environmental News

2100 ല്‍ ഇന്ത്യയിൽ വീടിനു പുറത്തിറങ്ങാനാകില്ലെന്ന് റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും വരുംകാല ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിത്തീര്‍ക്കും എന്ന കാര്യത്തില്‍ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവരൊക്കെ ആശങ്കാകുലരാണ്. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയില്‍ ഒരാള്‍ക്കും വീടിനു പുറത്തിറങ്ങാനാകാത്ത വിധം ചൂട് വര്‍ധിക്കുമെന്നാണ് പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ 2100 ആകുമ്പോഴേയ്ക്കും വലിയ തോതില്‍ കാലാവസ്ഥാ മാറ്റം സംഭവിക്കുമെന്നും വെളിമ്പുറങ്ങളില്‍ ഇറങ്ങാന്‍ കഴിയാത്തവിധം ചൂടും ഉഷ്ണവും വര്‍ധിക്കുമെന്നും പഠനം പറയുന്നു. ഇന്ത്യയടക്കമുള്ള ഗംഗാസമതല മേഖലകളിലുള്ള ഭൂരിപക്ഷം ജനങ്ങളെയും ഇത് ബാധിക്കും. 150 കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന ഈ വലിയ മേഖലയില്‍ വലിയതോതിലുള്ള ഉഷ്ണക്കാറ്റിനും സാധ്യത കാണുന്നതായി പഠനം പറയുന്നു. സിന്ധു-ഗംഗാ തടങ്ങളിലുള്ള കാര്‍ഷിക മേഖലയെ ഒന്നാകെ ഇത്  ആഴത്തില്‍ ബാധിച്ചേക്കാം. 

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുന്‍ ഗവേഷകനും ഹോങ്കോങ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ യുന്‍ സൂണ്‍ ഇം നേതൃത്വം നല്‍കിയ ഗവേഷണ സംഘമാണ് പഠനം നടത്തിയത്. സയന്‍സ് അഡ്വാന്‍സസ് എന്ന അന്തര്‍ദേശീയ ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാധാരണ അന്തരീക്ഷ പഠനങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് മാത്രമാണ് പരിഗണനാവിഷയമെങ്കില്‍, ഊഷ്മാവും അതിനെ പ്രതിരോധിക്കാനുള്ള മനുഷ്യശരീരത്തിന്റെ ശേഷിയും കണക്കിലെടുത്തുകൊണ്ടാണ് ഈ പഠനം നടത്തിയിരിക്കുന്നത്. മനുഷ്യ ശരീരത്തിന് അന്തരീക്ഷോഷ്മാവിനോടും ഉഷ്ണത്തോടും പ്രതികരിക്കാനുള്ള ശേഷിയെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് 2100ലെ അവസ്ഥ പ്രവചിക്കുന്നത്.

ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ട കര്‍ഷകരോ വെളിമ്പുറങ്ങളില്‍ ജോലിചെയ്യുന്നവരോ ആണ് എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. 25 ശതമാനം ജനങ്ങള്‍ക്കും ഇപ്പോഴും വൈദ്യുതിയില്ല എന്നിരിക്കെ, ശീതീകരണ സംവിധാനങ്ങളൊന്നും ചൂടിനെ മറികടക്കാന്‍ ഇവരെ തുണയ്ക്കില്ല.

അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന 2100 എത്തുമ്പോഴേക്കും ലോകത്ത് ആറ് കോടിയോളം ജനങ്ങളെ അപകടകരമായ വിധത്തില്‍ ബാധിക്കും. ഭൂമിയുടെ 30 ശതമാനത്തോളം മേഖലയില്‍ ചൂടിന്റെ തീവ്രത അസഹ്യമായി മാറും. 35 ഡിഗ്രിക്ക് മുകളിലായിരിക്കും ചൂട് എന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആഗോള താപനം ചെറുക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ ഇതിന്റെ തീവ്രത വലിയതോതില്‍ കുറയ്ക്കാനാവുമെന്നും പഠനം വ്യക്തമാക്കുന്നു.

December 30
12:53 2017

Write a Comment