'മാതൃഭൂമി' ആര്‍ബറേറ്റം മാതൃകയെന്ന് ഏലിയാസ് ജോര്‍ജ്ജ് പരിസ്ഥിതി സംരക്ഷണത്തിനായി സീഡംഗങ്ങള്‍ കൈകോര്‍ത്തു
ആലുവ: ജൈവവൈവിധ്യമാര്‍ന്ന ഭൂമി നിലനിറുത്തുമെന്ന് പെരിയാറിന്റെ തീരത്ത് വെച്ച് പ്രതിജ്ഞ ചൊല്ലി 'മാതൃഭൂമി' സീഡംഗങ്ങള്‍. അപൂര്‍വ്വ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ ആലുവയിലെ 'മാതൃഭൂമി' ആര്‍ബറേറ്റത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷദിനാചരണത്തിലാണ് കുട്ടികള്‍ കൈകോര്‍ത്തത്.
ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ പുറമ്പോക്കുകള്‍ അപൂര്‍വ്വ വൃക്ഷങ്ങള്‍ കൊണ്ട് ഹരിതാഭമാക്കാമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കണം പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. ഇതിനായുള്ള ഒരു വലിയ മാതൃകയാണ് 'മാതൃഭൂമി' ആര്‍ബറേറ്റം. കാടു നിറഞ്ഞ ജില്ലയായ ഇടുക്കിയിലെ പച്ചപ്പ് ഇപ്പോള്‍ കുറഞ്ഞ് വരികയാണ്. 1990ല്‍ താന്‍ ജില്ല കളക്ടറായിരുന്നപ്പോള്‍ ഉള്ളതിനേക്കാള്‍ നാല് ഡിഗ്രി വരെ ചൂട് ഇടുക്കിയില്‍ ഉയര്‍ന്നു കഴിഞ്ഞു. കുട്ടികള്‍ക്കിടയില്‍ അവബോധം ഉയര്‍ത്തിയാല്‍ മാത്രമേ പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 'ആര്‍ബറേറ്റ'ത്തില്‍ നാട്ടുമാവിന്‍ തൈ അദ്ദേഹം നട്ടു.
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും 'മാതൃഭൂമി'യുടെ ആര്‍ബറേറ്റത്തിന്റെ ചരിത്രത്തെ പറ്റിയും പരിസ്ഥിതി പ്രവര്‍ത്തകന്‍ വേണു വാരിയത്ത് ക്ലാസെടുത്തു.
'മാതൃഭൂമി' സീഡ് അംഗങ്ങളായ ആറ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂള്‍, കുട്ടമശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോടനാട് മാര്‍ ഔഗന്‍ ഹൈസ്‌കൂള്‍, വാഴക്കാല നവനിര്‍മ്മാണ് പബ്ലിക്ക് സ്‌കൂള്‍, എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍, എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍, നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളിലെ സീഡംഗങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.
'മാതൃഭൂമി' നാട്ടുമാഞ്ചോട്ടില്‍ പദ്ധതി പ്രകാരം വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ശേഖരിച്ച മാവിന്‍ തൈകള്‍ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു. വിത്ത് ഒളിപ്പിച്ച് വെച്ച പേപ്പര്‍ പേനയുമായാണ് ചടങ്ങില്‍ കോടനാട് മാര്‍ ഔഗന്‍ ഹൈസ്‌കൂളിലെ സീഡംഗങ്ങളെത്തിയത്. സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവര്‍ ഈ പേന നിര്‍മ്മിച്ചത്. ഏലിയാസ് ജോര്‍ജ്ജിനും ഈ പേന അവര്‍ കൈമാറി. 'കേരള ഉരുളകിഴങ്ങ്' എന്നറിയപ്പെടുന്ന 'അടതാപ്പി'ന്റെ നാല് തൈകളും ആര്‍ബറേറ്റിന് മാര്‍ ഔഗന്‍ സ്‌കൂളിലെ സീഡംഗങ്ങള്‍ കൈമാറി.
കൊച്ചി മെട്രോയുടെ ചരിത്രമടങ്ങുന്ന ആയിരത്തിലധികം വാര്‍ത്തകള്‍ ചേര്‍ത്ത പുസ്തകം കെ.എം.ആര്‍.എല്‍. എം.ഡിയ്ക്ക് 'മാതൃഭൂമി' സ്‌നേഹോപഹാരമായി നല്‍കി. യൂണിറ്റ് മാനേജര്‍ പി. സിന്ധു, സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി. ജയകുമാര്‍, പ്രത്യേക ലേഖകന്‍ പി.കെ. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
July 29
12:53
2017