Article

ജലപിശാചു മുത്തശ്ശി

ഞങ്ങൾക്ക് ഒരു മുത്തശ്ശിയുണ്ടായിരുന്നു. 105 വയസ്സുവരെ ജീവിച്ചു. മുത്തശ്ശിക്ക് വെള്ളം വലിയ ഇഷ്ടമായിരുന്നു. വെളുപ്പിനെ തന്നെ കുളിക്കും. കുളിക്ക് ഒരു പ്രത്യേകതയുണ്ട്. ചിറയിൽ ഇറങ്ങി കിഴക്കോട്ട് നോക്കി തൊഴുതു കൊണ്ട് ഇട്ട വസ്ത്രത്തോടെ മുങ്ങും. പിന്നെ ആ വസ്ത്രം മാറ്റി കുളിക്കാനുള്ള വസ്ത്രം ഉടുത്തിട്ട് വീണ്ടും മുങ്ങും. ബാക്കി പിന്നെ സോപ്പ് തേച്ചതിനു ശേഷവും തുണികൾ നനച്ചതിനു ശേഷവും . അതു കഴിഞ്ഞ് സോപ്പിട്ട് നന്നച്ച തുണികൾ കൈയ്യിലെടുത്ത് ഒരു മുങ്ങൽ. പിന്നെ പടി കഴുകി തുണികൾ അവിടെ വച്ചിട്ട് തൊഴുതു പിടിച്ച് മുപ്പത്താറ് മുങ്ങ്. പിന്നെ കൈയിലുള കിണ്ടിയിൽ വെള്ളമെടുത്ത് പടി കയറി വസ്ത്രം മാറിയിട്ട് വീണ്ടും വെള്ളത്തിലിറങ്ങി കൈ കഴുകി നനച്ചു വച്ച തുണികളുമെടുത്ത് കിണ്ടിയിലെ വെള്ളം കൊണ്ട് ഒരോ പടിയിലും വെള്ളമൊഴിച്ച് നടന്നു നീങ്ങും. ഇല്ലത്തു ചെന്ന് തുണികൾ വിരിച്ചിട്ട് കിണറ്റിൽ നിന്ന് വെള്ളമെടുത്ത് കാലും കൈയും മുഖവും കഴുകി. പൂപ്പാലികയും എടുത്ത് പൂക്കൾ പറിച്ചു. തേവാരത്തിന് മുമ്പിൽ പൂക്കൾ വച്ച് കിണറ്റിൻ കരയിൽ വന്ന് വീണ്ടും കൈയും കാലും കഴുകി കണ്ണ് നനച്ച് കിണ്ടിയിൽ വെള്ളമെടുത്ത് പൂ ഒരുക്കാൻ തുടങ്ങും പൂ ഒരുക്കുന്നതിന്റെ ഇടയ്ക്ക് കൈനയ്ക്കും. അതു കഴിഞ്ഞാൽ ഒന്നുകൂടി കൈ കഴുകി തേവാരത്തിന് ഒരുക്കും വീണ്ടും കൈ കഴുകി ഇരിക്കുമ്പോൾ ചായ എത്തും അതു കുടിച്ച് ഗ്ലാസ് കഴുകി കമത്തി ഒന്നുകൂടി കൈ കഴുകി തേവരുടെ മുമ്പിൽ ജപം തുടങ്ങും. അതു കഴിഞ്ഞാൽ വീണ്ടും കൈ കഴുകി നിവേദ്യമെടുത്ത് അടുക്കളേൽ വയ്ക്കും വീണ്ടും കൈ കഴുകി പൂജാമുറി വൃത്തിയാക്കും. വീണ്ടും കൈ കഴുകി ഭക്ഷണത്തിനിരിക്കും. ഭക്ഷണം കഴിഞ്ഞാൽ പാടത്തും പറമ്പിലും നടന്ന് ഉച്ചയൂണിന് എത്തും. കാലും കൈയും കഴുകിയെ അകത്തു കയറു.
കൊറോണയും കൈ കഴുകലും വന്നപ്പോൾ ജലപിശാചു മുത്തശ്ശിയെ ഓർത്തു പോയി. ആ മുത്തശ്ശിയെ അങ്ങനെ വിളിക്കണ്ടായിരുന്നു. മുത്തശ്ശി വെളുത്ത് സുന്ദരിയായിരുന്നു. മരിക്കും വരെ ആരോഗ്യവതിയും . മുത്തശ്ശിയെ കളിയാക്കുന്നതിനുപകരം അവരുടെ ചിട്ടകൾ ശീലിച്ചിരുന്നിരുന്നെങ്കിൽ ഈ കൊറോണിയെ ഭയപ്പെടേണ്ടായിരുന്നു


ഗംഗ ദേവി (നവ നിർമ്മാൺ പബ്ലിക് സ്കൂൾ,വാഴക്കാല

April 23
12:53 2020

Write a Comment