Article

കടുവേ, ഈ ചോരക്കുഞ്ഞിനെ നീ എന്ത് ചെയ്തു?..

കടുവയുടെ കൂർത്തപല്ലുകൾ തൂവൽസ്പർശമായിമാറുന്ന കാഴ്ച ആ ഫോട്ടോഗ്രാഫർ ശ്വാസമടക്കിപ്പിടിച്ചാണ്‌ കണ്ടത്‌. വാക്കുകൾക്കതീതമായ രംഗം - ക്യാമറയുമായി ലോകംചുറ്റുന്ന തോമസ്‌ വിജയൻ പറയുന്നു.രാജസ്ഥാനിലെ ലോകപ്രശസ്തമായ രൺതംഭോർ കടുവസങ്കേതത്തിലായിരുന്നു അദ്ദേഹം. ടൂറിസ്റ്റ്‌ ആരവങ്ങളിൽനിന്ന്‌ അല്പമകലെ പാറക്കൂട്ടങ്ങൾക്കിടയിലായിരുന്ന കടുവയുടെ അതീവസൂക്ഷ്മതയും ജാഗ്രതയും നിറഞ്ഞ നീക്കങ്ങൾക്ക്‌ സാക്ഷ്യംവഹിക്കുകയായിരുന്നു തോമസ്‌ വിജയൻ.
ആത്മഗതമെന്നോണം തോമസ്‌ വിജയൻ പറഞ്ഞു: ‘ഇരകളായ മൃഗങ്ങളെ കീഴ്‌പ്പെടുത്തി കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി രക്തപ്പുഴയൊഴുക്കുന്ന, കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ആ കൂർത്തപല്ലുകൾതന്നെയാണോ തൂവൽപോലെ മൃദുലമായി ഒരു നീലക്കാളയുെട കുഞ്ഞിനെ സ്പർശിച്ചത്‌?
കോട്ടയം സ്വദേശിയായ തോമസ്‌ വിജയൻ കാനഡയിലാണ്‌ സ്ഥിരതാമസം. ദുബായിൽ ഡിജിറ്റൽ പ്രിന്റിങ്‌ പ്രസ്‌ ശൃംഖലയുെട അധിപനാണ്‌. വന്യജീവി സങ്കേതത്തിലേക്കുള്ള യാത്രകൾ ചിലപ്പോൾ മുൻകൂട്ടി തയ്യാറാക്കിയെന്നുവരില്ല. തലങ്ങും വിലങ്ങും ഭൂഖണ്ഡങ്ങൾ പിന്നിടും. അദ്ദേഹത്തിന്റെ വന്യജീവിചിത്രങ്ങളാകട്ടെ ആസ്വാദകരെ മാസ്മരവലയത്തിലാക്കുകയുംചെയ്യും.
രൺതംഭോറിൽ ഈയിടെ ഒരുദിവസം രാവിലെയാണ്‌ ക്യാമറയുമായി ജീപ്പിൽ യാത്രചെയ്തത്‌. പെട്ടെന്നാണ്‌ ഒരു ആൺകടുവ ശ്രദ്ധയിൽപ്പെട്ടത്‌. കടുവ അസ്വസ്ഥനായി നടക്കുന്നതുപോലെ അദ്ദേഹത്തിന്‌ തോന്നി. മുഖഭാവത്തിൽനിന്ന്‌ അത്‌ പ്രകടമായിരുന്നു. അസ്വസ്ഥതമാത്രമല്ല പരിഭ്രാന്തിയുമുണ്ടായിരുന്നു അതിന്‌. പാറക്കൂട്ടത്തിന്‌ സമീപം കടുവ അല്പം നിന്നു. ചിന്താധീനനായി നിൽക്കുന്നതുപോലെ അദ്ദേഹത്തിന്‌ തോന്നി.
കടുവയുടെ വരാനിരിക്കുന്ന ഭാവങ്ങൾ മുൻകൂട്ടിക്കണ്ടുകൊണ്ട്‌ അദ്ദേഹം മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്നു.

കടുവയെ സൂക്ഷ്മമായി നോക്കി. കടുവ പശ്ചാത്തപിക്കുന്നതുപോലെ തോന്നി’, മെല്ലെ ക്യാമറയുമായി നടന്നു. മറ്റൊരു മരച്ചില്ലകൾക്കിടയിൽ പതിയിരുന്നു. ചുറ്റിത്തിരിഞ്ഞ്‌ കടുവ മറ്റൊരു ഭാഗത്തേക്ക്‌ നീങ്ങി. അപ്പോൾക്കാണാം ഒരു നീലക്കാളയെ കൊന്നിട്ടിരിക്കുന്നു. നീലക്കാളയുടെ ജഡം കടുവ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. അതിന്റെ ഇറച്ചി കീറിമുറിക്കാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ല. (നീൽഗായ്‌ എന്നറിയപ്പെടുന്ന മൃഗമാണ്‌ നീലക്കാള. ആണിനും പെണ്ണിനും ഒരേ പേര്‌ തന്നെ)
നീലക്കാളയെ കൊന്നശേഷമാണ്‌ കടുവയ്ക്ക്‌ ഒരുകാര്യം ബോധ്യമായത്‌. മണിക്കൂറുകൾക്കുള്ളിൽ പിറക്കാനിരുന്ന കുഞ്ഞ്‌ നീലക്കാളയുടെ വയറ്റിലുണ്ടായിരുന്നു. അമ്മ കൊല്ലപ്പെട്ടതിനാൽ കുഞ്ഞും സ്വാഭാവികമായി മരിച്ചുകാണും.മരച്ചില്ലകൾക്കിടയിലൂടെ കടുവയുടെ പരിഭ്രാന്തിയും ചലനങ്ങളും വ്യക്തമായിക്കാണാൻ കഴിഞ്ഞുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ നീലക്കാളയെ വലിച്ച്‌ മെല്ലെ നീക്കുകയുംചെയ്തു.
‘താങ്കളും കൂടെയുള്ള ഗൈഡും സമീപത്തുണ്ടായിരുന്നത്‌ കടുവയ്ക്ക്‌ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നോ?’
‘കടുവ ഞങ്ങളെ കണ്ടിട്ടില്ലായിരുന്നുവെന്നുവേണം കരുതാൻ. അല്ലെങ്കിൽ പരിഭ്രാന്തിയിലും പശ്ചാത്താപത്തിലും പരിസരംതന്നെ കടുവ മറന്നുപോയതുപോലെ തോന്നി.’രൺതംഭോറിൽ ഏതാണ്ട്‌ പന്ത്രണ്ട്‌തവണ കടുവയെത്തേടി എത്തിയിട്ടുള്ള തനിക്ക്‌ ഇത്ര അസാധാരണരംഗം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന്‌ അദ്ദേഹം പറയുന്നു.കടുവയെ ഇമവെട്ടാതെ നിരീക്ഷിച്ചപ്പോൾ തോമസ്‌ വിജയന്‌ കൃത്യമായ നിഗമനത്തിലെത്താൻ കഴിഞ്ഞു: ഒരു ശസ്ത്രക്രിയാവിദഗ്‌ധനെപ്പോലെ ചോരക്കുഞ്ഞിനെ നീലക്കാളയുെട വയറ്റിൽനിന്ന്‌ എടുത്തുമാറ്റുകയാണ്‌ കടുവയുടെ ഉറച്ച തീരുമാനം.
ആ നിഗമനം ശരിയായിരുന്നു. പിറക്കാനിരിക്കുന്ന കുഞ്ഞുള്ള അമ്മയെ കൊലചെയ്തപ്പോൾ ഇങ്ങനെ ഒരു പ്രതിസന്ധി തരണംചെയ്യേണ്ടിവരുമെന്ന്‌ കടുവ കരുതിക്കാണില്ല. ഏതായാലും കുഞ്ഞിനെ ചത്തുകിടക്കുന്ന അമ്മയുടെ വയറ്റിൽനിന്ന്‌ പുറത്തെടുക്കാൻ കടുവ തയ്യാറെടുത്തു. അതീവ സൂക്ഷ്മതയോടെ കടുവ നീങ്ങി. തൊട്ടടുത്തുള്ള മരച്ചില്ലയിൽനിന്ന്‌ കുറച്ച്‌ ഇലകൾ കടുവ കടിച്ചെടുത്തു. ഇലകൾ നിലത്തിട്ടു. അവ തുടർന്ന്‌ വായിലേക്ക്‌നീക്കി കടിച്ചുപിടിച്ചു. വീണ്ടും നിലത്തിട്ടു.
നീലക്കാളയുടെ വയറ്‌ ശസ്ത്ര ക്രിയാവിദഗ്‌ധനെപ്പോലെ കടുവ മെല്ലെ കൈകൊണ്ട്‌ കീറി. മെല്ലെ ഒാരോ നാരും കീറുന്നതുപോലെ. ഏതാണ്ട്‌ അരമണിക്കൂറിനുള്ളിൽ ചോരക്കുഞ്ഞിനെ കടുവ പുറത്തെടുത്തു. പല്ലുകൾക്കിടയിൽ ഇലകൾ കടിച്ചുപിടിച്ചശേഷം കുഞ്ഞിനെ മെല്ലെ കടിച്ചെടുത്തു. അതീവ ശ്രദ്ധയോടെ കാലടികൾവച്ച്‌ ചത്തുകഴിഞ്ഞ കുഞ്ഞി നെ ഒരു പാറയ്ക്കരികിൽ കിടത്തി.
കടുവ തന്റെ കുഞ്ഞുങ്ങളെ പല്ലുകൾകൊണ്ട്‌ കടിച്ചെടുത്ത്‌ ഒട്ടും നോവിക്കാതെയാണ്‌ മറ്റൊരിടത്തേക്ക്‌ നീക്കുക. തൂവൽസ്പർശംപോലെയായിരിക്കും അപ്പോൾ പല്ലുകൾ. അതേ സൂക്ഷ്മതയോടെയാണ്‌ നീലക്കാളയുടെ കുഞ്ഞിനെയും കടുവ പുറത്തെടുത്തത്‌.കൂടുതൽ കാണാൻകഴിഞ്ഞില്ല. കുഞ്ഞിനെ പാറക്കൂട്ടങ്ങൾക്കിടയിലേക്ക്‌ കടുവ മാറ്റിക്കഴിഞ്ഞിരുന്നു.കുറച്ചുനേരംകൂടി തോമസ്‌ വിജയൻ അവിടെ കാത്തിരുന്നു. പക്ഷേ, കടുവ നടന്നുനീങ്ങുന്നത്‌ കാണാമായിരുന്നു.
ഇന്ത്യയിലെയും ആഫ്രിക്കയിലെയും നിരവധി വന്യമൃഗസങ്കേതങ്ങളിൽ ക്യാമറയുമായി നീണ്ടദിവസങ്ങൾ യാത്രചെയ്തിട്ടുണ്ടെങ്കിലും അത്യപൂർവമായ രംഗം രൺതംഭോറിൽനിന്ന്‌ മാത്രമാണ്‌ കിട്ടിയതെന്ന്‌ തോമസ്‌ വിജയൻ പറഞ്ഞു. പിറ്റേന്ന്‌ ഈ പാറക്കൂട്ടങ്ങൾക്കിടയിൽവനംവകുപ്പുദ്യോഗസ്ഥരുമായിച്ചേർന്ന്‌ തിരച്ചിൽ നടത്തി. നീലക്കാളയുടെ അസ്ഥികൂടം കാണാൻകഴിഞ്ഞു. പക്ഷേ, ചോരക്കുഞ്ഞിന്റെ യാതൊരു അവശിഷ്ടങ്ങളും കാണാൻകഴിഞ്ഞില്ല.ജി. ഷഹീദ്.

May 17
12:53 2017

Write a Comment