SEED News

ദുരന്ത ഭൂമിയിലെ അനുഭവ കഥകളുമായി മുരളി തുമ്മാരകുടി ആര്‍ബറേറ്റത്തില്‍

ആലുവ: പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും മനുഷ്യനേല്‍പ്പിക്കുന്ന വലിയ ആഘാതത്തെ പറ്റി വിദ്യാര്‍ത്ഥികളോട് സംവദിച്ച് മുരളി തുമ്മാരകുടി. ആലുവ ആര്‍ബറേറ്റത്തില്‍ വെച്ചാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവനായ മുരളി തുമ്മാരകുടി തന്റെ അനുഭവ കഥകള്‍ പങ്കുവെച്ചത്. 
കരീബിയന്‍ ദ്വീപായ ഹെയ്തിയിലുണ്ടായ 36 സെക്കന്റ് നീണ്ടു നിന്ന ഭൂമികുലുക്കത്തില്‍ 2.10 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. മരിച്ചവരുടെ ജഡങ്ങള്‍ സംസ്‌കരിക്കുക, വീടുകള്‍ തകര്‍ന്നവര്‍ക്ക് താത്കാലിക സംവിധാനം ഒരുക്കുക അതോടൊപ്പം ഭക്ഷണം, മരുന്ന്, കുടിവള്ളം, ശൗചാലയം എന്നിവ ഒരുക്കി നല്‍കുക എന്നിവ ദുരിന്തത്തിന് ശേഷം അതിവേഗത്തില്‍ ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണ്. ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനേക്കാള്‍ നല്ലത് ദുരന്ത സാധ്യതയെ പറ്റി അറിവ് നേടി ആഘാതം കുറയ്ക്കാന്‍ ശ്രമിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളില്‍ കെട്ടിടം പണിയുവാന്‍ സ്ഥലത്തിന്റെ പ്ലാന്‍ വെച്ച് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ആ സ്ഥലത്തിന്റെ പ്രത്യേകതകളും ദുരന്ത സാധ്യതകളും സര്‍ക്കാര്‍ അപേക്ഷകന് നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
പ്രകൃതി ദുരന്തങ്ങളെ പറ്റി ബോധവത്കരണമുള്ള നാടാണ് ജപ്പാന്‍. അവര്‍ ഓരോ ദുരന്തത്തിന് ശേഷവും അതിവേഗമാണ് ജീവിതത്തിലേയ്ക്ക തിരിച്ചു വരുന്നത്. 
കാശ്മീരിലെ ബോംബ് സ്‌ഫോടനത്തിനേക്കാള്‍ അധികം ആളുകള്‍ രാജ്യത്ത് മരണപ്പെടുന്നത് റോഡപകടങ്ങളിലാണ്. കേരളത്തില്‍ ഒരു വര്‍ഷം എണ്ണായിരത്തോളം പേരാണ് റോഡില്‍ മരിക്കുന്നത്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന സൂചികകള്‍ ഉണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ നാം ഏറെ പിന്നിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. ജനസംഖ്യാനുപാതികമായി വികസിത രാജ്യങ്ങളിലേക്കാള്‍ പതിന്മടങ്ങാണ് കേരളത്തില്‍ റോഡില്‍ പൊലിയുന്ന ജീവനുകള്‍. 
കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവരുടെ എണ്ണവും ഏറി വരികയാണ്. കേരളത്തിലെ മറുനാടന്‍ തൊഴിലാളികളുടെ കുടിയേറ്റവും കാലാവസ്ഥ വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടെന്ന്് അദ്ദേഹം പറഞ്ഞു. കാട്ടിലെ മുഴുവന്‍ തടിയും വെട്ടി വിറ്റ് എല്ലാവര്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയാല്‍ വളര്‍ച്ചയുണ്ടാകില്ല. മാലിന്യ സംസ്‌കരണത്തിന്റെ പേരായ്മയാണ് തെരുവ് നായ്കള്‍ പെരുകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. 
ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി വികസിത രാജ്യങ്ങള്‍ പെട്രോള്‍ ഉത്പ്പനങ്ങള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് നിറുത്തലാക്കി വരികയാണ്. 2030-40 വര്‍ഷങ്ങളോടെ വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും അവിടെ നിരത്തിലുണ്ടാവുക. വൈദ്യുതിയ്ക്കായി ചൈന പോലുള്ള രാജ്യങ്ങളില്‍ പോലും വന്‍ തോതില്‍ സോളാര്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യ ഏറെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.  
ഏതെങ്കിലും ഒരു കോഴ്‌സ് മാത്രം പഠിച്ച് ജീവിത കാലം മുഴുവന്‍ ജോലി ചെയ്യാന്‍ കഴിയുന്ന സ്ഥിതിയ്്ക്ക് ലോകത്താകമാനം മാറ്റമുണ്ടാവുകയാണ്. യന്ത്രവത്കൃത സംവിധാനങ്ങള്‍ എല്ലാ തൊഴില്‍ മേഖലയിലും കടന്നു വരുന്നു. ഇത് തൊഴിലായ്മ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ച് വ്യത്യസ്ഥമായ തൊഴിലുകള്‍ ചെയ്ത് ഇനിയുള്ള ജനത ജീവിക്കേണ്ടി വരും. ജീവിത ചെലവ് ഏറുമ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞ് വരും. കേരളത്തിലും ഇപ്പോള്‍ അതാണ് സംഭവിക്കുന്നത്. തൃക്കാക്കര ഭാരത് മാത കോളേജിലെ എം.എസ്.ഡബഌൂ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് പരിപാടിയ്ക്ക് എത്തിയത്. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. നാട്ടു മാവിന്‍ തൈ ആര്‍ബറേറ്റത്തില്‍ നട്ടു. യൂണിറ്റ് മാനേജര്‍ പി. സിന്ധു, പരിസ്ഥിതി പ്രവര്‍ത്തകന്‍ വേണു വാരിയത്ത് എന്നിവര്‍ സംസാരിച്ചു. 

September 01
12:53 2017

Write a Comment

Related News