GK News

Bang

അന്ന് നാലു വയസ്സായിരുന്നു സെബാസ്റ്റ്യന്‍ കോഡിയുടെ പ്രായം. പിതാവ് കൊണ്ടുവന്ന തോക്കെടുത്ത് അവന്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി. അന്ന് മരിച്ചുവീണത് സെബാസ്റ്റ്യന്റെ സഹോദരി ആയിരുന്നു. ''അതൊരു അപകടമായിരുന്നു, ഞാന്‍ അന്നു കുഞ്ഞായിരുന്നു, എന്റെ കുറ്റമായിരുന്നില്ല അതെന്നു ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്...' ഈ വാചകം, കഴിഞ്ഞ പത്തു വര്‍ഷവും അവന്‍ സ്വയം പറഞ്ഞു. തന്നെ അറിയാവുന്നവരോടും അവന്‍ അത് ആവര്‍ത്തിച്ചു. ആരും അവനെ കുറ്റപ്പെടുത്തിയില്ല. 
 എല്ലാവര്‍ക്കും അവനോടു സഹതാപം മാത്രം. എങ്കിലും ഓരോ നിമിഷവും അവന്‍ വേദന കൊണ്ട് പുളഞ്ഞു. ഓര്‍മകളെ വിഴുങ്ങുന്ന ഗര്‍ത്തങ്ങളിലെവിടെയോ തന്റെ കുഞ്ഞു സഹോദരിയെ ഉപേക്ഷിച്ചുവെങ്കിലും ഏകാന്തതയില്‍ അവനെ വേട്ടയാടിയെത്തിയത് ആ ഓര്‍മ മാത്രം. ഒരു തോക്കും ഒരു വെടിയുണ്ടയും നല്‍കിയ ദുഃഖവും പീഡനവും ഇല്ലാതാക്കാന്‍ മറ്റൊരു വെടിയുണ്ടയ്ക്കു മാത്രമേ കഴിയൂ എന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിഞ്ഞു. 
ഏറ്റവും അടുത്ത സുഹൃത്ത് വേനല്‍ക്കാല അവധി ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താന്‍ കൂടുതല്‍ ഭീകരമായ അവസ്ഥയിലേക്കു നീങ്ങുന്നതായി സെബാസ്റ്റ്യനു തോന്നി. 
 ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ ആത്മഹത്യ മാത്രമേ മാര്‍ഗമുള്ളൂ എന്നു തീരുമാനിച്ച വേളയില്‍ പുതിയ അയല്‍ക്കാരി അനീസ അവനെ പരിചയപ്പെടുന്നു. അനീസയ്ക്ക് സെബാസ്റ്റ്യന്റെ ഭൂതകാലം അറിയാത്തതുകൊണ്ട് സഹതാപത്തിന്റെയോ ആശ്വാസത്തിന്റെയോ വാക്കുകള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല. അതു കൊണ്ടുതന്നെ അനീസ കാണുന്നത് മറ്റൊരു സെബാസ്റ്റ്യനെയാണ്.'ബാംഗ്' എന്ന നോവല്‍ ഇങ്ങനെയാണ് പുരോഗമിക്കുന്നത്.
അമേരിക്കന്‍ എഴുത്തുകാരനായ ബാരി ലൈഗയുടെ ഏറ്റവും പുതിയ പുസ്തകമായ ഇത് ഈമാസം പതിനെട്ടിനാണ് പുറത്തിറങ്ങിയത്. ബാരി ലൈഗയുടെ ഏറ്റവും നല്ല കൃതികളില്‍ ഒന്നായിത്തന്നെ വായനക്കാര്‍ ഇതിനെ സ്വീകരിച്ചു കഴിഞ്ഞു.
 കോമിക്കുകളില്‍ മുങ്ങിയായിരുന്നു ബാരിയുടെ ബാല്യം മുഴുവന്‍ കഴിഞ്ഞതെങ്കില്‍, ബിരുദം നേടി ആദ്യമെത്തിയതും കോമിക്കുകളുടെ ലോകത്തു തന്നെ. 'ഡയമണ്ട് കോമിക് ഡിസ്ട്രിബ്യൂട്ടേഴ്‌സ്' എന്ന സ്ഥാപനത്തില്‍ ആയിരുന്നു ബാരി പത്തുകൊല്ലം ജോലി ചെയ്തിരുന്നത്. ആ കാലങ്ങളില്‍ ബാരി ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. ആദ്യ പുസ്തകം 'The Astonishing Adventures of Fanboy and Goth Girl' ഇറങ്ങുന്നത് 2006-ല്‍ ആയിരുന്നു. 'Boy Toy', 'Hero-Type' തുടങ്ങിയവ പ്രധാന കൃതികളാണ്. 'I Hunt Killers' 2012-ലും 'Archvillain' എന്ന പുസ്തകം 2013-ലും പുറത്തിറങ്ങി. 

May 13
12:53 2017

Write a Comment