Article

ആശാന്‍ ആവശ്യപ്പെട്ടു, ശിക്ഷ്യന്‍ കണ്ടെത്തി-മാക്കാച്ചിക്കാടയെ..

പക്ഷി എവിടെ? സാലിം അലിക്ക് ആകാംക്ഷയായിരുന്നു. പക്ഷേ പക്ഷി പെട്ടെന്ന് പറന്നുപോകുന്നത് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. നന്നായി കാണാന്‍ കഴിഞ്ഞില്ല. ഗുരുവിന് പക്ഷിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശിഷ്യനായ ഡോ. ആര്‍. സുഗതന്‍ ഇന്ന് ഇരിക്കുന്നത് പക്ഷികള്‍ക്ക് നടുവിലാണ്.
പശ്ചിമഘട്ട മലനിരകളിലെ അപൂര്‍വ പക്ഷിയായിരുന്ന മാക്കാച്ചിക്കാട (Frogmouth)അന്ന് ആര്‍ക്കും പിടികൊടുത്തിരുന്നില്ല. അവയെ കാണാന്‍ കഴിയുക അസാധ്യമായിരുന്നു. പശ്ചിമഘട്ടത്തില്‍ ഈ പക്ഷിയുടെ മികച്ച ആവാസവ്യവസ്ഥ ഇപ്പോള്‍ ഉള്ളത് എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ മാത്രം. പക്ഷിസങ്കേതത്തിനാകട്ടെ, ലോകപ്രശസ്തനായ പക്ഷി ഗവേഷകന്‍ സാലിം അലിയുടെ പേരുമിട്ടു.
മാക്കാച്ചിക്കാടയെ കുറിച്ച് ഏറ്റവും നൂതനമായ പഠനമാണ് ഇപ്പോള്‍ തട്ടേക്കാട് നടക്കുന്നതെന്ന് അവിടെ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുന്ന ഡോ. സുഗതന്‍ പറയുന്നു. ജി.പി.എസ്. ഉപയോഗിച്ചാണ് നിരീക്ഷണവും പഠനവും. സങ്കേതത്തിലെ 16.16 ചതുരശ്ര കിലോമീറ്റര്‍ 118 ചെറിയ ബ്ലോക്കുകളായി തിരിച്ച് സൂക്ഷ്മമായ നിരീക്ഷണം. പക്ഷി നിരീക്ഷണത്തിന് കേരളത്തില്‍ ആദ്യമായിട്ടാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയും. പക്ഷിയുടെ സ്വഭാവ വിശേഷങ്ങള്‍, പ്രജനനം, കൂടുകൂട്ടല്‍, ഇരതേടല്‍ തുടങ്ങിയവയാണ് പഠന വിഷയങ്ങള്‍.
ചാരനിറമാണ് പക്ഷിക്ക്. ഉണങ്ങിയ ഇലകള്‍ക്കിടയില്‍ അതിനെ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. ഒറ്റനോട്ടത്തില്‍ അത് രാച്ചുക്കിനെപ്പോലെയാണ്. കുഞ്ഞിന്റെ കണ്ണുകള്‍ ചുവന്നിരിക്കും. മരക്കൊമ്പില്‍ ഉറക്കം തൂങ്ങുന്നതുപോലെ ഇരിക്കും. അനക്കമില്ല. രാത്രിയിലാണ് സഞ്ചാരം.
ജോഡികളായിട്ടാണ് അവയെ കൂടുതലും കാണുക. 1983 ല്‍ പക്ഷി സങ്കേതം രൂപപ്പെട്ടപ്പോള്‍ വെറും രണ്ട് ജോഡികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, 42 ജോഡികള്‍ തട്ടേക്കാട്ടുണ്ടെന്ന് ഡോ. സുഗതന്‍ പറഞ്ഞു. ആവാസവ്യവസ്ഥയ്ക്ക് കൂടുതല്‍ സംരക്ഷണം കിട്ടിയതുകൊണ്ടാണ് എണ്ണം കൂടിയത്.
പക്ഷേ ഇന്ന് ചില ഭീഷണികളും ഈ പക്ഷി നേരിടുന്നുണ്ട്. ഒരു വര്‍ഷത്തില്‍ ഒരു മുട്ട മാത്രമാണ് പക്ഷി ഇടാറുള്ളത്. അധികം ഉയരത്തിലല്ല കൂടുകള്‍. വൃക്ഷങ്ങള്‍ തൊട്ടുരുമ്മി ആനകള്‍ നടന്ന് നീങ്ങുമ്പോള്‍ ചിലപ്പോള്‍ കൂടുകള്‍ ഇളകാം. ചിലത് നിലത്ത് വീഴാം. കുരങ്ങുകളുടെ എണ്ണം കൂടിയതിനാല്‍ അവ ചിലപ്പോള്‍ പക്ഷിയുടെ മുട്ടകള്‍ തിന്നും. അണ്ണാനും മരത്തില്‍ കയറുന്ന പാമ്പുകളും മുട്ടകള്‍ മോഷ്ടിക്കും. ഈ ഭീഷണി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ വനംവകുപ്പ് ആലോചിക്കുന്നത്.
ഇംഗ്ലീഷുകാരായ പരിസ്ഥിതി പ്രവര്‍ത്തകരുടെ കുറിപ്പുകളില്‍ നിന്നാണ് സാലിം അലി ഈ പക്ഷിയെക്കുറിച്ച് കേട്ടത്. 1933-ല്‍ പക്ഷി സര്‍വേക്കായി തട്ടേക്കാട് എത്തിയ അദ്ദേഹം ഗിരിവര്‍ഗക്കാരില്‍ നിന്നും പക്ഷിയെക്കുറിച്ച് മനസ്സിലാക്കി. പക്ഷി സമ്പത്തുകൊണ്ട് ധന്യമായ തട്ടേക്കാട് അന്ന് മുതല്‍ക്കേ സാലിം അലിയെ ആകര്‍ഷിച്ചു.1933-ല്‍ പക്ഷിയെ കണ്ടില്ലെങ്കിലും അതിന്റെ സാന്നിധ്യം അദ്ദേഹം സ്ഥിരീകരിച്ചു. 1947-ല്‍ വീണ്ടും വന്നപ്പോള്‍ ഒരു നിലാവുള്ള രാത്രിയില്‍ പക്ഷിയുടെ ശബ്ദം വളരെ നേരം കേട്ടു. 1953-ല്‍ വീണ്ടും എത്തിയപ്പോള്‍ ചൂരല്‍ക്കാടുകളില്‍ നിന്നും ഒരു പക്ഷി പറന്ന് പോകുന്നത് കണ്ടു, അത്രമാത്രം. 1985-ല്‍ തട്ടേക്കാട് സന്ദര്‍ശിച്ചപ്പോഴും പക്ഷിയെക്കുറിച്ച് അന്വേഷിച്ചു. 1987-ല്‍ സാലിം അലി അന്തരിച്ചു.
ദക്ഷിണേന്ത്യയില്‍ നിന്ന് ആരെക്കണ്ടാലും പക്ഷിയെക്കുറിച്ച് അദ്ദേഹം ചോദിക്കുമായിരുന്നു. ഒടുവില്‍ 1975-ല്‍ തന്റെ ശിഷ്യനായ ഡോ. സുഗതനെ പക്ഷിയെ കണ്ടെത്താന്‍ അദ്ദേഹം നിയോഗിച്ചു. നീണ്ട വര്‍ഷങ്ങള്‍ കാണാതിരുന്ന പക്ഷിയെ 1977 ജനവരിയില്‍ സൈലന്റ് വാലിയിലെ കുന്തിപ്പുഴയുടെ തീരത്തുനിന്ന് ഡോ. സുഗതന്‍ കണ്ടെത്തി. ഇന്ത്യയുടെ പക്ഷിഗവേഷണ ചരിത്രത്തില്‍ സുപ്രധാനമായ ഒരു കണ്ടെത്തലായി അതിനെ ഡോ. സാലിം അലി വാഴ്ത്തിയിട്ടുണ്ട്.
തട്ടേക്കാട്ടുള്ള പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ ശാസ്ത്രജ്ഞനാണ് ഡോ.സുഗതന്‍ ഇപ്പോള്‍. വനത്തിന് സമീപം ചെറിയ ഒരു മുറിയിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. എന്നും വനത്തിലേക്കിറങ്ങി പക്ഷി നിരീക്ഷണത്തിന് അദ്ദേഹം പോകുന്നു.
ജി. ഷഹീദ്.

October 04
12:53 2017

Write a Comment