Article

കണ്ടലുകള്‍- കരയുടെ സസ്യസൈന്യം

ആര്‍ത്തലച്ചുവരുന്ന കടലില്‍നിന്നും കലിതുള്ളിയടിക്കുന്ന കൊടുങ്കാറ്റില്‍നിന്നും നാം ജീവിക്കുന്ന കരയെ കാക്കുന്ന രക്ഷകരാണ് കണ്ടല്‍ക്കാടുകള്‍. കണ്ടലിനെ കരയുടെ കാവല്‍ക്കാരെന്നും വിശേഷിപ്പിക്കാറുണ്ട്. കണ്ടല്‍ വനങ്ങള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. കാലുകള്‍ പിണഞ്ഞ് കോര്‍ത്തുനില്‍ക്കുന്ന ഇവ ഒരു വന്‍ കോട്ടപോലെ നമ്മുടെ തീരങ്ങളെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്ന് ഇനിയും നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. ജനവര്‍ധനവും വികസനവും ഈ ജൈവ വൈവിധ്യ കലവറയെ ഇല്ലാതാക്കുകയാണ്. ഇത് തടഞ്ഞില്ലെങ്കില്‍ ഭൂമിയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയില്‍ അത് പരിഹരിക്കാനാവാത്ത ആഘാതമായി മാറും. ഈയൊരു സാഹചര്യത്തിലാണ് ജൂലായ് 26 ലോക കണ്ടല്‍ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യുനെസ്‌കോ തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം (2016) മുതലാണ് കണ്ടല്‍ദിനം ആചരിച്ചുതുടങ്ങിയത്.
സസ്യങ്ങളിലെ ഉഭയജീവികള്‍
കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെ നമുക്കറിയാം. എന്നാല്‍ ഒരേസമയം കരയിലും വെള്ളത്തിലും കാലുകളൂന്നി കഴിയുന്ന സസ്യമാണ് കണ്ടല്‍ (ങമൃഷി്്വവ). ഇവയെ സസ്യങ്ങളിലെ ഉഭയജീവികള്‍ എന്ന് പറയുന്നു. കാഴ്ചയിലും സ്വഭാവത്തിലും മറ്റ് ചെടികളില്‍നിന്നും വ്യത്യസ്തമാണ് കണ്ടലുകള്‍. തീരെ ചെറിയ കുറ്റിച്ചെടികള്‍ മുതല്‍ 60 മീറ്ററോളം ഉയരം വെക്കുന്ന വന്‍മരങ്ങള്‍വരെയുണ്ട് കണ്ടല്‍വര്‍ഗത്തില്‍. ഉഷ്ണ-ശീതോഷ്ണ മേഖലകളിലാണ് ഇവ വളരുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ അസാധാരണകഴിവ് കണ്ടലിനുണ്ട്.
കണ്ടലുകളുടെ വളര്‍ത്തച്ഛന്‍
കണ്ടല്‍ച്ചെടികളുടെ വളര്‍ത്തച്ഛനാണ് കല്ലേന്‍ പൊക്കുടന്‍(1937-2015). 1989-ല്‍ കണ്ണൂര്‍ പഴയങ്ങാടി പുഴയോരത്ത് കണ്ടല്‍ച്ചെടികള്‍ വെച്ചുപിടിപ്പിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ആയിരക്കണക്കിന് ചെടികളാണ് പൊക്കുടന്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ വെച്ചുപിടിപ്പിച്ചത്. രണ്ടാംക്ലാസ്വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും കണ്ടല്‍ക്കാടുകളുടെ പരിസ്ഥിതിശാസ്ത്രം ഇത്ര ആഴത്തില്‍ അറിഞ്ഞും അനുഭവിച്ചും ഹൃദിസ്ഥമാക്കിയ മറ്റൊരു പ്രകൃതിസ്‌നേഹി കേരളത്തിലില്ല.
സുന്ദര്‍ബന്‍സ് സുന്ദരവനം
ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍വനമാണ് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 24.7 ലക്ഷം ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന സുന്ദര്‍ബന്‍സ്. 26തരം കണ്ടല്‍ച്ചെടികള്‍ ഇവിടെ ഉണ്ട്. ധാരാളം സസ്തനികളും പക്ഷികളും ഉരഗങ്ങളും ഇവിടെ ജീവിക്കുന്നു. ബംഗാള്‍ കടുവയുടെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത.
സുന്ദര്‍ബന്‍സിനെ പല ഭാഗങ്ങളായി തിരിക്കുന്ന ജലപാതകളുണ്ട്. ഇതിലൂടെ വനത്തിന്റെ ഏതുഭാഗത്തും എത്താം. വിനോദസഞ്ചാരികളുടെ പറുദീസയാണിവിടം.
ആകാശത്തിലെ വേരുകള്‍!
എല്ലാ സസ്യങ്ങളും വേരുകള്‍ ഭൂമിയിലേക്ക് നീട്ടി വളര്‍ത്തുമ്പോള്‍ കണ്ടലിന്റെ വേരുകള്‍ മണ്ണില്‍നിന്ന് മുകളിലേക്കാണ് വളരുക. ഓക്സിജന്റെ അളവ് വളരെ കുറഞ്ഞ ചതുപ്പുപ്രദേശങ്ങളിലാണ് കണ്ടല്‍ വളരുന്നത് എന്നതുകൊണ്ടാണിത്. ഇങ്ങനെ വളരുന്ന വേരുകളില്‍ ചിലതിന് ഓക്സിജന്‍ ആഗിരണംചെയ്യാനുള്ള കഴിവുണ്ട്. അത്തരം വേരുകളില്‍ നേര്‍ത്ത സുഷിരങ്ങള്‍ കാണും. ഇത്തരം വേരുകളെ ബ്രീത്തിങ് റൂട്ട്‌സ് എന്നാണ് പറയുന്നത്.
ഉപ്പുവെള്ളത്തിലും ജീവിക്കും!
സാധാരണ ചെടികള്‍ ഉപ്പുവെള്ളത്തില്‍ നശിച്ചുപോവുകയാണെങ്കില്‍ കണ്ടല്‍ചെടികള്‍ക്ക് ഉപ്പുവെള്ളത്തെ വലിച്ചെടുത്ത് ശുദ്ധജലമാക്കാനുള്ള കഴിവുണ്ട് . അതുകൊണ്ട് ഉപ്പുവെള്ളത്തെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിയുന്നു. കടല്‍ത്തീരങ്ങളില്‍ നശിച്ചുപോകാതെ ഇവ വളരുന്നത് അതുകൊണ്ടാണ്. മാത്രമല്ല തീരപ്രദേശങ്ങളിലുള്ള കിണറുകളിലെ ഉപ്പുകലര്‍ന്ന വെള്ളം ചുറ്റും കണ്ടല്‍ച്ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതുമൂലം ശുദ്ധജലമായി മാറും. ഇതുമൂലം തീരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും കണ്ടല്‍ച്ചെടികള്‍ സഹായിക്കുന്നു. നല്ലൊരു ജല ശുദ്ധീകരണി കൂടിയാണ് കണ്ടല്‍.
പരിസ്ഥിതിയുടെ സംരക്ഷകര്‍
പരിസ്ഥിതിയുടെ നിലനില്‍പ്പ് അതിന്റെ ജൈവ വൈവിധ്യത്തിലാണല്ലോ! ചെറുപ്രാണികള്‍, ഇഴജന്തുക്കള്‍ മുതല്‍ കടുവപോലുള്ള വമ്പന്‍ മൃഗങ്ങള്‍വരെ ജീവിക്കുന്ന വലിയൊരു ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. ചില ജീവിവര്‍ഗങ്ങള്‍ കണ്ടല്‍ക്കാടുകളില്‍ മാത്രം ജീവിക്കുന്നവയാണ്. കണ്ടല്‍ക്കാടുകളിലെ നിത്യസന്ദര്‍ശകരാണ് ദേശാടനക്കിളികള്‍. പ്രകൃതിയിലെ ഭക്ഷ്യചങ്ങല നിലനിര്‍ത്താന്‍ സഹായിക്കുകവഴി പരിസ്ഥിതി സന്തുലനാവസ്ഥയാണ് കണ്ടലുകള്‍ കാക്കുന്നത്.
മത്സ്യങ്ങളുടെ വലിയൊരു പ്രജനനകേന്ദ്രംകൂടിയാണ് കണ്ടല്‍വനങ്ങള്‍. വികസ്വര രാജ്യങ്ങളിലെ മത്സ്യസമ്പത്തിന്റെ 25ശതമാനം ഇവിടെനിന്നാണ് ലഭിക്കുന്നത്.
കണ്ടല്‍ പെരുമ
ലോകത്താകെ 118 രാജ്യങ്ങളില്‍ കണ്ടല്‍ക്കാടുകളുണ്ട്. ഇവയുടെയെല്ലാം ആകെ വിസ്തൃതി ഏകദേശം 1,37,760 ചതുരശ്ര കിലോമീറ്റര്‍ വരും! ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള വന്‍കര ഏഷ്യയാണ്. കുറവ് ആഫ്രിക്കയും. നൂറോളം കണ്ടല്‍വര്‍ഗങ്ങളില്‍ 59 എണ്ണം ഇന്ത്യയിലാണ്. 10,000 ത്തോളം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നു. കേരളത്തില്‍ 10 ജില്ലകളിലായി കണ്ടല്‍വനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കണ്ണൂര്‍ ജില്ലയാണ് ഏറ്റവും മുന്നില്‍. കൊല്ലം ജില്ലയില്‍ ആയിരംതെങ്ങിലാണ് ഇന്ത്യയിലെ ഏക കണ്ടല്‍ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്.


ജി. ഷഹീദ്

October 12
12:53 2017

Write a Comment