പരസ്പരാശ്രയ കൃഷിക്ക് മാതൃകയായി ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ
ഹരിപ്പാട് ഗവ. ഗേൾസ് സ്കൂളിലെ സീഡ് പ്രവർത്തകർ പച്ചക്കറിത്തോട്ടത്തിൽ
ഹരിപ്പാട്: സ്കൂൾ വളപ്പിൽ പരസ്പരാശ്രയ കൃഷിരീതി സാധ്യമാകുമെന്ന് തെളിയിച്ച ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മാതൃഭൂമി സീഡ് പുരസ്കാരം. ആലപ്പുഴ വിദ്യാഭ്യാസജില്ലയിലെ ഒന്നാം സമ്മാനമാണ് ഇവർ സ്വന്തമാക്കിയത്.
ജൈവം ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരസ്പരാശ്രയ കൃഷിസാധ്യമാക്കിയത്. സ്കൂൾ വളപ്പിലും കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷിനടത്തി. കൃഷിഭവന്റെ സഹകരണത്തോടെ പച്ചക്കറി വിത്തുകൾ ലഭ്യമാക്കിയായിരുന്നു കൃഷി. ഇങ്ങനെ കിട്ടിയ പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. പയറും ചീരയും പാവയ്ക്കയും മത്തനും കുമ്പളവും തുടങ്ങി സകല ഇനം പച്ചക്കറികളും വിളയിച്ചു.
സ്കൂൾ വളപ്പിൽ തയ്യാറാക്കിയ ടാങ്കിൽ മത്സ്യക്കൃഷി തുടങ്ങിയിരുന്നു. ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ മത്സ്യങ്ങൾക്ക് ഭക്ഷണമാക്കി. മത്സ്യം വളർത്തുന്ന ടാങ്കിലെ വെള്ളം മാറ്റുമ്പോൾ അത് കൃഷിയിടത്തിലേക്ക് തിരിച്ചുവിട്ടു. പരസ്പരാശ്രയത്തിന്റെ വലിയപാഠം കുട്ടികൾ സ്വയം പഠിച്ചെടുക്കാനും ഈ കൃഷിരീതി സഹായകമായി.ഫലവർഗപാർക്ക്, ഔഷധ ഉദ്യാനം, ശലഭ പാർക്ക് എന്നിവയും സ്കൂളിലും പരിസരങ്ങളിലുമായി തയാറാക്കി. സ്കൂളിലെ മുത്തശ്ശിമാവിനെ ആദരിച്ചു. നാട്ടിലെ മാവുകളുടെ കണക്കെടുപ്പ് നടത്തി. മാവിൻ തൈകൾ ശേഖരിച്ചു.
സ്കൂളിലും കുട്ടികളുടെ വീടുകളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിച്ചു. പള്ളിക്കൂടത്തിന്റെ പടിയിറങ്ങിയാലും വിദ്യാർഥിജീവിതത്തിന്റെ ഓർമകൾക്ക് തണലേകി ആ മാവുകൾ വളരും. മുപ്പതുവർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന കിണറിന് ജീവൻ നൽകാൻ സീഡ് പ്രവർത്തകർക്കായി. സീഡ് കോ-ഓർഡിനേറ്റർ ഡി.ഷൈനി മുൻകൈയെടുത്താണ് കിണർ വൃത്തിയാക്കിയത്.
പ്ലാസ്റ്റിക്ക് സഞ്ചികളുടെ സ്ഥാനത്ത് തുണിസഞ്ചികൾ ഉപയോഗിക്കാൻ കൂട്ടുകാരെ പ്രേരിപ്പിച്ചതും സീഡ് പ്രവർത്തകർ. ഹരിപ്പാടിന്റെ ചരിത്രവും നാട്ടറിവുകളും സമാഹരിക്കാനുള്ള വലിയപരിശ്രമം നടത്തി. കുട്ടികൾ ചെറുസംഘങ്ങളായാണ് ഈ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയത്. പ്രാദേശിക ഭാഷാനിഘണ്ടു തയാറാക്കി പ്രസിദ്ധീകരിച്ചു.
August 01
12:53
2017