Article

അച്ചന്‍കോവിലാര്‍

ഞങ്ങളുടെ നാട്ടിലൂടെ ഒഴുകുന്ന നദിയാണ് അച്ചന്‍കോവിലാര്‍. പശ്ചിമഘട്ടത്തിലെ രാമക്കല്‍ തേരി പശുക്കിടാമേട് മലകളില്‍നിന്നുത്ഭവിക്കുന്ന ചെറിയ അരുവികള്‍ ഒന്നിച്ചുചേര്‍ന്ന് 112 കി. മീറ്ററോളം തെക്കുപടിഞ്ഞാറന്‍ മേഖലയിലൂടെ ഒഴുകി ഇതിന്റെ ഒരു ഭാഗം വീയപുരത്തുവെച്ച് പമ്പയാറുമായി ചേരുന്നു. മാവേലിക്കര എന്ന സ്ഥലത്തുവെച്ച് വീണ്ടും പല കൈവഴിയായി തിരിയുന്നു. ഒഴുകിവരുന്ന പലഭാഗങ്ങളിലും എക്കല്‍ നിക്ഷേപമുള്ളതിനാല്‍ കൃഷിക്ക് അനുയോജ്യമായ മേഖലയാണ്.
''നദിയുടെ തീരം'' എന്ന് അര്‍ത്ഥം വരുന്ന ''പത്തനംതിട്ട'' എന്ന നഗരവും പ്രസിദ്ധമാണ്. പത്തനംതിട്ട ജില്ലയിലാണ് പ്രശസ്തമായ ശബരിമല ക്ഷേത്രം. ഇവിടേക്കുള്ള തിരുവാഭരണയേഘാഷയാത്ര യാത്രയില്‍ വിശ്രമിക്കാനുള്ള താവളമായി അച്ചന്‍കോവില്‍ എന്ന ക്ഷേത്രവും പ്രശസ്തമാണ്.
എല്ലാ നദീതീരങ്ങളും കൈയേറുന്നതുപോലെ അച്ചന്‍കോവിലാറും കൈയേറുകയാണ്. ഇത് മധ്യകേരളത്തിലെ പ്രധാന നദിയാണ്. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ കുന്നുകളില്‍ ഉത്ഭവിച്ച് തിരുവല്ല, മാവേലിക്കര, കാര്‍ത്തികപ്പള്ളി എന്നീ വേമ്പനാട്ടുകായലില്‍ പതിക്കുന്നു. ഋഷിമല, പശുക്കിടാവേട്ട, രാമക്കല്‍ത്തേരി നദികള്‍, ചേര്‍ന്നാണ് അച്ചന്‍കോവിലാര്‍ രൂപം കൊള്ളുന്നത്.

കൈയേറ്റം മലിനീകരണം വെല്ലുവിളികള്‍
എല്ലാ നദികളും കൈയേറുന്നതുപോലെ അച്ചന്‍കോവിലാറിന്റെ തീരപ്രദേശങ്ങളും കൈയേറ്റത്തിന്റെ പാതയിലാണ്. പത്തനംതിട്ട മേഖലയാണ് കൂടുതലും കൈയ്യേറ്റം നടക്കുന്നത്.
ഇന്ന് തീര്‍ത്തും ദുരിതദശയിലാണ് ഓരോ നദികളും. മുന്‍പ് പവിത്രമായ സ്ഥാനം നല്‍കി ദേവതുല്യം പൂജിക്കപ്പെട്ടിരുന്ന ഓരോ നദികളും ഇന്ന് മാലിന്യക്കൂമ്പാരങ്ങളുടെ സംസ്‌ക്കരണശാലകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഫാക്ടറികളില്‍നിന്നുള്ള രാസവസ്തുക്കളുടെ അവശിഷ്ടങ്ങളും വിഷദ്രാവകങ്ങളും നദിയിലേക്ക് ഒഴുക്കിവിടുന്നത്. ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന ധാരാളം ദുഷ്‌ചെയ്തികള്‍ക്ക് നദികള്‍ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് നദികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് വര്‍ദ്ധിച്ചുവരുന്ന മണലൂറ്റല്‍. പരിസ്ഥിതിയെ തകിടം മറിക്കുന്ന വിധത്തില്‍ അതീവരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ പ്രശ്‌നം. നിയമംമൂലം ധാരാളം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍പോലും ഇന്നും നദീമുഖങ്ങളില്‍ മണല്‍ക്കൊള്ള നടന്നുവരുന്നുണ്ട്.
മനുഷ്യജീവിതത്തില്‍ വായുപോലെതന്നെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവാണ് ജലം. മനുഷ്യശരീരത്തിലെ രക്തധമനികള്‍പോലെ ഭൂമിയുടെ രക്തധമനികളാണ് പുഴകളും, അവയുടെ കൈവഴികളും. ഇന്ന് പുഴയിലെ ജലം മലിനമായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ കിണറുകളിലേയും ജലം മലിനമായിക്കൊണ്ടിരിക്കുകയാണ്. കൃഷി ചെയ്തിരുന്ന നെല്‍പ്പാടങ്ങള്‍ ചതുപ്പുപ്രദേശം പോലെയായി. നദികള്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച് പലവിധ പകര്‍ച്ചവ്യാധികളും പടരുന്ന ഒരു കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ആറിന്റെ നീരൊഴുക്ക് നിലച്ചതിന് പ്രധാന കാരണം കൈയ്യേറ്റമാണ.് പുഴയുടെ സംരക്ഷണ ചുമതല റവന്യൂവകുപ്പിനും ഉദ്യോഗസ്ഥര്‍ക്കുമാണ്. അവരും ഈ കൈയ്യേറ്റത്തിനെ നിസംഗതയോടെ കണ്ടുനില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇവയുടെ സംരക്ഷണം എങ്ങും എത്താത്ത അവസ്ഥയിലാണ്. ഈ മനോഭാവത്തിന് മാറ്റം വരുത്തുകയാണ് നാം ചെയ്യേണ്ടത്.
ഈ ക്രൂരകൃത്യത്തില്‍ രക്തസാക്ഷിയായി ഒരു നീര്‍പ്പരപ്പ് ഇന്ന് കേരളത്തിലുണ്ട്. കേരള സമൃദ്ധിയുടെ നിറകുടമെന്ന് വിശേഷിപ്പിക്കാവുന്ന ഭാരതപ്പുഴ. അനധികൃതമായ മണലൂറ്റല്‍ ഇന്ന് ഈ നദിയെ വെറുമൊരു മണല്‍ക്കൂമ്പാരമായി മാറ്റുന്ന അവസ്ഥയിലാണ്.
നദികള്‍ മരിക്കുമോ എന്ന ചോദ്യത്തിന് നാളുകള്‍ നീങ്ങുന്തോറും പ്രസക്തിയേറിവരികയാണ്. നദിയുടെ കളിയും ചിരിയും ലാളനവുമേറ്റ പ്രദേശങ്ങളാണ് ഒരു നാടിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പുരോഗതിയുടെ പടവുകള്‍ കയറുമ്പോള്‍ പിന്നിട്ട വഴികളില്‍ അദൃശ്യശക്തിയായി ഊര്‍ജ്ജം പകര്‍ന്ന നീരൊഴുക്കുകളെ സംരക്ഷിക്കേണ്ട ചുമതല നമ്മള്‍ക്കുണ്ട്. ഹൗസ്‌ബോട്ടുകളില്‍നിന്ന് നേരിട്ടും അല്ലാതെയും വരുന്ന മാലിന്യങ്ങള്‍ ജലാശയങ്ങളെ കുപ്പത്തൊട്ടികളായി മാറ്റുന്നു. ജലസസ്യങ്ങളുടെ ശ്വസനവേരുകളില്‍ എണ്ണപ്പാട മൂടുകയാല്‍ കൂട്ടത്തോടെ അവ നശിച്ചുകൊണ്ടിരിക്കുന്നു.

അനുഭവങ്ങള്‍
സംസ്‌കാരത്തിന്റെ വിളനിലങ്ങളാണ് നദികള്‍. അവയെപ്പറ്റി പറയുമ്പോള്‍ മുത്തച്ഛന് എന്തെന്നില്ലാത്ത സന്തോഷമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. അവരുടെ ജീവിതത്തിലും സംസ്‌കാരത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ജീവന്റെ അമൃത് വഹിക്കുന്ന ജീവനാഡികളാണ് ഓരോ നദികളും. അവയുടെ മാറില്‍ ഓടിക്കളിച്ച പഴമക്കാര്‍ ഭാഗ്യവാന്മാരാണെന്ന് മുത്തച്ഛന്‍ പറയുന്നു. എന്നാല്‍ അവരുടെ അനുഭവങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് ലഭിക്കുന്നില്ല. മഴ പെയ്യുമ്പോള്‍ ആ വെള്ളത്തില്‍ അവര്‍ കളിക്കുമായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും താമസിച്ചിരുന്ന വീടിനുചുറ്റും വെള്ളം കയറുമായിരുന്നു. അതില്‍നിന്നും യാത്രചെയ്യാന്‍ വാഴപിണ്ഡികൊണ്ടുള്ള ചങ്ങാടമുണ്ടാക്കുമായിരുന്നു.
കൃഷി ചെയ്യുമ്പോഴാണ് മഴ പെയ്യുന്നതെങ്കില്‍ അവ നശിക്കുമായിരുന്നു. അഥവ വെള്ളമില്ലാ എന്നുണ്ടെങ്കില്‍ ഈ പുഴയില്‍നിന്നുള്ള വെള്ളമാണ് അതിന് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും ശുദ്ധമായ വെള്ളമായിരുന്നു. ഞങ്ങളുടെ കുടിവെള്ളമായി ഉപയോഗിച്ചിരുന്നു. പ്രകൃതിയുടെ ആധാരശിലകളാണ് നദികള്‍. അവ ആരെയും ആകര്‍ഷിക്കുമായിരുന്നു. നദികളില്ലാത്തനാട് മരുഭൂമിക്ക് തുല്യമാണ്. കൃഷിക്ക് അനുയോജ്യമല്ലാതെ വിഷമിച്ചിരുന്ന കാലഘട്ടത്തില്‍ എന്റെ മുത്തച്ഛനെ സഹായിച്ചത് ഈ അച്ചന്‍കോവിലാറാണ്. അവ വളരെ സമൃദ്ധമായി ഒഴുകീരുന്ന കാലത്ത് ആ വെള്ളമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. അവരുടെ ദൈവമായി അതിനെ അവര്‍ കാണുന്നു. എന്നാല്‍ എല്ലാ നദികളുടെയും ദുരിതാവസ്ഥയില്‍ അവര്‍ ദുഃഖിക്കുന്നു. ഈ മാറ്റം വരുത്തേണ്ടത് പുതുതലമുറയാണെന്ന ഉപദേശവും മുത്തച്ഛനും മുത്തശ്ശിയും എനിക്ക് നല്‍കുന്നു. അത് എന്നെ പ്രജോദിപ്പിക്കുന്നു.
ചെറുപ്പകാലം മുതല്‍തന്നെ എന്റെയും സുഹൃത്തായ് മാറാന്‍ പുഴക്ക് കഴിഞ്ഞു. പഴമക്കാരുടെ അനുഭവത്തില്‍നിന്നും തീര്‍ത്തും വിപരീതമായ അവസ്ഥയിലാണ് ഇന്ന് ആ നദി നേരിടുന്നത്. ജനങ്ങളുടെ ജീവിതം കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. ആണ്ടില്‍ 2-3 പ്രാവശ്യം കൃഷി ചെയ്തുവിളവെടുക്കുന്ന പാടശേഖരങ്ങളും ഞാനും എന്റെ കൂട്ടുകാരും ഓടിക്കളിച്ച നെല്‍പ്പാടങ്ങളും ഞാന്‍ ഓര്‍ക്കുന്നു. ജലചക്രങ്ങളും, തേക്കുകൊട്ടകളും ഉപയോഗിച്ച് നടത്തിയിരുന്നു. കൊയ്ത്തുപാട്ടും, ഞാറ്റുപാട്ടും, വിതപ്പാട്ടും, ചക്രം ചവിട്ടുപ്പാട്ടും എങ്ങും കേള്‍ക്കാമായിരുന്നു. കൃഷിക്ക് ഉപയോഗിക്കുന്നത് കൂടാതെ കുളിക്കാനും വസ്ത്രം കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും പുഴയുടെ കടവുകള്‍ ഉപയോഗിച്ചിരുന്നു. ധാരാളം മത്സ്യങ്ങള്‍ ഈ പുഴയില്‍ ഉണ്ടായിരുന്നു. ഇവയില്‍നിന്നും ഞങ്ങളുടെ ഗ്രാമത്തിലുള്ളവര്‍ മത്സ്യം പിടിച്ചിരുന്നു. സ്വന്തം ആവശ്യത്തിനുശേഷം വില്‍ക്കുമായിരുന്നു. അത് അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. അത് ജനങ്ങളുടെ വരുമാനമാര്‍ഗമായിരുന്നു. മീന്‍ പിടുത്തം അവര്‍ക്കൊരു ആഘോഷം എന്നപോലെയാണ്.
പുഴയുടെ തീരത്തായതിനാല്‍ പല വീടുകളിലും വള്ളങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ നീന്താനും വള്ളങ്ങള്‍ തുഴയാനും കുട്ടികള്‍ പഠിക്കുമായിരുന്നു. അതിന് അവര്‍ക്ക് മുതിര്‍ന്നവര്‍ പരിശീലനം നല്‍കുമായിരുന്നു. ശുദ്ധമായ ജലം ഗ്രാമത്തിന്റെ പ്രത്യേകതയായിരുന്നു എന്ന മുതിര്‍ന്നവര്‍ പറയുമായിരുന്നു. കിണറുകളില്‍ നീരുറവകള്‍ എത്തുന്നത് ഈ പുഴയുടെ കൈവഴികള്‍ വഴിയാണ്. ശുദ്ധമായ ജലം കിണറുകളില്‍നിന്നും ലഭിക്കുന്നതിനാല്‍ തിളപ്പിക്കാതെയാണ് അവര്‍ അത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് തിളപ്പിച്ചാല്‍പോലും അതിലെ വിഷവസ്തുക്കള്‍ തങ്ങിനില്‍ക്കുന്നു. ഇത് ശാരീരികമായ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. പുഴയുടെ കൈവഴികള്‍ക്ക് കുറുകെ തെങ്ങുമുറിച്ച് ഒറ്റത്തടിപ്പാലം ഉണ്ടായിരുന്നു. അതിലൂടെ യാത്രചെയ്യാന്‍ കുട്ടികള്‍ക്കുപോലും വശമായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമ്പോള്‍ അതില്‍ കളിക്കാന്‍ കുട്ടികള്‍ക്കുപോലും ആഘോഷമായിരുന്നു. ഇങ്ങളെ ഒരു പുഴ മനുഷ്യജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.

പുഴ സംരക്ഷണാശയം
നദികളാല്‍ സമൃദ്ധമാണ് കേരളം. 41 നദികളും കിഴക്കോട്ട് ഒഴുകുന്ന 3 നദികളും ഉണ്ട്. രണ്ടുനദികള്‍ തമ്മിലുള്ള ശരാശരി ദൂരം 15. കി.മീ. മാത്രം. ലോകത്തില്‍ ഇത്രയും ജലസമ്പത്തുള്ള ഭൂപ്രദേശം അപൂര്‍വമാണ്.
എന്നാലിന്ന് ഈ നദികളുടെ തീര്‍ത്തും പരിതാപകരമാണ്. വറ്റി വരളുന്ന നദികള്‍ ഒരു വശത്ത് വെള്ളം മലിനമാക്കുന്നതില്‍ മത്സരിക്കുന്ന മലയാളികള്‍ മറുവശത്ത്. ഔചിത്യബോധം തീരെയില്ലാത്ത വലിയ ഒരു ജനവിഭാഗം തന്നെയാണ് ഇതിന് കാരണം. അവരുടെ മുന്‍പില്‍ നോക്കാതെയുള്ള ജീവിതരീതിയാണ് ഇതിന് കാരണം. കയര്‍ വ്യവസായം, കമ്പനികളില്‍നിന്നും പുറന്തള്ളുന്ന രാസവസ്തുക്കള്‍ മുതലായവയും നദികളെ ആസന്നമരണയാക്കുന്നു.
നദികള്‍ സംരക്ഷിക്കുന്ന ആശയങ്ങള്‍ പങ്കുവെച്ചാല്‍ മാത്രം പോര. അവ നമ്മുടെ നിത്യജീവിതത്തിലും സഹപാഠികള്‍ക്കും പകര്‍ന്നുനല്‍കുകയാണ് വേണ്ടത്. നദികളുടെ സംരക്ഷണം നമ്മുടെ ജീവന്റെ തന്നെ സംരക്ഷണമാണ്. മണല്‍ തുടങ്ങിയ ജലസമ്പത്തുകളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്ന മനുഷ്യന്‍ അവന്റെ നിലനില്‍പ്പിനെക്കുറിച്ചുപോലും ചിന്തിക്കുന്നില്ല. ജലം സംരക്ഷിക്കുകയെന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. നമ്മുടെ ഭരണഘടന അതില്‍ പിഴവുവരുത്തുന്ന ഈ സാഹചര്യത്തില്‍ പുതുതലമുറ അതില്‍ മുന്നിട്ട് ഇറങ്ങണം. മലിനമായി കിടക്കുന്ന കുളങ്ങള്‍ വിദ്യാലയങ്ങള്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് സംരക്ഷിക്കാവുന്നത്. ചപ്പുചവറുകള്‍ നിക്ഷേപിക്കരുത് എന്ന് പറഞ്ഞാല്‍ അവിടെ ഇടുന്നവരാണ് ഇന്ന് ഭൂരിഭാഗം ജനങ്ങളും. ഇതിന് മാറ്റം വരുത്തുകയാണ് നാം ചെയ്യേണ്ടത്.
ജീവന്റെ നിലനില്‍പ്പിന് ജലസമ്പത്തുകളെ സംരക്ഷിക്കുക എന്നത് മനുഷ്യനെന്ന നിലയില്‍ ഓരോരുത്തരുടെയും കടമയാണ്. മാലിന്യങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിക്ഷേപിക്കുക, ആറിന്റെ കൈവഴികള്‍ പുനര്‍നിര്‍മിക്കുക, മണല്‍വാരല്‍ തടയുക, ആറിലെ പായലും, പുല്ലും ചപ്പുചവറുകളും നീക്കം ചെയ്യുക, ആറിന്റെ പ്ലാന്‍ എടുത്ത് അളന്ന് തിട്ടപ്പെടുത്തുക, അനധികൃത കൈയ്യേറ്റം തടയുക, വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, നെല്‍കൃഷി പുനഃസ്ഥാപിക്കണമെങ്കില്‍ കൈവഴികള്‍ക്ക് നല്ല വീതിയും ആഴവുമുണ്ടാവണം ഒപ്പം വയലില്‍ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് ഒഴുക്കിവിടാനുള്ള സംവിധാനം ഒരുക്കണം.
നാളത്തെ തലമുറയുടെ വാഗ്ദാനമായ ഇന്നത്തെ വിദ്യാര്‍ഥികള്‍ ഇതിന് മുന്നിട്ടിറങ്ങണം. പുഴയുടെ ജീവന്‍ അപഹരിക്കുന്ന ഏത് പ്രവര്‍ത്തി കണ്ടാലും അത് നാം തടയണം. അധികാരികളെ വിവരമറിയിക്കണം. അതിന് ഇവിടെനിന്നും തുടക്കമാകട്ടെ.
സന്ദേശം
നമ്മുടെ ജീവന്റെ നാഡിഞരമ്പുകളാണ് ഓരോ നദികളും. ഇന്ന് അവ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നദികളുടെ സംരക്ഷണം വേണ്ടവിധത്തില്‍ നടത്താതെ ഒരു രാജ്യത്തിനു സമ്പൂര്‍ണ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് ആരും മറക്കാതിരുന്നാല്‍ നന്ന്. കുട്ടികളിലൂടെ നടത്തുന്ന ഈ സംരംഭത്തില്‍നിന്നും നമ്മുടെ നാടിനെ രക്ഷിക്കാനുള്ള ചവിട്ടുപടിയായി ഇത് മാറട്ടെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരോ തുള്ളിജലവും അമൂല്യമാണ്. നാളേക്ക് നമുക്കത് കരുതിവെയ്ക്കാം. ഇന്നത്തെ കുട്ടികള്‍ നാളെയുടെ പൗരന്മാരാണ്. അവരെ ഉത്‌ബോധിപ്പിക്കുകയാണ് ഈ ദൗത്യം. ഭൂമിയെ രക്ഷിക്കുവാനായി നമുക്കൊരുമിച്ച് ജീവജാലത്തിനായ് അണിചേരാം.


Arsha S, DBHSS Cheriyanad

September 15
12:53 2018

Write a Comment