SEED News

'നക്ഷത്രവനം' ഒരു ഔഷധവനം

ആലുവ: അശ്വതി നക്ഷത്രത്തിന്റെ മരമാണ് കാഞ്ഞിരം. കാഞ്ഞിരത്തിന്റെ തൊലിയും ഇലയും കായുമെല്ലാം ഔഷധങ്ങള്‍ക്കായി ഉപയോഗിക്കും. ബുദ്ധിയ്ക്കും, സന്ധികളിലെ വേദനയ്ക്കും വാതരോഗങ്ങള്‍ക്കുമുള്ള ആയുര്‍വ്വേദ ഔഷധങ്ങളില്‍ കാഞ്ഞിരം മുഖ്യ ഘടകമാണ്. നക്ഷത്രങ്ങളും അവയുടെ മരങ്ങളേയും പറ്റി അദ്ധ്യാപകര്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി 'നക്ഷത്രവനം' പദ്ധതിയുടെ ശില്പശാല ആലുവയില്‍ അരങ്ങേറി. 'മാതൃഭൂമി' സീഡും തൈക്കാട്ട് മൂസ് വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്നാണ് 'നക്ഷത്രവനം' പദ്ധതി നടപ്പിലാക്കുന്നത്.  
27 നക്ഷത്രങ്ങളുടെ മരത്തിന്റെ പ്രത്യേകതളെ പറ്റി വിശദമാക്കിയായിരുന്നു ക്ലാസ്. ശാസ്ത്രീയ നാമവും സംസ്‌കൃത നാമവും ആയുര്‍വ്വേദ ചികിത്സയ്ക്ക് മരത്തിന്റെ ഏത് ഭാഗമാണ് ഉപയോഗിക്കേണ്ടതെന്നും വൈദ്യരത്‌നം ഔഷധശാലയിലെ എറണാകുളം ബ്രാഞ്ച് ഹെഡ് ഡോ. വിഷ്ണു അറിവ് നല്‍കി. വിദ്യാലയങ്ങളില്‍ ജന്മനക്ഷത്ര വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല നടത്തിയത്. 
പെരിയാറിന്റെ തീരത്തെ 'മാതൃഭൂമി' ആര്‍ബറേറ്റമാണ് ശില്പശാലയ്ക്ക് വേദിയായത്. നൂറ് കണക്കിന് വ്യത്യസ്ഥമാര്‍ന്ന മരങ്ങള്‍ കൊണ്ട് തിങ്ങി നിറഞ്ഞ ആര്‍ബറേറ്റം അദ്ധ്യാപകര്‍ക്ക് മുന്‍പില്‍ ചെറുകാടിന്റെ മാതൃകയൊരുക്കി. ആര്‍ബറേറ്റത്തിലുള്ള നക്ഷത്ര വനത്തില്‍ ഓരോ മരത്തേയും അടുത്തറിയുവാനും അദ്ധ്യാപകര്‍ക്ക് കഴിഞ്ഞു. 'നക്ഷത്രവനം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂളിലാണ് നടന്നത്. കൊച്ചി മേയര്‍ സൗമിനി ജെയ്‌നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
പത്ത് സ്‌കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ ആലുവയില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ ആര്‍ബറേറ്റത്തെ പറ്റി അദ്ധ്യാപകര്‍ക്ക് ക്ലാസെടുത്തു.  വൈദ്യരത്‌നം ഔഷധശാല സോണല്‍ സെയില്‍സ് മാനേജര്‍ പ്രവീണ്‍.കെ. വര്‍മ്മ,  'മാതൃഭൂമി' യൂണിറ്റ് മാനേജര്‍ പി. സിന്ധു എന്നിവര്‍ സംസാരിച്ചു

October 17
12:53 2017

Write a Comment

Related News