ശ്രീകൃഷ്ണജയന്തിയുടെ വരവറിയിച്ച് കദംബം പൂവിട്ടു
ശ്രീകൃഷ്ണജയന്തിയുടെ വരവറിയിച്ച് ചെങ്ങന്നൂരില്‍ കദംബവൃക്ഷം പൂവിട്ടു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ ആറാട്ടുകടവിന് സമീപം മംഗലം പാലത്തിനോട് ചേര്‍ന്നാണ് വൃക്ഷം നില്‍ക്കുന്നത്. കടമ്പ് എന്ന് പേരിലാണ് വൃക്ഷം പൊതുവേ അറിയപ്പെടുന്നത്.
30 മീറ്ററോളം ഉയരമുള്ള ഇതിന്റെ ഗോളാകൃതിയിലുള്ള പൂക്കള്‍ പൂര്‍ണമായി വരിയുന്നതേയുള്ളൂ. കാവി കലര്‍ന്ന മഞ്ഞനിറത്തിലാണ് പൂര്‍ണമായി വിരിഞ്ഞ പൂക്കള്‍ കാണപ്പെടുക. പൂക്കളുടെ ദിവ്യമായ സുഗന്ധം ഒരു കിലോമീറ്റര്‍ ചുറ്റളവിലേക്ക് വ്യാപിക്കുമെന്ന് പറയപ്പെടുന്നു. പൂര്‍ണമായി വിരിഞ്ഞ പുഷ്പം നിറംകൊണ്ടും സുഗന്ധംകൊണ്ടും ധാരാളം പക്ഷികളെയും പ്രാണികളെയും ആകര്‍ഷിക്കുമത്രേ.
മഹാഭാരതം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും വൃക്ഷത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന നിരവധി കഥകള്‍ പറഞ്ഞുകേള്‍ക്കുന്നു. ഏറെ പ്രചാരമുള്ളത് കാളിയ മര്‍ദനവുമായി ബന്ധപ്പെട്ടതാണ്. യമുനാനദിയില്‍ വസിച്ചിരുന്ന കാളിയന്‍ എന്ന സര്‍പ്പത്തിന്റെ വിഷത്താല്‍ വൃന്ദാവനത്തിലെ മരങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞു.
എന്നാല്‍, യമുനയുടെ തീരത്തോട് ചേര്‍ന്നുതന്നെ നിലകൊണ്ടിരുന്ന കദംബവൃക്ഷത്തില്‍ മാത്രം കാളിയന്റെ കടുത്തവിഷം ബാധിച്ചില്ല. ഉണങ്ങാതെ നിന്ന ഈ കദംബവൃക്ഷത്തിന് മുകളില്‍നിന്നാണ് കാളിയനെ വകവരുത്താന്‍ കൃഷ്ണന്‍ യമുനയിലേക്ക് ചാടിയതെന്നാണ് വിശ്വാസം.