിയ താല്‍കാലികമായി നിലച്ചുപോകുന്നു. അതിനാല്‍ ജൈവാവശിഷ്ടങ്ങള്‍ ഒരിക്കലും തീയിടരുത്. മണ്ണിന് അവ പുതയായിടുക. ഈ പുത മണ്ണ് ചൂടാവാതെ കാത്തുകൊള്ളും. ജലം നീരാവിയായി പോകുന്നത് തടഞ്ഞ് ഈര്‍പ്പം നിലനിര്‍ത്തും. ഒരുസ്‌പോഞ്ചുപോലെ ജലത്തെ കൂടുതലായി മണ്ണിനടിയില്‍ സ്വാംശീകരിക്കും. സസ്യങ്ങളുടെ ജീവനുള്ള വേരുപടലങ്ങള്‍ ജലത്തിന്റെ സ്വാംശീകരണം ത്വരിതപ്പെടുത്തുകയും മണ്ണിനടിയിലെ ജലസംഭരണശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
മണ്ണില്‍ സംഭരിച്ചുവച്ചിരിക്കുന്ന കാര്‍ബണ്‍ തീയിടുമ്പോള്‍ നഷ്ടപ്പെടുന്നു. മണ്ണിന്റെ ആരോഗ്യത്തിന് 3% കാര്‍ബണ്‍ മണ്ണിലുണ്ടാവണം. മണ്ണിനെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ കരിയിലയ്ക്കു ജൈവ ആവരണങ്ങള്‍ക്കും കഴിയും. അന്തരീക്ഷത്തെ കാര്‍ബണ്‍ ന്യൂട്രലാക്കന്‍ ഓക്‌സിജന്റെ അളവ്കൂട്ടണം അതിന് മരങ്ങള്‍ വച്ചുപിടിപ്പിക്കണം.
തീയിടുമ്പോള്‍ നശിക്കുന്ന മണ്ണ് യാഥാര്‍ത്ഥഗുണമുള്ള മണ്ണാവാന്‍ തുടങ്ങാന്‍ 4 വര്‍ഷത്തിലധികമെടുക്കും. ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും മഴവരുമ്പോള്‍ പുല്ല് കിളിര്‍ക്കുമല്ലോ എന്ന് ഒരു മഴകഴിയുമ്പോള്‍ പുല്‍നാമ്പുകള്‍ പൊടിക്കുന്നത് പരിസര പ്രദേശത്തുനിന്നും എത്തുന്ന തകര/പുല്‍വര്‍ഗ്ഗങ്ങള്‍ മാത്രമാണ്. തീയെപേടിക്കുന്ന ജാതി സസ്യങ്ങള്‍ എന്നേക്കുമായി നശിക്കുന്നു. ചിലവയ്ക്ക് തീയുടെ ആഘാതത്തെ അതിജീവിക്കാനാകും.
ജൈവവൈവിധ്യം കത്തിനശിക്കുമ്പോള്‍ മണ്ണ് അനാവൃതമാകുകയും, സൂര്യപ്രകാശം നേരിട്ട് മണ്ണിലടിക്കുമ്പോള്‍ മണ്ണിന്റെ കേശികത്വം വഴി(കേശികത്വം ഉദാ:നിലവിളക്കിലെ തിരി എണ്ണവലിച്ച് കത്തുന്നത്) മണ്ണില്‍ സംഭരിക്കപ്പെട്ട ജലം വലിയ അളവില്‍ നഷ്ടമാകുന്നു. ഇത് ജലക്ഷാമം വര്‍ദ്ധിപ്പിക്കുന്നു.
ജൈവ വൈവിധ്യം തകരുന്നതിന് പുറമേ മണ്ണിലേക്ക് സൂര്യപ്രകാശം നേരിട്ടിച്ചാല്‍ മണ്ണിന് ചൂടുപിടിച്ചാല്‍ സസ്യങ്ങളുടെ കാര്‍ബണ്‍ സെക്യൂസ്‌ട്രേഷന്‍ കപ്പാസിറ്റിവഴി മണ്ണില്‍ സംഭരിച്ച് വയ്ക്കപ്പെട്ട കാര്‍ബണ്‍ നഷ്ടപ്പെടും. കാര്‍ബണ്‍ നഷ്ടപ്പെടുമ്പോള്‍ ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ മണ്ണില്‍ നിന്നും ബഹിര്‍ഗമിക്കും. ഇത് മണ്ണിലെ മണ്ണിര അടക്കമുള്ള സൂഷ്മജീവികളുടെ നാശത്തിന് കാരണമാകും. മണ്ണ് ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥയില്‍ ഗുണമില്ലാതാവും നിര്‍ജീവമാകും.
ജൈവ അവശിഷ്ടങ്ങളും സസ്യാവരണവും കരിയിലയും കത്തിക്കാതിരുന്നാല്‍ ഉണ്ടാവുന്ന ഗുണങ്ങള്‍
1.ജൈവ അവശിഷ്ടങ്ങളും കരിയിലയും മണ്ണിന കാര്‍ബണ്‍ ന്യൂട്രലാക്കി നിലനിര്‍ത്തുകയും മണ്ണിനെ ഫലപുഷ്ടമാക്കുകയും ചെയ്യുന്നു.
2. മണ്ണിന്റെ PH7 ആക്കി നിലനിര്‍ത്തി മണ്ണിനെ ജീവസുറ്റതാക്കുന്നു.
3.മണ്ണിന്റെ മുകളിലുള്ള ജൈവ ആവരണം ഒരു സ്‌പോഞ്ചുപോലെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. ഇത് ജലത്തെസ്വാംശീകരിക്കുകയും വേരുപടലങ്ങളിലൂടെ മണ്ണിനടിയില്‍ ജലത്തെ സംഭരിക്കാനും സഹായിക്കുന്നു.
4.മണ്ണിലെ സൂഷ്മജീവകിളുടെ നിലനില്‍പ്പ് സാധ്യമാക്കുന്നു.
5.മണ്ണൊലിപ്പ് തടയുന്നു.
6.ജൈവവൈവിധ്യത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പികയും ചെയ്യുന്നു.
7.മണ്ണിലെ ജൈവ പ്രക്രിയയെ ഊര്‍ജ്ജിതമാക്കുന്നു. ജൈവകൃഷിയ്ക്ക് അനുയോജ്യമാക്കുന്നു.
8.സൂര്യന്റെ ചൂടിനെ പ്രതിരോധിക്കുകയും മണ്ണിന് പുതപ്പായി മാറുകയും ചെയ്യുന്നു.
9.അന്തരിക്ഷത്തിലെ താപനില കുറക്കുവാനും ചൂട് നിയന്ത്രിക്കുവാനും സഹായിക്കുന്നു.
10.മണ്ണിന്റെ ജീവനെ നിലനിര്‍ത്തുന്നു. അങ്ങനെ സകലജീവന്റെയും അടിസ്ഥാനമായ മണ്ണാക്കിമാറ്റുന്നു.
തീയിടുമ്പോള്‍ ഉണ്ടാവുന്ന ദോഷങ്ങള്‍
1.സസ്യങ്ങളിലൂടെ സംഭരിക്കപ്പെട്ട കാര്‍ബണ്‍ നഷ്ടമാകുന്നതോടെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു.
2.അമിതമായ ചാരം മണ്ണിന്റെ PH മൂല്യം കൂട്ടി ക്ഷാരഗുണമുള്ളതാക്കിമാറ്റുന്നു. ഇത് സസ്യങ്ങളുടെ വിളവ് കുറയ്ക്കുന്നു. ഫലദായകശേഷി ഇല്ലാതാക്കും.
3. തീയിടുമ്പോള്‍ അനാവൃതമാകുന്ന മണ്ണിന്റെ കേശികത്വം വഴി മണ്ണില്‍ സംഭരിച്ച ജലം നഷ്ടമാവുകയും ജലക്ഷാമം രൂക്ഷമാകുകയും ചെയ്യുന്നു.
4.പൂര്‍ണ്ണമായി കത്തിതീരാത്ത ജൈവഘടകങ്ങള്‍ അന്തരീക്ഷത്തില്‍ എത്തിചേര്‍ന്ന് ഏഷ്യന്‍ ബ്രൗണ്‍ ക്ലൗഡ് പ്രതിഭാസത്തിനു കാരണമാകുന്നു. ഇത് ആരോഗ്യപ്രശ്‌നങ്ങളും ആഗോളതാപനം ഉണ്ടാക്കുന്നു.
5.സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ മണ്ണില്‍ നിന്നും ബഹിര്‍ഗമിക്കുന്ന ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ മണ്ണിലെ സൂക്ഷമ ജീവികളെ നശിപ്പിക്കുകയും അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിപ്പിച്ച് ആഗോളതാപനത്തിന്റെ തോത് കൂടുന്നു.
6. ജൈവ സംവിധാനം(biomass ) കത്തിനശിക്കുന്നതോടെ ജൈപ്രക്രിയ തകരാറിലാവുകയും മണ്ണിന്റെ ജീവന്‍ നഷ്ടമാവുകയും ഇത് പ്രകൃതിയുടെ നാശ('eco-system damage) ത്തിന് കാരണമാകുന്നു.
ഉപസംഹാരം

മലയാളിയുടെ തുലാവര്‍ഷം നമ്മെ കൈവിട്ടു. 104 വര്‍ഷം മുന്‍പ് മാത്രമാണ് ചരിത്രത്തില്‍ ഇത്തരം കാഠിന്യമേറിയ വേനല്‍ ഉണ്ടായത്. 3500 മില്ലിമീറ്റര്‍ മഴ ലഭിച്ച നമുക്ക് മഴയുടെ അളവ് ഗണ്യമായി കുറഞ്ഞു.വേനലിന്റെ വറചട്ടിയില്‍ ഇരുന്നു വേകുമ്പോഴെങ്കിലും നമുക്ക് തിരിച്ചറിവിലേക്ക് ഉണരാന്‍ കഴിയില്ലേ....'? തീയധികമായാല്‍ ജീവിതമേയില്ല.


Amrutha Sebastian,Alappuzha

April 08
12:53 2017

Write a Comment