SEED News

മറുചോദ്യങ്ങളുമായി വയലാർ ശരത്ചന്ദ്രവർമ കുട്ടികൾക്കൊപ്പം

പുന്നപ്ര: എഴുതിയിട്ടുള്ള പാട്ടുകളിൽ വയലാർ ശരത്ചന്ദ്രവർമയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ ഏതെന്നായിരുന്നു കുട്ടികൾക്കറിയേണ്ടത്. 
അമ്മ തന്ന മുലപ്പാലിൽ ഏറ്റവും പ്രിയപ്പട്ട തുള്ളി ഏതെന്ന അതിസമർഥമായ മറുചോദ്യമായിരുന്നു കവിയുടെ ഉത്തരം. 
പുന്നപ്ര വാടയ്ക്കൽ ഡോ. അംബേദ്കർ സ്മാരക ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കുട്ടികളാണ് കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമയോട് സംവദിച്ചത്. മാതൃഭൂമി സീഡ് പദ്ധതിയുടെ ജില്ലാതല പുരസ്കാരവിതരണച്ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം. 
ജീവിതത്തിൽ സംഗീതം നൽകിയിട്ടുള്ള നല്ല നിമിഷങ്ങൾ ഏതൊക്കെയായിരുന്നു എന്ന ചോദ്യവും കുട്ടികൾ കവിക്കുമുന്നിൽ വച്ചു. എല്ലാ നിമിഷങ്ങളും സുന്ദരമായിരുന്നുവെങ്കിലും തന്റെ മകളുടെ താളമോ ശ്രുതിയോ ചിട്ടപ്പെടുത്താത്ത കരച്ചിലും ഒരു സംഗീതാത്മകമായ സുന്ദരനിമിഷമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരേ സമയം ഭക്തിഗാനങ്ങളും യുക്തിഗാനങ്ങളും രചിച്ചിരുന്ന വയലാർ രാമവർമയുടെ മകൻ എന്നനിലയിലും കവി എന്നനിലയിലും അച്ഛന്റെ എഴുത്തിനോടുള്ള നിലപാടെന്തെന്നായിരുന്നു പിന്നീട് കുട്ടികൾക്ക് അറിയേണ്ടിയിരുന്നത്.  
കവി ഒരിക്കലും ഒരു മതത്തിന്റെയും സ്വാധീനവലയത്തിലല്ല, മറിച്ച് മാനുഷികവും സാമൂഹികവുമായ നന്മകളാണ് എല്ലാ നല്ല കവികളുടെയും തൂലികയിൽ പിറവികൊള്ളുന്നതെന്ന് അദ്ദേഹം ഓർമപ്പെടുത്തി.  സ്കൂൾ പ്രിൻസിപ്പൽ ബിന്ദു നടേശ്, സീനിയർ സൂപ്രണ്ട് പി.ഷീല, അധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.

December 01
12:53 2017

Write a Comment

Related News