Article

ആകാശത്തിലെയും ഭൂമിയിലെയും ദേശാടകർ

മാനത്തുനിന്ന് ഒരു മഴവില്ല് വനത്തിലെ പുല്‍ക്കൊടിയിലേക്ക് വീണു. പല വര്‍ണങ്ങളിലുള്ള ചെറിയ പക്ഷി. ഒമ്പതോളം നിറങ്ങള്‍. കാവിക്ക് പ്രാമുഖ്യമുള്ളതിനാല്‍ പക്ഷിയെ കാവി എന്ന പേരിട്ടുവിളിച്ചു. (Indian Pitta).ഹിമാലയത്തില്‍ അതിശൈത്യമാകുമ്പോള്‍ പക്ഷി ദേശാടനത്തിനായി ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും പറക്കുന്നു. പക്ഷിയുടെ സൗന്ദര്യം ആസ്വദിക്കുന്നവര്‍ കണ്‍കുളിര്‍ക്കെ നോക്കിനില്‍ക്കും.
1950-ല്‍ റഷ്യയില്‍നിന്ന് അടയാളപ്പെടുത്തിവിട്ടൊരു ചെമ്പന്‍ കുരുവിയെ നാലുവര്‍ഷത്തിനു?േശഷം തിരുവല്ലയില്‍നിന്ന് കണ്ടെടുത്തത് ലോകപ്രശസ്ത പക്ഷിഗവേഷകനായ ഡോ. സാലിം അലി തന്റെ കുറിപ്പുകളില്‍ അനുസ്മരിച്ചിട്ടുണ്ട്.
പക്ഷികളുടെ ദേശാടനം നിഗൂഢവും അത്യപൂര്‍വ പ്രതിഭാസവുമാണ്. മുന്‍കാലങ്ങളില്‍, നേര്‍ത്തവല കാട്ടിലെ വൃക്ഷങ്ങളിലിട്ട് അവയെ പിടിച്ച് കാലില്‍ ചെറിയ വളയമിട്ട് അടയാളപ്പെടുത്തിയാണ് വിട്ടിരുന്നത്. അന്തര്‍ദേശീയ ധാരണയനുസരിച്ച് അവയെ കിട്ടുന്ന രാജ്യങ്ങള്‍ ഇന്ത്യയെ അറിയിക്കും. മറ്റ് വിദേശരാജ്യങ്ങളുമായി ഇന്ത്യയും സഹകരിക്കും.
ശാസ്ത്രം വിപ്ലവകരമായ നേട്ടങ്ങള്‍ ൈകവരിച്ചതോടെ പക്ഷിനിരീക്ഷണവും ഗവേഷണവും അനായാസമായി. ഒരു കംപ്യൂട്ടര്‍ മതി, ഉപഗ്രഹങ്ങളിലൂടെ ആകാശവും ഭൂമിയും മേഘങ്ങളും തുറന്നുകിട്ടുന്നു. ദേശാടനത്തിന്റെ പ്രപഞ്ചം അനാവരണം ചെയ്യപ്പെടും. സ്ഥിതിവിവരക്കണക്കുകള്‍ എല്ലാം ഗവേഷകന്റെ വിരല്‍ത്തുമ്പില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.
വംശനാശം നേരിട്ടതിനാല്‍ യൂറോപ്പിലെ നോര്‍ത്തേണ്‍ ബാള്‍ഡ് ഐബിസ് (Northern bald ibis) എന്ന പക്ഷി ചിത്രങ്ങളില്‍മാത്രമൊതുങ്ങിനിന്നു. മൊറോക്കോയിലും ഉണ്ടായിരുന്ന ഈ പക്ഷിയുടെ കുഞ്ഞുങ്ങളെ വിയന്നയില്‍ കൊണ്ടുവന്ന് വളര്‍ത്തി നീണ്ട പത്തുവര്‍ഷങ്ങള്‍കൊണ്ട് പിന്‍തലമുറക്കാരെയും ദേശാടനം പഠിപ്പിച്ച ശാസ്ത്രജ്ഞനാണ് വിയന്ന യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ജൊഹന്നാസ്ഫ്രിറ്റ്സ്. ഇന്ന് ഈ പക്ഷി ലോകാദ്ഭുതമായി മാറി. വിയന്നയില്‍നിന്നും 1000 കിലോമീറ്റര്‍ അകലെ ഇറ്റലിയിലേക്ക് പക്ഷി ദേശാടനത്തിന് പറക്കുന്നു.
അന്താരാഷ്ട്ര ദേശാടനപ്പക്ഷിദിനമാണ് ഇന്ന്. ആഘോഷങ്ങള്‍ക്ക് ഐക്യരാഷ്ട്രസംഘടന മുന്‍കൈ എടുത്തിരിക്കുന്നു. 'പക്ഷികളുടെ ഭാവി അടിസ്ഥാനമാക്കിയാണ് നമ്മുടെ ഭാവിയും നിലനില്‍ക്കുന്നത്'. ഇതാണ് ഈ ദിവസത്തെ മഹത്തായ സന്ദേശം. 2006-ല്‍ ആദ്യമായി ആഘോഷം തുടങ്ങിയപ്പോള്‍ ചെറിയ സദസ്സുകള്‍ ആയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് വലുതായി. കാനഡയിലും ന്യൂയോര്‍ക്കിലും ലണ്ടനിലും പാരീസിലും വലിയ സ്റ്റേഡിയങ്ങളിലേക്ക് പ്രകൃതിസ്‌നേഹികള്‍ പ്രവഹിച്ചു. ദേശാടനപ്പക്ഷികളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുകയാണ് ദൗത്യം.
പെരിയാറിന്റെ തീരത്തുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിലും കാവി പക്ഷി വര്‍ഷംതോറും ദേശാടനത്തിനെത്തുന്നുവെന്ന് പക്ഷിഗവേഷകനായ ഡോ. ആര്‍. സുഗതന്‍ പറഞ്ഞു. തട്ടേക്കാടിന്റെ പേര് ഇപ്പോള്‍ സാലിം അലി പക്ഷിസങ്കേതം എന്നാണ്. പെരുമ്പാവൂര്‍ സ്വദേശി ഡോ. ആര്‍. സുഗതന്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ഡോ. സാലിം അലിയുടെ ശിഷ്യനായിത്തീര്‍ന്നു.
ചില പക്ഷികളുടെ ദേശാടനം അവിശ്വസനീയ അനുഭവമാണ്. ഉത്തരധ്രുവത്തില്‍നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് ദേശാടനംചെയ്യുന്ന ആര്‍ട്ടിക് ടേണ്‍ (Artic Tern) എന്ന ചെറിയ കടല്‍പ്പക്ഷി അദ്ഭുത പ്രതിഭാസമാണ്. ദേശാടനത്തില്‍ ഏറ്റവും നീണ്ടയാത്ര ഈ പക്ഷിയുടെതാണ്. ഇതില്‍ പുതിയൊരു കണ്ടെത്തലിന്റെ ആഹ്‌ളാദം ലോക പക്ഷിനിരീക്ഷകരുമായി പങ്കുവെയ്ക്കുകയാണ് ന്യൂകാസില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷക മേധാവി ഡോ. റിച്ചാര്‍ഡ് ബേവന്‍.
''150 ഗ്രാം മാത്രം തൂക്കമുള്ള ഈ പക്ഷി ഇത്തവണ പുതിയ ലോക റെക്കോഡ് സൃഷ്ടിച്ചു. ഭൂമിയുടെ മേല്‍ക്കൂരയായ ഉത്തരധ്രുവത്തില്‍നിന്ന് ദക്ഷിണ ധ്രുവത്തിലെ അന്റാര്‍ട്ടിക്കയിലേക്ക് പക്ഷി 96,000 കിലോമീറ്റര്‍ പറന്നു. ഇതുവരെയായി 91,000 കിലോമീറ്ററായിരുന്നു സഞ്ചാര പഥം. ഇതോടെ ഈ പക്ഷി ഗവേഷകരുടെ ശ്രദ്ധാകേന്ദ്രമായി മാറി. പക്ഷികളുടെ 600-ഓളം ഇനങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ 40 ശതമാനം ദേശാടനപ്പക്ഷികളാണ്. വിദേശത്തുനിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍നിന്നും എത്തുന്ന പക്ഷികള്‍. കൂടാതെ പ്രാദേശികതലത്തില്‍ ദേശാടനം ചെയ്യുന്നവയും ഉണ്ട്.
കാഴ്ചയില്‍ താറാവിന്റെ വലിപ്പമുള്ള പക്ഷികളുണ്ട്. പറക്കാന്‍ കഴിയുമോ എന്ന് സംശയിച്ചുപോവും. പക്ഷേ, അനായാസമായി പറന്നുയരും. കാട്ടുതാറാവ്- ബാര്‍ ഹെഡഡ് ഗൂസ് (Bar Headed Goose). കാനഡയില്‍നിന്ന് അറ്റ്ലാന്റിക് സമുദ്രം താണ്ടി ഈ പക്ഷി ഇന്ത്യയിലെത്തുന്നു. സൈബീരിയയില്‍നിന്നും 10,000-ത്തോളം കിലോമീറ്ററുകള്‍ പറന്നാണ് എരണ്ട വര്‍ഗത്തില്‍പ്പെട്ട പക്ഷികള്‍ കേരളത്തില്‍ എത്തുന്നത്. 1970-തുകളിലാണ് അവ ആദ്യമായി അമ്പലമേട് തടാകത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ അവ കൂട്ടമായി എടമലയാര്‍ വനത്തിലെ തണ്ണീര്‍ത്തടങ്ങളിലും എത്തുന്നു. അമ്പലമേട്ടില്‍ അവയുടെ എണ്ണം കുറഞ്ഞു. അതുപോലെ യൂറോപ്പില്‍നിന്ന് കൂട്ടമായി എത്തുന്ന ചിലപ്പന്‍ പക്ഷികള്‍ സ്ഥിരമായി തട്ടേക്കാട് പക്ഷിസങ്കേതത്തിലും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും എത്തുന്നു. വെള്ള ബകത്തി (White Stork) ന്റെ കാര്യം തന്നെ എടുക്കാം. അവ പലപ്പോഴും തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ തണ്ണീര്‍ത്തടങ്ങളില്‍ എത്തുന്നത് യൂറോപ്പില്‍ നിന്നാണ്. വലിയ മീനുകളെ അവ കാത്തിരുന്നു പിടിക്കുന്നു. അങ്ങനെ ആകര്‍ഷകമായ ഒരു ചിത്രമാണ് പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫറായ ഷഫീക് ബഷീര്‍ ‚അഹമ്മദിന് ഈയിടെ കിട്ടിയത്.
കാവി കൂടാതെ നീണ്ട ആകര്‍ഷകമായ വാലുള്ള ഫ്‌ലൈകാച്ചറും (Flycatcher) ഹിമാലയത്തില്‍നിന്ന് തട്ടേക്കാട്ടും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും എത്തുന്നു. നാകമോഹന്‍ എന്നും ചുക്ക് പക്ഷിയെന്നും ഇതിനെ വിളിക്കുന്നു. പെണ്ണിനെക്കാള്‍ കാഴ്ചയില്‍ അതിസുന്ദരനാണ് ആണ്‍പക്ഷി.
കഴുത്ത് കറുത്തനിറമായ കൊറ്റിയെ ഇന്ത്യയിലെ പക്ഷിഗവേഷകന്‍ ദീര്‍ഘകാലം അന്വേഷിച്ചു. ചൈനയില്‍നിന്നും ഹിമാലയത്തില്‍നിന്നുമാണ് കൊക്കിനെപ്പോലുള്ള ഈ പക്ഷി ലഡാക്കില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ വര്‍ഷം തോറും എത്തിയിരുന്നത്. പട്ടാള ഉദ്യോഗസ്ഥരില്‍നിന്ന് പക്ഷിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ അക്കാര്യം ഡോ. സാലിം അലിയെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അറിയിച്ചു.
1976-ല്‍ പട്ടാളക്കാരുടെ അകമ്പടിയോടെ ഹിമാലായത്തിലെ മഞ്ഞിന്‍ ശൃംഖങ്ങളില്‍ സാലിം അലി കാല്‍നടയായി എത്തി. മലയാളികളായ രണ്ടു ശിഷ്യരും കൂടെയുണ്ടായിരുന്നു. ഡോ. സുഗതനും ഡോ. വി.എസ്. വിജയനും. സംഘം പക്ഷിയെ ലഡാക്കില്‍ കണ്ടെത്തി. പക്ഷി ഗവേഷക ചരിത്രത്തില്‍ അത് അവിസ്മരണീയമായ അധ്യായമായിരുന്നുവെന്ന് ഡോ. സുഗതന്‍ അനുസ്മരിച്ചു. തുടര്‍ന്നാണ് ഇന്ത്യയിലെ നിരവധി പക്ഷിഗവേഷകരും വനംവകുപ്പ് ഉദ്യോഗസ്ഥരും പക്ഷിയെത്തേടി ലഡാക്കില്‍ എത്തിയത്. പ്രശസ്ത വന്യജീവി ഫിലിം നിര്‍മാതാവായ രാജേഷ് ബേഡിക്ക് വേദനിപ്പിക്കുന്ന അനുഭവം ഒരിക്കല്‍ ഉണ്ടായി. ഷൂട്ടിങ്ങിനായി ലഡാക്കില്‍ ക്യാമ്പ്ചെയ്തു. മുട്ടകള്‍ വിരിയാന്‍ സമയമായിരുന്നു. അപ്പോള്‍ അപ്രതീക്ഷിതമായി ഹിമാലത്തില്‍നിന്ന് ഉണ്ടായ ജലപ്രവാഹത്തില്‍ പക്ഷിയുടെ കൂടും മുട്ടകളും ഒഴികിപ്പോയി. പക്ഷി അമ്പരപ്പോടെ ലഡാക്കില്‍ തലങ്ങും വിലങ്ങും പറന്നു. പിന്നീട് നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുന്ന രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് (Black necked crane)
ജന്മനാട്ടില്‍ അതിശൈത്യമാകുമ്പോഴാണ് പക്ഷികള്‍ അയല്‍നാട്ടിലേക്കോ വിദൂര ദേശത്തേക്കോ ദേശാടനത്തിന് തയ്യാറെടുക്കുന്നത്. വിദേശരാജ്യങ്ങളിലെ പക്ഷികള്‍ ഇന്ത്യയിലേക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറുന്നു. ഇന്ത്യക്കകത്തുനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രാദേശിക തലത്തിലും ദേശാടനം നടക്കുന്നു. ശൈത്യമായതിനാല്‍ കനത്ത മഞ്ഞുവീഴ്ചമൂലം ഇരതേടല്‍ ദുഷ്‌കരമാകുന്നു. പൂക്കളില്ലാത്തതിനാല്‍ തേനും പ്രാണികളുമില്ല. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ജന്മസഹജമായ ദേശാടനത്തിന് പക്ഷികള്‍ നിര്‍ബന്ധിതരാകുന്നത്. വ്യത്യസ്തമായ രാജ്യത്തെത്തുമ്പോള്‍ അവയ്ക്ക് അനുയോജ്യമായ വാസസ്ഥലം പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ടാകും. അവിടെ ഇരതേടല്‍ എളുപ്പമാകും.
പൂക്കളും തേനും പ്രാണികളും വണ്ടും ഉണ്ടാകും. നാട്ടില്‍ ശൈത്യം ക്രമേണ കുറയുമ്പോള്‍ അവ മടക്കയാത്ര ആരംഭിക്കും. ദീര്‍ഘദൂര ദേശാടനംനടത്തുമ്പോള്‍ പക്ഷികള്‍ ചിലയിടങ്ങളില്‍ തങ്ങി വേണ്ടത്ര കൊഴുപ്പുള്ള ഭക്ഷണംകഴിച്ച് പറക്കാനുള്ള ഊര്‍ജംതേടുന്നു. ചിലപ്പോള്‍ പക്ഷിക്ക് അപ്പോള്‍ തൂക്കം വെറും പന്ത്രണ്ട് ഗ്രാം ആയിരിക്കും.
സൈബീരിയില്‍നിന്ന് രാജസ്ഥാനിലെ ഭരത്പുര്‍ പക്ഷിസങ്കേതത്തില്‍ വര്‍ഷം തോറും എത്തിയിരുന്നതാണ് സൈബീരിയന്‍ കൊക്കുകള്‍ (Siberian Crane). ഇറാന്‍, അഫ്ഗാനിസ്താന്‍ വഴിയായിരുന്നു അവയുടെ ഭരത്പുരിലേക്കുള്ള യാത്ര. എണ്ണം കുറവായിരുന്നുവെങ്കിലും അവ പക്ഷിസങ്കേതത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. എന്നാല്‍, പത്തുവര്‍ഷമായി ഇവ യാത്ര മുടക്കി. അഫ്ഗാനിസ്താനിലും ഇറാനിലും നടത്തിയിരുന്ന പക്ഷിവേട്ട കാരണമാണ് അവയുടെ യാത്രമുടങ്ങിയതെന്ന് കരുതപ്പെടുന്നു. ഫ്‌ളമിംഗോ പക്ഷി ഗുജറാത്തിലെ കച്ചില്‍നിന്നും തമിഴ്നാട്ടിലെ പോയന്റ് കാലിമറിലാണ് എത്തിയിരുന്നതെങ്കിലും ചില ഒറ്റപ്പെട്ട യാത്രകള്‍ കേരളത്തിലേക്കും നടത്തിയിട്ടുണ്ട്. ഈയിടെ ലക്ഷദ്വീപ് സന്ദര്‍ശിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ കെ.ഐ. ബിജോയിക്കും യൂറോപ്പില്‍നിന്ന് എത്തുന്ന കടല്‍ പക്ഷികളെ അവിടെയുള്ള ദ്വീപുകളിലും മണല്‍ത്തിട്ടകളിലും കണ്ടെത്താന്‍ കഴിഞ്ഞു.
അദ്ദേഹത്തിന് അവിടെ നിരവധി ദേശാടനപക്ഷികളെ ക്യാമറയിലേക്ക് പകര്‍ത്താനായി. ചുവന്നചുണ്ടുള്ള കടല്‍പ്പക്ഷിയെ ആദ്യമായി അറബിക്കടലില്‍ നിന്ന് 'ക്ലോസ് അപ്പ്' ചിത്രങ്ങളില്‍ പകര്‍ത്താന്‍ കഴിഞ്ഞത് അദ്ദേഹത്തിനാണ്. അതുപോലെ മംഗോളിയയില്‍ നിന്ന് നാഗാലാന്‍ഡില്‍ എത്തിയശേഷം അറബിക്കടല്‍ വഴി ദക്ഷിണാഫ്രിക്കയിലേക്ക് ദേശാടനംചെയ്യുന്ന ചെങ്കാലന്‍ പുള്ള് (Amur Falcon) ആദ്യമായി പാലക്കാട്ട് എത്തിയപ്പോള്‍ ചിത്രമെടുക്കാന്‍ നിരവധി പ്രകൃതിസ്‌നേഹികള്‍ക്ക് കഴിഞ്ഞു. െഷഫീക്ക് ബഷീര്‍ അഹമ്മദും കെ.ഐ. ബിജോയും അതിലുള്‍പ്പെടുന്നു.
കുമരകത്തും കണ്ണൂരിലെ കാട്ടാമ്പള്ളിയിലും കുട്ടനാട്ടിലും കടലുണ്ടിയിലും പൊറത്തൂരിലും തൃശ്ശൂരിലെ കോള്‍നിലങ്ങളിലും അഷ്ടമുടിക്കായലിലും വര്‍ഷംതോറും ദേശാടനപ്പക്ഷികള്‍ എത്തുന്നു. വിവിധ വന്യമൃഗസങ്കേതങ്ങളിലും ഈപക്ഷികളെ കാണാം. കാലാവസ്ഥാവ്യതിയാനം മൂലം അവയുടെ ദേശാടനരീതിയിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി ശാസ്ത്രജ്ഞര്‍ പറയുന്നു. യൂറോപ്പിലാകട്ടെ എല്‍-നിനോ പ്രതിഭാസം അവയുടെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ചു. താമസിച്ച് മുട്ടയിടുന്നതും വിരിയുന്ന കുട്ടികളില്‍ ചിലത് ചത്തുപോകുന്നതും പഠനവിധേയമാക്കിവരുന്നു.
ഉപഗ്രഹങ്ങള്‍ വഴി ദേശാടനം നിരീക്ഷിച്ചതില്‍നിന്ന് ഗ്രേ ഹെഡ് ആല്‍ബട്രോസ് എന്ന പക്ഷി പത്തുദിവസങ്ങള്‍കൊണ്ട് ഭൂമിയെ പ്രദിക്ഷണം വെക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ശാന്തസമുദ്രത്തില്‍ സൂട്ടി ടേണ്‍ എന്ന പക്ഷി 64000 കിലോമീറ്ററുകള്‍ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശപേടകങ്ങളും ഇങ്ങനെയുള്ള നിരീക്ഷണങ്ങള്‍ നടത്തുന്നു. 900-ത്തോളം പ്രമുഖ ഇനങ്ങളിലെ പക്ഷികള്‍ ദേശാടനം നടത്തുന്നവയാണ്.


ജി. ഷഹീദ്

May 24
12:53 2017

Write a Comment