Article

ഈ കുട്ടികള്‍ പ്രകൃതിസ്നേഹത്തിന്‍റെ പച്ചവേരുകൾ

പഠിച്ച പരിസ്ഥിതി പാഠങ്ങൾ വെറുതേ മറക്കാനുള്ളതല്ല. പരിസ്ഥിതി സംരക്ഷണം ഏതെങ്കിലും ദിനത്തോടെ തീരുന്നതുമല്ല. ഇതാണ് പൃഥ്വി റൂട്ട്സിന്റെ പ്രവർത്തകർക്കു പറയാനുള്ളത്. അതുകൊണ്ടുതന്നെ ഒരേസ്കൂളിൽ പലകാലങ്ങളിലായി പഠിച്ചിറങ്ങിയ ഇവർ എല്ലാമാസവും പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി ഒത്തുചേർന്ന് ഈ നഗരത്തിന് മാതൃകയാവുകയാണ്. മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ‌ പരിസ്ഥിതി ക്ലബ്‌ അംഗങ്ങളായ പൂർവവിദ്യാർഥികളാണിവർ.
മരങ്ങൾ നട്ടും പുഴ സംരക്ഷിച്ചും ഇവർ വളരുകയാണ്‌ പ്രകൃതിയോടൊപ്പം. ഈ വർഷംമാത്രം നഗരത്തിൽ നട്ടത്‌ 900 മരങ്ങളാണ്‌. വെറുതേ മരം നട്ടുപോരുകയല്ല വെള്ളമൊഴിച്ച്‌ പരിപാലിക്കുകയുംചെയ്യും. കൃത്യമായി ഒരിടവേളയിൽച്ചെന്ന്‌ മരങ്ങളുടെയും ചെടികളുടെയും വളർച്ച നോക്കുകയും ചെയ്യുന്നുണ്ട്‌. പ്ലസ്‌ വൺ വിദ്യാർഥി മുതൽ എം.ബി.ബി.എസ്‌. വിദ്യാർഥി വരെയുണ്ട്‌ ഈ കൂട്ടായ്മയിൽ. 2012-ൽ ആരംഭിച്ചതാണെങ്കിലും ചെയ്തകാര്യങ്ങളുടെ ലിസ്റ്റ്‌ വളരെവലുതാണ്‌.
പ്രകൃതിതന്നെ ജീവിതം...
വരുംതലമുറയ്ക്കുവേണ്ടി പരിസ്ഥിതിയെ കാത്തുസംരക്ഷിക്കണമെന്ന ചിന്തയിൽനിന്നാണ്‌ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിയത്‌. രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും ബാനറുകൾക്കും ബോർഡുകൾക്കുംവേണ്ടി മരങ്ങളിൽ അടിച്ച ആണി ഊരിയാണ്‌ നഗരത്തിന്റെ ആദ്യ ശ്രദ്ധ ഇവരിലേക്കെത്തുന്നത്‌. വനംവകുപ്പിന്റെ സഹായത്തോടെ കാരപ്പറമ്പ്‌, മാളിക്കടവ്‌ കനാൽ റോഡ്‌, സരോവരം ബയോപാർക്ക്‌ എന്നിവിടങ്ങളിൽ മരങ്ങൾ നട്ടു. ബൈക്കിലും സ്കൂട്ടറിലുമായി പാത്രങ്ങളിൽ വെള്ളമെത്തിച്ചാണ്‌ ഇവയൊക്കെ നനയ്ക്കുന്നത്‌.
എല്ലാവരും വിദ്യാർഥികളായതുകൊണ്ട്‌ പാർട്ട്‌ ടൈം ജോലിചെയ്തും മറ്റും കിട്ടുന്ന വരുമാനംകൊണ്ട്‌ ഓട്ടോ വാടകയ്ക്കെടുത്താണ്‌ ഈകഴിഞ്ഞ വേനലിൽ മരങ്ങൾക്ക്‌ വെള്ളമൊഴിച്ചത്‌.
ഏകദേശം 70 അംഗങ്ങളാണ്‌ കൂട്ടായ്മയിലുള്ളത്‌. സ്കൂളിലെ പരിസ്ഥിതി കൂട്ടായ്മയിൽ അംഗങ്ങളായവർക്കുമാത്രമാണ്‌ പൃഥ്വി റൂട്ട്‌സിൽ അംഗത്വംലഭിക്കുക. സംഘടന രൂപവത്‌കരിച്ചപ്പോൾ നൂറോളം പേരുണ്ടായിരുന്നു. എന്നാൽ ജോലികിട്ടിയും പഠനാവശ്യത്തിനുമായി പലരും പുറത്തേക്ക്‌ പോയതോടെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിനപ്പുറവും ആരുമില്ലാത്തവർക്ക്‌ താങ്ങുംതണലുമേകാനും ഇവർ ശ്രദ്ധിക്കാറുണ്ട്‌. വയോജന മന്ദിരങ്ങളും അനാഥമന്ദിരങ്ങളും സന്ദർശിക്കുകയും വേണ്ട സഹായങ്ങൾ ചെയ്യുകയുംചെയ്യും. നഗരത്തിലെ കാടുവെട്ടാനും മാലിന്യം നീക്കംചെയ്യാനും കൂട്ടായ്മ മുമ്പിലുണ്ട്‌. വെറുതേ കാട്ടുവെട്ടി പോവുക മാത്രമല്ല. ഔഷധസസ്യങ്ങളും തണൽമരങ്ങളുടെ തൈകളും മാറ്റിനിർത്തി കൃത്യമായ നിരീക്ഷണത്തോടെയാണ്‌ കാടുവെട്ടുക. മാതൃഭൂമി നഗരം വാർത്തയെത്തുടർന്ന്‌ വെള്ളയിൽ റെയിൽവേ സ്റ്റേഷനിലെ കാടുകൾ മുഴുവൻ വെട്ടിവൃത്തിയാക്കിയത്‌ പൃഥ്വി റൂട്ട്‌സ്‌ അംഗങ്ങളാണ്‌.
തേടിയെത്തിയ നേട്ടങ്ങൾ...
ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ സംഘാടക സമിതിയുടെ എൻ.ജി.ഒയായി തിരഞ്ഞെടുത്തത്‌ പൃഥ്വി റൂട്ട്‌സിനെയാണ്‌. കൂടാതെ പതിനായിരം കുട്ടികൾ അണിനിരക്കുന്ന വയനാട്‌ ചുരത്തിലെ മഴയാത്രയുടെ വൊളന്റിയർമാരായി തിരഞ്ഞെടുത്തതും ഇവരുടെ മികവിന്റെ നേട്ടങ്ങളാണ്‌.

ജി. ഷഹീദ്.

October 10
12:53 2017

Write a Comment