GK News

‘റോൾ ഓഫ് തണ്ടർ, ഹിയർ മൈ ക്രൈ

മിൽഡ്രഡ് ഡലോയിസ് ടെയ്ലർ (Mildred D.Taylor) അമേരിക്കയിൽ ജീവിക്കുന്ന ആഫ്രോ അമേരിക്കൻ എഴുത്തുകാരിയാണ്. ആഫ്രോ അമേരിക്കൻ കുടുംബങ്ങൾ ദക്ഷിണ അമേരിക്കൻ സംസ്ഥാനങ്ങളിൽ അനുഭവിക്കേണ്ടിവന്ന യാതനകളാണ് പല കഥകളിലെയും വിഷയം. 
1976-ൽ ഇറങ്ങിയ ‘റോൾ ഓഫ് തണ്ടർ, ഹിയർ മൈ ക്രൈ’ (Roll of Thunder, Hear My Cry) ആണ് മിൽഡ്രഡിന്റെ ഏറ്റവും പ്രശസ്തമായ നോവൽ. 1975 -ൽ ഇറങ്ങിയ ‘സോങ് ഓഫ് ദി ട്രീസ്’ എന്ന നോവലിന്റെ തുടർനോവൽ ആണിത്. ലോഗൻ കുടുംബത്തിന്റെ കഥ പറയുന്ന മറ്റു നോവലുകളും മിൽഡ്രഡ് എഴുതിയിട്ടുണ്ട്. ‘ലെറ്റ് ദി സർക്കിൾ ബി അൺബ്രോക്കൺ’ (1981), ‘ദി റോഡ് ടു മെംഫിസ്’ (1990) എന്നിവ ഇതിന്റെ തുടർ നോവലുകളാണ്. ഇതേ കുടുംബത്തിന്റെ മുൻകാല കഥ പറയുന്ന ഒരു നോവൽ 2001-ൽ അവർ എഴുതിയിട്ടുണ്ട്, ‘ദി ലാൻഡ്’ എന്നാണ് അതിന്റെ പേര് .
‘റോൾ ഓഫ് തണ്ടർ, ഹിയർ മൈ ക്രൈ’ എന്ന നോവൽ ഒൻപത് വയസ്സുകാരി ക്യാസി ലോഗന്റെ കഥയാണ്. തൊലിയുടെ നിറം കറുത്തതായതിന്റെ പേരിൽ ക്രൂരത അനുഭവിക്കേണ്ടി വന്ന ലോഗൻ പക്ഷേ, അതിനെ ചെറുത്തുനിൽക്കാൻ കഴിവുള്ള ഒരു പെൺകുട്ടിയാണ്. ചിലപ്പോഴൊക്കെ അവൾ ഒരു ആൺകുട്ടിയെപ്പോലെ ധീരമായി പോരാടി. ഒന്നവൾ മനസ്സിലാക്കി, കാലം മാറിയിട്ടും വർണവെറി ഇന്നും നിലനിൽക്കുന്നു. ഏറ്റവും പ്രധാനം ഒന്നുമാത്രം. സ്വന്തമായി നിങ്ങൾക്ക് ഭൂമി ഉണ്ടാകുക. വർണവറിയും ഭൂമിയും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്ന ക്യാസി ഒന്നുകൂടി പഠിക്കുന്നു, മാറ്റാൻ ആവാത്ത സാഹചര്യങ്ങളെ ‘കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്’ എന്ന് അംഗീകരിച്ചുകൊണ്ട് എങ്ങിനെ അതിനെ നേരിടുവാൻ കഴിയും എന്നുള്ള പാഠം. അതവളെ ശക്തയാക്കുന്നു. നിരവധി അവാർഡുകൾ ഈ നോവൽ മൂലം മിൽഡ്രഡിനെ തേടിയെത്തി.

March 01
12:53 2017

Write a Comment