environmental News

ഇന്ന് ലോക കടുവാ ദിനം 'കൂടാര'മൊരുക്കാം കടുവകൾക്ക്

കൊച്ചി: ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്ഥാനമായ കാടുകളുടെ സംരക്ഷണത്തിനായി കടുവകൾക്ക് 'കൂടാര'മൊരുക്കുക...ഒരു ലോക കടുവാ ദിനം കൂടി കടന്നുവരുമ്പോൾ കേരളമടക്കമുള്ള ഇടങ്ങളിൽ ഈ ചിന്തക്ക് പ്രസക്തിയേറണമെന്ന വാദം ശക്തമാകുന്നു. കടുവകളുടെ വംശനാശ ഭീഷണിക്കും നാട്ടിലേക്കിറങ്ങി വന്ന് കടുവകൾ മനുഷ്യർക്ക് നാശങ്ങൾ വരുത്തുന്നതിനും പരിഹാരം ഇതുമാത്രമാണെന്നാണ് പരിസ്ഥിതി രംഗത്തെ വിദഗ്ദർ പറയുന്നത്. കേരളത്തിൽ വയനാട് കൂടി കടുവാസങ്കേതമായി പ്രഖ്യാപിച്ച് ഇത്തരത്തിലുള്ള 'കൂടാര'ങ്ങൾ കൂട്ടണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെരിയാറും പറമ്പിക്കുളവുമാണ് കേരളത്തിൽ നിലവിലുള്ള കടുവാസങ്കേതങ്ങൾ. 

മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടൽ കൂടിയതോടെ വനത്തിന്റെ സ്വാഭാവികത നശിച്ച് വന്യജീവികൾ നാട്ടിലേക്കിറങ്ങുന്ന പ്രതിഭാസം കടുവകളുടെ കാര്യത്തിലും കേരളത്തിൽ സംഭവിക്കുന്നതാണ് ആശങ്കയേറ്റുന്നത്. വയനാട് അടക്കമുള്ള പ്രദേശങ്ങളിൽ കടുവകൾ നാട്ടിലേക്കിറങ്ങിയത് ഒട്ടേറെപ്പേരെ ദുരിതത്തിലാക്കിയിരുന്നു. വയനാടൻ കാടുകളിൽ നിന്ന് കടുവകൾ നാട്ടിലേക്കിറങ്ങുന്നത് കൂടിവരികയാണെന്നാണ് വനമേഖലയെ നിരീക്ഷിക്കുന്നവർ പറയുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ അധികാരപരിധിയുടെ സ്ഥല വിസ്തൃതി കുറയുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

ഇര പിടിക്കാൻ കഴിവില്ലാതെയും അവശതയോടെയും കാടിറങ്ങി നാട്ടിലേക്കെത്തുന്ന കടുവകൾക്ക് ഒരു സ്വാഭാവിക അശരണ കേന്ദ്രം വയനാട്ടിൽ അത്യാവശ്യമാണെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും അവർ പറയുന്നു. 200 മുതൽ 300 വരെ ഏക്കർ വനഭൂമിയിൽ ഇത്തരമൊരു കേന്ദ്രം തുടങ്ങിയാൽ പ്രശ്‌നക്കാരായ കടുവകളെയെല്ലാം അതിൽ അധിവസിപ്പിക്കാൻ കഴിയും. അസുഖം ബാധിച്ചും പരിക്കേറ്റുമെത്തുന്ന കടുവകളടക്കമുള്ള വന്യജീവികളെ ഇവിടെ ചികിൽസിക്കുകയുമാകാം. നീലഗിരി ജൈവമണ്ഡലത്തിൽപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലെ വനമേഖലകളുടെ സംഗമസ്ഥാനമായ ബത്തേരി-മുത്തങ്ങ ഭാഗം തന്നെയാണ് ഇത്തരമൊരു പുനരധിവാസ കേന്ദ്രത്തിന് അനുയോജ്യമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

കേരളത്തിൽ ഇപ്പോൾ 136 കടുവകൾ ഉണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ കണക്കെടുപ്പിൽ വ്യക്തമാകുന്നത്. കാടുകളിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം കുറഞ്ഞതും നല്ല രീതിയിലുള്ള പരിപാലനവുമാണ് കേരളത്തിലെ കടുവകളുടെ എണ്ണം കൂടാൻ കാരണമായത്. എന്നാൽ കേരളത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ ദേശീയ ടൈഗർ റസർവ്, മുതുമല ടൈഗർ റിസർവ്, നാഗർഹോള ടൈഗർ റിസർവ് എന്നിവിടങ്ങളിൽ നിന്ന് കടുവകൾ ആവാസവ്യവസ്ഥയിലെ കാരണങ്ങൾ കൊണ്ട് വയനാട്ടിലേക്ക് എത്തിപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയെയെല്ലാം കൃത്യമായി കാടിന്റെ ആവാസവ്യവസ്ഥയിൽ തന്നെ ജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ ഭാവിയിലും കേരളത്തിന് പ്രശ്‌നങ്ങളുണ്ടാകും. എന്നാൽ കർഷകർക്ക് ദോഷകരമായി വരുമെന്ന് പറഞ്ഞ് ചില കേന്ദ്രങ്ങൾ ടൈഗർ റിസർവിനെ എതിർക്കുന്നത് ശരിയല്ലെന്നും പരിസ്ഥിതി സ്‌നേഹികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കടുവകൾക്കായി പുതിയ 'കൂടാര'ങ്ങൾ വരുന്നതിനൊപ്പം നിലവിലെ കേന്ദ്രങ്ങളിലെ ആവാസവ്യവസ്ഥ സംരക്ഷിക്കാനും നടപടികളുണ്ടാകണമെന്നും ഇവർ പറയുന്നു. 
 
 സിറാജ് കാസിം

July 29
12:53 2017

Write a Comment