SEED News

കുട്ടനാട്ടിലെ തവളകൾ എവിടെ? കുട്ടികൾ തിരയുന്നു

ആലപ്പുഴ: കുട്ടനാടൻ പാടശേഖരങ്ങളിൽ നിറയെ ഉണ്ടായിരുന്ന തവളകളെല്ലാം എവിടെപ്പോയി? കിടങ്ങറ ഗവ. യു.പി.സ്കൂൾ വിദ്യാർഥികൾ തിരയുകയാണിപ്പോൾ. 17 ഇനങ്ങൾ ഉണ്ടായിരുന്നവയിൽ രണ്ടിനങ്ങൾ മാത്രമേ മൂന്ന്‌ പഞ്ചായത്തുകൾ തിരഞ്ഞിട്ടും കുട്ടികൾക്ക് കണ്ടെത്താനായുള്ളൂ. ചൊറിത്തവളയെയും പച്ചത്തവളയെയുമാണ് കണ്ടെത്തിയത്. സ്വർണത്തവള പലയിടത്തും ഉണ്ടെന്ന് പറഞ്ഞെങ്കിലും നേരിൽ കാണാനായില്ല.
 ഒരുമാസമായി കുട്ടികൾ പരിശോധന തുടങ്ങിയിട്ട്. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്ററും അധ്യാപികയുമായ വി.വിനിതയുടെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തുന്നത്. വീടിന് പരിസരത്ത് കാണുന്ന തവളകൾ ഏതൊക്കെ, ഇവയുടെ പ്രത്യേകതകൾ എന്തൊക്കെ, ഏതു സ്ഥലത്താണ് ഇവ കണ്ടെത്തിയത്... ഇരുപത്‌ വിദ്യാർഥികൾ ഇതിനകം വിവരങ്ങളും ചിത്രങ്ങളുമായി എത്തി. 
 രാമങ്കരി, വെളിയനാട്, കുമരംകരി, പായിപ്പാട് എന്നിവിടങ്ങളിലാണ് കുട്ടികൾ പരിശോധന നടത്തിയത്. കുട്ടനാട്ടിൽ കൂടുതലായി കണ്ടിരുന്ന ചൊറിത്തവളകൾ എണ്ണത്തിൽ വളരെ കുറഞ്ഞതായി കുട്ടികൾ കണ്ടെത്തി. പൊരിക്കുട്ട എന്ന് കുട്ടനാട്ടുകാർ വിളിച്ചിരുന്ന ഇവ ചതുപ്പിലും വീട്ടുപരിസരത്തും തൊഴുത്തിലും വിറകുപുരയിലുമെല്ലാം കണ്ടിരുന്നതാണ്. ഇപ്പോൾ കാണുന്നില്ല. സിമന്റിട്ട തറകളെത്തിയതും വീടും പരിസരവും മാറിയതുമായിരിക്കാം ഇവയെ അകറ്റിയതെന്നാണ്‌ മുതിർന്നവർ കുട്ടികളോട്‌ പറഞ്ഞത്.

മാക്കാച്ചി 
കരയുന്നത് കേട്ടു;  കണ്ടില്ല

കുട്ടനാട്ടിൽ വലിയ വിവാദമുണ്ടാക്കിയ മാക്കാച്ചിത്തവളകൾ വൻതോതിൽ കുറഞ്ഞതായി സംശയിക്കുന്നു. മാംസളമായ വലിയ കാലുകളുണ്ടായിരുന്ന ഇവയെയാണ് മനുഷ്യർ ഏറ്റവും കൂടുതൽ പിടികൂടിയിരുന്നത്. ഇവയുടെ കാലുകൾ വിദേശത്തേക്ക് കയറ്റുമതി നടത്തിയിരുന്നു. 
ഫ്രോഗ് ഹണ്ടേഴ്സ് അസോസിയേഷനെല്ലാം സക്രിയമായിരുന്നു 25 വർഷം മുമ്പ്. വിദേശനാണ്യം നേടിത്തരുന്ന തവളകളെ പിടിക്കാൻ പെട്രോമാക്സ് വെളിച്ചവുമായി രാത്രികളിൽ സംഘങ്ങളെത്തുമായിരുന്നു. വെളിച്ചം കണ്ട് കണ്ണുചിമ്മിയിരിക്കുന്ന തവളകളെ കൈകൊണ്ടും ഈർക്കിൽ കുരുക്കിലാക്കിയും ചാക്കിലാക്കുമായിരുന്നു. ഇപ്പോൾ ചിലയിടങ്ങളിൽ മാക്കാച്ചികളുടെ കരച്ചിൽ കേൾക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് കാണാൻ കഴിഞ്ഞില്ല.

തവളകൾ 
കുറഞ്ഞത് എന്തായിരിക്കും?

കാലാവസ്ഥാവ്യതിയാനം, കൃഷിരീതികളിൽ വന്ന മാറ്റം, മനുഷ്യരുടെ വേട്ടയാടൽ എന്നിവ തവളകളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയെന്ന് വനഗവേഷണകേന്ദ്രത്തിലെ ഗവേഷകവിദ്യാർഥിയായ സന്ദീപ് ദാസ് പറയുന്നു. കീടനാശിനിപ്രയോഗം തവളകളെ അകറ്റുന്നത്‌ സംബന്ധിച്ച പഠനങ്ങൾ നടന്നിട്ടില്ല.
എന്നാൽ, ജൈവകൃഷി ചെയ്യുന്നിടത്ത് കൂടുതൽ തവളകളെ കാണുന്നുണ്ട്. 
വെള്ളത്തിലാണ് തവള മുട്ടയിടുന്നത്. മുട്ടയ്ക്ക് ആവരണമില്ല. 30-40 ദിവസത്തിനുള്ളിൽ ഇവ വിരിഞ്ഞ് വാൽമാക്രികളാകും. മാക്കാച്ചിപോലെ വലിയ തവളകളുടെ വാൽമാക്രികൾ ചെറിയ ഇനങ്ങളെ തിന്നും. ഏപ്രിൽ-മേയ് മാസത്തിൽ മഴയെത്തിയാൽ ആദ്യം വിരിയുന്ന മാക്കാച്ചിയുടെ വാൽമാക്രികൾ ജൂൺമാസത്തിലുണ്ടാകുന്നവയുടെ മുട്ടയും തിന്നും. ഇങ്ങനെ കാലാവസ്ഥാവ്യതിയാനവും ഇവയുടെ വംശം കുറയാൻ കാരണമാകുന്നുണ്ടെന്ന്‌ സന്ദീപ് പറയുന്നു.

November 29
12:53 2017

Write a Comment

Related News