Article

ആ ... ആന... ആഫ്രിക്ക

കാട്ടാനകളുടെ പൂരമാണ്‌ ആഫ്രിക്കയിൽ. അതോടൊപ്പം കാണാത്ത കാഴ്ചകളും ആനക്കൊമ്പുകളുടെ വേറിട്ട രൂപങ്ങളും. കൗതുകത്തോടെ നോക്കി നിന്നാൽ കാഴ്ചകളിൽ ലയിച്ചുപോകും. ലോകപ്രശസ്തമായ കിളിമഞ്ചാരോ മലനിരകളുടെ പശ്ചാത്തലം േനാക്കെത്താത്ത ആഫ്രിക്കൻ കാടുകൾക്ക്‌ ഉള്ളതിനാൽ പ്രകൃതി സൗന്ദര്യത്തിന്റെ വശീകരണ വലയത്തിലാകും സന്ദർശകർ എന്ന്‌ യുവ വന്യജീവി ഫോട്ടോഗ്രാഫർ സച്ചിൻ സാൻ പറയുന്നു. വടക്കൻ പറവൂർ സ്വദേശിയായ സച്ചിൻ ഈയിടെയാണ്‌ ക്യാമറയുമായി ആഫ്രിക്കൻ കാടുകളിൽ പര്യടനം നടത്തിയത്‌.

പലയിടങ്ങളിലും പുൽമേടുകളായതിനാൽ മേഞ്ഞു നടക്കുന്ന കാട്ടാനക്കൂട്ടങ്ങളെ അനായാസമായി കാണാൻ കഴിയും. കൊമ്പുകളും വിടർന്ന ചെവികളുമാണ്‌ സച്ചിനെ പ്രത്യേകം ആകർഷിച്ചത്‌. കൊമ്പുകൾ പിടിയാനകൾക്കുമുണ്ട്‌. വലിയ ചെവികൾ പലപ്പോഴും വീശിക്കൊണ്ടിരിക്കുമ്പോൾ അതിൽ വരമ്പുകളുടെ ആകൃതിയിലുള്ള ഭാഗങ്ങൾ വ്യക്തമായി കാണാം.

ജീപ്പ്‌ ഓടിക്കുന്നത്‌ സമർത്ഥരായ ഡ്രൈവർമാരാണ്‌. കാട്ടാനക്കൂട്ടങ്ങളെ തൊട്ടു, തൊട്ടില്ല എന്ന നിലയിൽ ജീപ്പുകൾ നിർത്തും. അപ്പോൾ തലയെടുപ്പുള്ള ഗജവീരന്മാർ തുറന്ന ജീപ്പിലിരിക്കുന്നവരെ സൂക്ഷിച്ചു നോക്കും. ചിന്നം വിളിയോ ശബ്ദകോലാഹലമോ പ്രതിഷേധമോ ആനക്കൂട്ടങ്ങൾക്കില്ല. അവ സ്വതന്ത്രമായി, സന്ദർശകരെ അലോസരപ്പെടുത്താതെ മേഞ്ഞു നടക്കും. കൊമ്പുകൾ പല തരത്തിലാണ്‌. അല്പം ഭയത്തോടെ മാത്രമേ കൂർത്ത കൊമ്പുകളെ നോക്കാനാവൂ എന്ന്‌ സച്ചിൻ സാൻ പറഞ്ഞു. ആഫ്രിക്കയിലെ ആദിവാസികളുടെ െെകയിലുള്ള കൂർത്ത കുന്തങ്ങളെപ്പോലെയാണ്‌ ചില കൊമ്പുകൾ. നമ്മുടെ നാട്ടിൽ ആനയെ മയക്കി തളർത്തിയശേഷമാണ്‌ കൊമ്പുകൾ വെട്ടി ചെറുതാക്കുകയും കൂർപ്പിക്കുകയും ചെയ്യുന്നത്‌. എന്നാൽ ആഫ്രിക്കൻ ആനകൾക്ക്‌ കൂർത്ത കൊമ്പുകൾ ജന്മനാ ലഭിക്കും.
രണ്ടു ഭാഗത്തേക്കും വേർപെട്ട്‌ നിൽക്കുന്ന കൊമ്പുകളുള്ള ഒരു ആനയും കുഞ്ഞും തമ്മിലുള്ള കുസൃതിക്കളികൾ സച്ചിൻ പ്രത്യേകം ശ്രദ്ധിച്ചു. കുഞ്ഞ്‌ ചിലപ്പോൾ അമ്മയുടെ കൊമ്പിൽ തൂങ്ങി നടക്കും. നടക്കുന്ന വഴിയിൽ കുഞ്ഞിനെ അമ്മ കൊമ്പുകൊണ്ട്‌ താലോലിക്കുകയും ചിലപ്പോൾ അകറ്റി നിർത്തി പുല്ലുകൾ വേരോടെ പിഴുത്‌ തിന്നുകയും ചെയ്യും. കുഞ്ഞ്‌ അല്പ ദൂരം ഓടി നടന്നാലും അമ്മയുടെ അടുത്ത്‌ തിരിച്ചെത്തി ചാരി നിൽക്കും. ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ എളുപ്പമായിരുന്നു. ഏറെ നേരം ക്യാമറയ്ക്ക്‌ മുന്നിൽ അമ്മയും കുഞ്ഞും പോസ്‌ ചെയ്തു നിന്നുവെന്ന്‌ സച്ചിൻ പറഞ്ഞു.അതിനിടയിലാണ്‌ ഡ്രൈവർ പറഞ്ഞത്‌. ‘പിന്നിലേക്ക്‌ നോക്കൂ, ഒരു കൂട്ടം ആനകൾ വരുന്നുണ്ട്‌’. ചിലയിടങ്ങളിൽ കൂട്ടങ്ങൾ കാണാം. ഗജമേളയുടെ പ്രതീതിയായിരുന്നു വെന്ന്‌ സച്ചിൻ ഓർക്കുന്നു.

ആനകൾ തമ്മിൽ ആഫ്രിക്കയിൽ പലപ്പോഴും പോരാട്ടം നടക്കുന്നു. പോരാടുമ്പോൾ ചിലപ്പോൾ കൊമ്പുകൾക്ക്‌ പരിക്കേൽക്കും. ചില കൊമ്പുകൾക്ക്‌ എന്തോ പോരായ്മ ഉള്ളതു പോലെ. ചിലത്‌ നീളം കുറഞ്ഞിട്ടുണ്ട്‌. മറ്റ്‌ ചിലത്‌ കൂടുതലായി വളഞ്ഞിരിക്കും. രണ്ട്‌ അറ്റവും കൂട്ടിമുട്ടിയിട്ടുള്ള കൊമ്പുകളും കാണാം. കാഴ്ചയിൽ ഒരാനയ്ക്ക്‌ വലത്‌ കൊമ്പു മാത്രം. ഇടത്‌ കൊമ്പ്‌ എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു. കൊമ്പുകൾ സൂക്ഷ്മമായി നോക്കിയാൽ പലതിനും സവിശേഷതകൾ ദൃശ്യമാണെന്ന്‌ സച്ചിൻ പറഞ്ഞു. നല്ല വെയിലിൽ തിളങ്ങും. നിലാവുള്ള രാത്രികളിലും.ചിലപ്പോൾ ആനക്കൂട്ടങ്ങൾ നടന്നു നീങ്ങുമ്പോൾ പൊടിയുടെ പൂരമാണ്‌. തുമ്പിക്കൈകൊണ്ട്‌ നിലത്തെ പൊടി വലിച്ചെടുത്ത്‌ ദേഹത്ത്‌ ചീറ്റിക്കുക പതിവാണ്‌. അങ്ങനെ പൊടി ഉയരുന്ന സന്ദർഭങ്ങളിൽ ഡ്രൈവർമാർ അൽപ്പം ദൂരത്തിൽ ജീപ്പ്‌ നിർത്തും. അല്ലെങ്കിൽ ജീപ്പിൽ ഇരിക്കുന്നവർ പൊടി അഭിഷേകത്തിലാകും. അതുപോലെ ചളിവെള്ളം തുമ്പിക്കൈയിൽ എടുത്ത്‌ ചീറ്റിച്ച്‌ ആസ്വദിക്കാനും ആനകൾ സമയം കണ്ടെത്തും. പൊടിയിലും ചളിയിലും കുളിച്ച ആനകളുടെ വെവ്വേറെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞുവെന്ന്‌ സച്ചിൻ സാൻ പറഞ്ഞു. കൂട്ടങ്ങൾ നടന്നുവരുമ്പോൾ ചിലപ്പോൾ രണ്ട്‌ നിറങ്ങളിലുള്ള ആനകളെ ജീപ്പിലിരിക്കുന്നവർക്ക്‌ കാണാം.

കെനിയയിലെ അസോസലി, ലേക്ക്‌ നൈപാഷ, നക്രൂലേക്ക്‌, മസായിമാര എന്നീ വന്യമൃഗസങ്കേതങ്ങൾ സച്ചിൻ സന്ദർശിച്ചു. വർണപ്പക്ഷികളും ഈ സങ്കേതങ്ങളുടെ പ്രത്യേകതയാണ്‌. ആഫ്രിക്കൻ ചെങ്കൊക്ക്‌, സെക്രട്ടറി ബേഡ്‌ എന്നിവ സവിശേഷതകളുള്ള പക്ഷികളാണ്‌. നീണ്ട ചുവന്ന ചുണ്ടിന്റെ മേൽഭാഗത്തിന്‌ കുതിരസവാരിക്കാരുടെ ഇരിപ്പിടത്തിന്റെ ആകൃതിയുണ്ട്‌. അങ്ങനെയാണ്‌ ആ പേര്‌ വീണത്‌. പക്ഷിക്ക്‌ പല വർണങ്ങളുണ്ട്‌. സെക്രട്ടറി ബേർഡിന്‌ നീണ്ട കാലുകളും നീണ്ട കൊക്കുമുണ്ട്‌. ആഫ്രിക്കയിൽ എങ്ങും ഈ പക്ഷികളെ കാണാം.

അംബോസലി വന്യമൃഗസങ്കേതത്തിലാണ്‌ ആഫ്രിക്കൻ ആനകളുടെ സംരക്ഷണത്തിനുള്ള പദ്ധതി 1972ൽ ആദ്യമായി തുടങ്ങിയത്‌. അമേരിക്കയിൽ നിന്ന്‌ കെനിയയിൽ എത്തിയ സിന്ത്യ മോസ്‌ ഈ പദ്ധതി വിജയകരമായി മുന്നോട്ടുകൊണ്ടുപോയി. ഈ സങ്കേതം ഇന്ന്‌ ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ആഫ്രിക്കയിൽ എങ്ങും വേട്ടക്കാർ ആധിപത്യം സ്ഥാപിച്ച കാലമായിരുന്നു അത്‌. ആയിരക്കണക്കിന്‌ ആനകളെ കൊന്നൊടുക്കി കൊമ്പുകൾ മോഷ്ടിച്ചു. പരിസ്ഥിതി പ്രത്യാഘാതം സൃഷ്ടിക്കപ്പെട്ടതോടെ 1989ൽ ആനക്കൊമ്പ്‌ കയറ്റുമതി ആഫ്രിക്കയിലെ പല രാജ്യങ്ങളിലും നിരോധിച്ചു. വേട്ടക്കാർക്ക്‌ എതിരേ കർശന നടപടിയും നിയമവ്യവസ്ഥയും നിലവിൽ വന്നു. അതോടെയാണ്‌ ആഫ്രിക്കൻ ആനകളുടെ സംരക്ഷണം അൽപ്പമെങ്കിലും ഫലപ്രദമായത്‌. ഇപ്പോഴും സംരക്ഷണം പൂർണമാണെന്ന്‌ പറയാൻ നിവൃത്തിയില്ല. കിഴക്കൻ തീരത്തെ മൊമ്പാസ തുറമുഖം വഴി ചൈനയിലേക്കാണ്‌ ആനക്കൊമ്പുകൾ കൂടുതലായും കയറ്റുമതി ചെയ്തിരുന്നത്‌.

ചതുപ്പ്‌ നിലങ്ങൾ ആഫ്രിക്കയിലെങ്ങും ഉണ്ട്‌. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന്‌ ആനകൾ കളിക്കുന്നതും ചളിവാരി മുകളിലേക്ക്‌ എറിയുന്നതും സാധാരണ കാഴ്ചകളാണ്‌. തൊട്ടടുത്ത്‌ ഡ്രൈവർ ജീപ്പ്‌ നിർത്തിത്തരും. ആനകൾക്ക്‌ അതൊന്നും അലോസരപ്പെടുത്തുന്ന അനുഭവമല്ല. എന്നാൽ ചില ഒറ്റയാന്മാർ അൽപ്പം രോഷപ്രകടനം നടത്തും. അപ്പോൾ അപകടങ്ങൾ മുൻകൂട്ടി കണ്ട്‌ ജീപ്പ്‌ മറ്റൊരു ദിശയിലേക്ക്‌ ഡ്രൈവർ തിരിച്ചുവിടും. കെനിയയിലാണ്‌ സന്ദർശകരുടെ പ്രവാഹം. ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നത്‌ വന്യജീവി ടൂറിസത്തിലൂടെയാണ്‌.




















സച്ചിന്‍ സാന്‍

November 17
12:53 2017

Write a Comment