Article

കാടൊഴിയുന്ന നക്ഷത്രങ്ങള്‍

വടക്കും വടക്ക്-കിഴക്കുമുള്ള രാജ്യാതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ രഹസ്യ-പരസ്യ കമ്പോളങ്ങളില്‍, തെക്കേ ഇന്ത്യയിലെ വരണ്ട മുള്‍ക്കാടുകളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് ഇന്ത്യന്‍ നക്ഷത്ര ആമകളാണ് പ്രതിവര്‍ഷം വിദേശത്തേക്ക് കപ്പല്‍ കയറാനൊരുങ്ങിക്കിടക്കുന്നത്.
പച്ചക്കറിയായി, ഉണക്കമത്സ്യമായി, പൂക്കളും, കളിപ്പാട്ടങ്ങളും തുണിക്കെട്ടുകളുമൊക്കെമായി പരിചിതമല്ലാത്ത ഇരുളും തണുപ്പും പുതച്ച് ദിവസങ്ങള്‍ നീളുന്ന യാത്രക്കൊടുവി ല്‍ ഈ ഇന്ത്യന്‍ നക്ഷത്രങ്ങള്‍ അതിര്‍ത്തി കമ്പോളങ്ങളിലേക്ക് ആനയിക്കപ്പെടുന്നു. ഗുജറാത്തില്‍ 'മഹാവിഷ്ണു'വിന്റെ അവതാരമായി കരുതുന്നതുകൊണ്ട് അവിടെ ക്ഷേത്രങ്ങളിലും വീടുകളിലും പുറംചട്ടയിലെ നക്ഷത്രങ്ങളില്‍ സുപരിചിതമാണ് ഇന്ത്യന്‍ നക്ഷത്ര ആമകള്‍. ചില വടക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ നൂറ്റാണ്ടുകളായിത്തന്നെ ഇവയെ ശുഭസൂചകമായി വളര്‍ത്തി വന്നിരുന്നു. നിയമത്തിന്റെ ചങ്ങലക്കെട്ടുകള്‍ വിശ്വാസങ്ങളില്‍ എന്നേ അലിഞ്ഞു പോയിരുന്നു. അതുകൊണ്ടുതന്നെ പ്രാദേശിക കൊടുക്കല്‍ വാങ്ങലുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഈ വന്യജീവിയുടെ വലിയൊരു വിപണനം ഇവിടെ ഉണ്ടാകുന്നില്ല എന്ന് പറയാം.
ഇന്ത്യന്‍ വന്യജീവി സംരക്ഷണനിയമത്തിന്റെ നാലാം അനുബന്ധത്തില്‍ മാത്രം ചേര്‍ക്കപ്പെടുകയും, ആഗോളതലത്തില്‍ സിഐടിഇഎസ് ([Convention on International Trade in Endangered Species of Wild Fauna and Flora) ചുവന്ന പട്ടികയില്‍ അടുത്ത കാലം വരെ 'കുറഞ്ഞ പരിഗണനാ' വിഭാഗത്തില്‍ ഒതുക്കുകയും ചെയ്തത് ഒരുകാലത്ത് ഇവയുടെ ആധിക്യം കൊണ്ടോ, മനുഷ്യര്‍ക്ക് ഈ അമൂല്യ നക്ഷത്രങ്ങളോട് വിപണനലക്ഷ്യങ്ങളില്ലാതിരുന്നതുകൊണ്ടോ ആവാം. (2016ല്‍ സിഐടിഇഎസ് ചുവന്ന പട്ടികയില്‍ ഇന്ത്യന്‍ നക്ഷത്ര ആമയുടെ സ്ഥാനം 'vulnerable' ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്). എന്നാല്‍ ഒന്നിലേറെ വ്യാഴവട്ടങ്ങളായി ലോകത്തില്‍ ഏറ്റവുമധികം അനധികൃതമായി വിപണനം ചെയ്യപ്പെടുന്ന ആമകളില്‍ ഇന്ത്യന്‍നക്ഷത്ര ആമ ഒന്നാം സ്ഥാനം അലങ്കരിച്ചു വാഴുമ്പോള്‍ ഇങ്ങു തെക്കേ ഇന്ത്യയുടെ ഒഴിയുന്ന മഴനിഴല്‍ക്കാടുകളെപ്പറ്റി, അവയിലെ കൂടുതല്‍ വരളുന്ന ഭൂമിയില്‍ വിത്ത് വിതരണത്തിന് സുപ്രധാനസ്ഥാനം വഹിക്കുന്ന നക്ഷത്ര ആമകളെപ്പറ്റി വേവലാതിപ്പെടാതിരിക്കാനാവില്ല.
വന്യജീവി സംരക്ഷണ നിയമം മൂലം നക്ഷത്ര ആമയുടെ വിപണനം നിരോധിക്കുന്ന ഇന്ത്യയില്‍, വടക്ക് പടിഞ്ഞാറ് ഗുജറാത്ത്-രാജസ്ഥാന്‍എന്നിവിടങ്ങളിലും, കിഴക്ക് ഒഡിഷയിലും, തുടര്‍ന്ന് തെക്ക് ആന്ധ-കര്‍ണ്ണാടകതമിഴ്‌നാട് ഭാഗങ്ങളിലും (കേരളത്തില്‍ ചിന്നാര്‍ വന്യജീവി സാങ്കേതത്തിന്റെ തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന വടക്ക് കിഴക്ക് ഭാഗങ്ങളില്‍) മാത്രം സ്വാഭാവിക ആവാസവ്യവസ്ഥയുള്ള നക്ഷത്ര ആമകള്‍ എത്ര ഭീകരമാംവണ്ണം ഉന്മൂലനം ചെയ്യപ്പെടുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.
2014-ല്‍ മാത്രം ആന്ധ-കര്‍ണ്ണാടക-തമിഴ്‌നാട് പ്രവശ്യകളുടെ പൊതു അനധികൃത-പ്രാദേശിക കമ്പോളങ്ങളില്‍ അന്‍പതിനായിരത്തില്‍ അധികം നക്ഷത്ര ആമകള്‍ വിപണനം ചെയ്യപ്പെട്ടു എന്ന് ആധികാരിക രേഖകള്‍ സംസാരിക്കുമ്പോള്‍ ആ വാസ്തവം ആശ്ചര്യത്തോടെ ഉള്‍ക്കൊള്ളാനേ നിവൃത്തിയുള്ളൂ. മാത്രമല്ല കൃത്യമായി സംഘടിച്ച ദക്ഷിണേന്ത്യന്‍ മാഫിയ ഇവയുടെ ശേഖരണത്തിനും വിപണനത്തിനുമായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു എന്നു വേണം കരുതാന്‍.
സിഐടിഇഎസ് നിബന്ധനകള്‍ക്ക് വിധേയമായ രാജ്യങ്ങളി ല്‍ പോലും ഇതിന്റെ വിപണനം ഫലപ്രദമായി തടയാനാകുന്നില്ല. കാരണം സിഐടിഇഎസ് അനുബന്ധം രണ്ടില്‍ മാത്രം ഇന്ത്യന്‍ നക്ഷത്ര ആമയെ ഉള്‍പ്പെടുത്തിയതിനാല്‍ വന്യതയില്‍ ഇവയുടെ എണ്ണത്തിനെ പ്രതികൂലമായി ബാധിക്കാത്തിടത്തോളം കാലം സിഐടിഇഎസ് റിക്കാര്‍ഡ്കളുടെ ആധികാരിക അകമ്പടിയോടെ ഇവയെ വിപണനം ചെയ്യാവുന്നതാണ്.
പക്ഷെ, വന്യതയില്‍ അഥവാ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ഇവയുടെ എണ്ണം കാലാകാലങ്ങളായി എത്രത്തോളം ആധികാരികമായി തിട്ടപ്പെടുത്തി സൂക്ഷിച്ചു വരുന്നുണ്ട്? മാത്രമല്ല, മറ്റു വന്യജീവികളെപ്പോലെ ഇവയുടെ എണ്ണം അവയുടെ തനതായ ആവാസവ്യവസ്ഥയില്‍ ഏറെക്കുറെ കൃത്യമായി കണ്ടെത്തുക എന്നത് തന്നെ വളരെ വിഷമകരമാണ്.
കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയില്‍ അകലെക്കിടക്കുന്ന ലബനനില്‍ നിന്നും കസാകിസ്താനില്‍ നിന്നും ഒടുവില്‍ ജോര്‍ദ്ദാനില്‍ നിന്നും ഇടനിലകമ്പോളക്കാരായ തായ്‌ലാന്റലേക്കും മലേഷ്യയിലേക്കും, സിങ്കപ്പൂരിലെക്കും ഇന്ത്യന്‍ നക്ഷത്ര ആമകള്‍ കയറ്റി അയക്കപ്പെടുന്നു എന്ന് വ്യക്തമാകുമ്പോള്‍ എങ്ങിനെ ഇത്ര വലിയൊരു അന്തര്‍ദേശീയ മാര്‍ക്കറ്റിലേക്ക് ഈ ഇന്ത്യന്‍ നക്ഷത്രങ്ങള്‍ അതിര്‍ത്തി കടന്നുകൊണ്ട് വന്‍തോതി ല്‍ എത്തപ്പെടുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ആരും ഇതുവരെ നല്‍കിയിട്ടില്ല.
മാത്രമല്ല ഇന്ത്യയില്‍ നിന്നും വിദേശങ്ങളിലേക്ക് അനധികൃതമായി കയറ്റി അയക്കപ്പെടുന്ന ഇന്ത്യന്‍ നക്ഷത്ര ആമകളില്‍ 10 ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ അതിര്‍ത്തികടന്നാല്‍ പിന്നെ ഇവയുടെ കയറ്റിറക്കുമതികള്‍ കൂടുതലും ചൈന, തായ്‌ലാന്‍ഡ് പോലുള്ള നിയമത്തിന്റെ പ്രതിബന്ധമില്ലാത്ത, സിഐടിഇഎസില്‍ ഒപ്പ് വയ്ക്കാത്ത അനുയോജ്യമായ രാജ്യങ്ങളിലൂടെ, ആകര്‍ഷകമായ വളര്‍ത്തു മൃഗമായി ജപ്പാനും അമേരിക്കയും, ഇംഗ്ലണ്ടും ഉള്‍പ്പടെ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കുമാണ്.
ഒരുപക്ഷെ, ഏതെങ്കിലും വിദേശരാജ്യത്തെ വീടുകളിലോ ഓഫീസ് മുറികളിലോ അലങ്കാരമായും ഓമനയായും മാറേണ്ടിയിരുന്ന അഞ്ഞൂറോളം നക്ഷത്ര ആമകള്‍ പുനരധിവാസത്തിലൂടെ ഇന്ന് ചിന്നാറിന്റെ മഴനിഴല്‍ കാടുകളില്‍ ശാന്തമായി അഭയം കണ്ടെത്തുന്നു. പ്രാദേശികമായും അല്ലാതെയും വിപണനം ചെയ്യപ്പെട്ടതോ, അനധികൃതമായി വളര്‍ത്തിയതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ പല പ്രായത്തിലും പെടുന്ന ഇവയെ സ്വാഭാവിക ഭക്ഷണക്രമം ഉള്‍പ്പടെ തനതായ ആവാസവ്യവസ്ഥയിലേക്ക് ക്രമേണ മാറ്റിയെടുക്കുക എന്നത് മാസങ്ങള്‍ നീളുന്ന പ്രക്രിയയാണ്.
കള്ളിച്ചെടി വര്‍ഗ്ഗത്തില്‍പ്പെടുന്ന കാക്ടസ് (cactus), വരണ്ട പ്രദേശങ്ങളിലെ നിലങ്ങളില്‍ പടര്‍ന്നു വളരുന്ന എലുമ്പൊട്ടി, തവിഴാമ തുടങ്ങിയവ ഇവയുടെ പ്രധാന ഭക്ഷണമാണ്. ചെറു കായ്കളും ഫലങ്ങളും ഇവ അകത്താക്കുന്നതോടൊപ്പം കാട്ടില്‍ കാണുന്ന ഒച്ചുകളുടെ പുറം തോടുകള്‍ ഇവ ആഹാരമാക്കുന്നതായി ശ്രദ്ധയില്‍ പെടിട്ടുണ്ട്. കാത്സ്യവും, വിറ്റമില്‍ ഡിയും നാരടങ്ങിയ ഭക്ഷണവും ഇവര്‍ക്ക് ആവശ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളിലൂടെയും തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെയും രൂപപ്പെടുത്തിയ ചിട്ടവട്ടങ്ങളോടെയുള്ള പുനരധിവാസരൂപരേഖ പിന്തുടര്‍ന്നാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നക്ഷത്ര ആമകളുടെ പുനരധിവാസം സാധ്യമാക്കുന്നത്. കഴിഞ്ഞ രണ്ട്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ നാനൂറിലധികം നക്ഷത്ര ആമകളെയാണ് ഇത്തരത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പുനരധിവസിച്ചിട്ടുള്ളത്.പ്രഭു മെന്‍സ് സാന

October 19
12:53 2017

Write a Comment