Article

കന്മഴ

വിത്തിലുറങ്ങിയ
വൃക്ഷങ്ങളൊക്കെയും
നിത്യവസന്ത നിലാവിനെ പുൽകവേ,
തൊട്ടും തലോടിയുമിപ്രകൃതീവനം
സൃഷ്ടിച്ച വേരിന്റെ പൈതൃകം കാണുക.

ഒറ്റ നാമ്പിൽ നിന്നു
മുപ്പത്തിമുക്കോടി ശില്പം മെനഞ്ഞ
മഹാത്ഭുതാരണ്യമേ,
പച്ചില കൊണ്ടു മെനഞ്ഞു താ,നീയെനി-
ക്കിത്തിരി നേരമിരിക്കാൻ തപോവനം.

ഒറ്റവാക്കിൽ വന്നു
സങ്കല്പ സാഗരം
മുട്ടി വിളിച്ച പുനർജ്ജനിപ്പൂഴിയിൽ
മുട്ടുകുത്താതെ മടങ്ങില്ല, പച്ചില -
ത്തത്തകൾ കൊത്തിക്കൊറിച്ച കാര്യാക്ഷരം .

നൊന്തു താരാട്ടിയ മണ്ണിന്റെ നെഞ്ചക-
സ്പന്ദനം പോലെ പിടയ്ക്കുന്ന
തൈകളെ ...
സ്വാന്തമെന്നോർത്തു വളർത്തുമീ
കൈകളേ ,
കണ്ടു തൊഴാൻ വന്ന
കന്മഴയാണു ഞാൻ!



ആര്യാ ഗോപി

November 04
12:53 2017

Write a Comment