SEED News

മണ്ണിലേക്കിറങ്ങിയാണ് ഇവരുടെ പഠനം

കൂറ്റനാട്: ക്ലാസ് മുറികളില്നിന്നും പാഠപുസ്തകത്തില്നിന്നും ലഭിക്കുന്ന അറിവുകൊണ്ട് മാത്രം തൃപ്തരല്ല ഞാങ്ങാട്ടിരി എ.യു.പി. സ്കൂളിലെ വിദ്യാര്ഥികള്. മണ്ണിലേക്കിറങ്ങി കൃഷിയുടെ ബാലപാഠങ്ങള് പഠിക്കുകയും സ്കൂള് വളപ്പില് പച്ചക്കറിത്തോട്ടമൊരുക്കുകയും ചെയ്തിരിക്കുകയാണ് കുരുന്നുകള്. അഞ്ചുവര്ഷത്തോളമായി ഭക്ഷണത്തിനുള്ള പച്ചക്കറികള് സ്കൂള് വളപ്പില്ത്തന്നെ ഒരുക്കുകയാണിവര്. 
     സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിദ്യാര്ഥികള് 15 സെന്റോളം സ്ഥലത്ത് പച്ചക്കറിക്കൃഷി നടത്തിയത്. വെണ്ട, പയര്, മത്തന്, കുമ്പളം, പീച്ചിങ്ങ, പടവലം, വഴുതന, കയ്പ, വാഴ എന്നിവയാണ് കൃഷി ചെയ്യുന്നത്. ചാണകപ്പൊടി, ആട്ടിന്കാഷ്ഠം, എല്ലുപൊടി, വിദ്യാര്ഥികള് തന്നെ തയ്യാറാക്കിയ പുകയിലക്കഷായം തുടങ്ങിയ ജൈവവളങ്ങള് മാത്രമുപയോഗിച്ചാണ് കൃഷി. പച്ചക്കറിവിത്തുകള് സൗജന്യമായി ലഭ്യമാക്കി തൃത്താല കൃഷിഭവനും വിദ്യാര്ഥികളുടെ ഉദ്യമത്തിന് പരിപൂര്ണപിന്തുണ നല്കുന്നുണ്ട്. ഇതിനുപുറമേ, ഓരോ വിദ്യാര്ഥിക്കും സ്വന്തം വീടുകളില് കൃഷി തുടങ്ങുന്നതിനുള്ള വിത്തുകള് സ്കൂളില്നിന്ന് നല്കുന്നുണ്ട്. 
    ആദ്യവിളവ് സ്കൂളിലെ ഉച്ചഭക്ഷണത്തിനായി നല്കിയും വിദ്യാര്ഥികള് മാതൃകയാകുന്നു. അഞ്ചുവര്ഷമായി വളപ്പിലെ വിഷമുക്തമായ പച്ചക്കറികളുപയോഗിച്ചാണ് സ്കൂളില് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. വളരെ കുറച്ച് സാധനങ്ങള് മാത്രമേ പുറത്തെ കടകളില്നിന്ന് വാങ്ങേണ്ടിവരാറുള്ളൂ. ഒന്നാം ക്ലാസ് മുതല് എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്ഥികള് പച്ചക്കറിത്തോട്ടമൊരുക്കുന്ന പ്രവൃത്തിയില് വ്യാപൃതരാണ്. വെള്ളമെടുക്കലും കുഴിയെടുക്കലും നനയ്ക്കലും ഇവർ ഓടിനടന്ന് ആവേശത്തോടെ ചെയ്യുന്നു. 
     വേനല്ക്കാലത്ത് വിദ്യാര്ഥികള് പാത്രം കഴുകിയ വെള്ളവും മറ്റും കൃഷിക്കുപയോഗിക്കുന്ന സംവിധാനവും സ്കൂളിലുണ്ട്. സീഡ് കോ-ഓര്ഡിനേറ്റര് എം. താഹിര്, പ്രധാനാധ്യാപിക വി.കെ. നന്ദിനി എന്നിവർ പിന്തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. തിങ്കളാഴ്ച നടക്കുന്ന പച്ചക്കറിവിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര് ഉദ്ഘാടനം ചെയ്യും.

October 16
12:53 2017

Write a Comment

Related News