SEED News

കാരുണ്യത്തിന്റെ തണലേകാൻ നാട്ടുമാവിൻതൈകളുമായി ഒരുമിച്ചിറങ്ങി

കണിമംഗലം എസ്.എൻ. ബോയ്‌സ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ കാരുണ്യത്തിന്റെ തണലേകാൻ നാട്ടുമാവിൻതൈകളുമായി ഒരുമിച്ചിറങ്ങി. സഹപാഠിയുടെ രോഗബാധിതനായ പിതാവിന് ചികിത്സാച്ചെലവിലേക്കായി മാവിൻതൈകൾ നൽകി സഹായധനം സ്വരൂപിക്കാൻ ഇറങ്ങിയവർക്ക് ലഭിച്ചത് മികച്ച പ്രതികരണം.
 തീവണ്ടിയാത്രക്കാരും ബസ് യാത്രക്കാരുമടക്കമുള്ളവരുടെ സന്മനസ്സുകൾ സ്വാധീനിച്ച് ആദ്യദിനം സ്വരൂപിക്കാനായത് പതിനായിരത്തിലേറെ രൂപ. രണ്ടുമണിക്കൂറുകൊണ്ടാണ് ഇത്രയും തുക കുട്ടികൾ സമാഹരിച്ചത്.
മാതൃഭൂമി സീഡിന്റെ 'നാട്ടുമാവിൻ ചോട്ടിൽ' പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ തൈകൾ വിതരണം ചെയ്യുന്നതോടൊപ്പം കാരുണ്യനിധികൂടി സമാഹരിക്കുകയായിരുന്നു. നാലായിരത്തോളം മാവിൻതൈകൾ ഈ വർഷം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിരുന്നു.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ, ശക്തൻ ബസ് സ്റ്റാൻഡ്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലായി ഓരോ ഗ്രൂപ്പായിത്തിരിഞ്ഞ് കുട്ടികൾ മാവിൻതൈകളുമായി എത്തി. യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി.
അച്ഛൻ രോഗബാധിതനായതോടെ കൂട്ടുകാരന്റെ പഠനംപോലും നിലയ്ക്കുമെന്ന സാഹചര്യം കണ്ടറിഞ്ഞാണ് സഹപാഠികൾ ഒന്നിച്ചിറങ്ങിയത്. കാരുണ്യ പ്രവർത്തനങ്ങളിലൂടെ സമാഹരിച്ച തുക ഓണത്തിനുമുമ്പ് കുടുംബത്തിന് കൈമാറുമെന്ന് ഹെഡ്മിസ്ട്രസ് കെ.ആർ. രാജി പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ നടന്ന തൈവിതരണം സ്റ്റേഷൻമാസ്റ്റർ കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. റെയിൽവേ പോലീസും പോർട്ടർമാരുമടക്കമുള്ളവർ സഹായഹസ്തവുമായെത്തി.

August 22
12:53 2017

Write a Comment

Related News