SEED News

കുര്യാക്കോസ് ശേഖരിച്ച 200 കിലോ പ്ലാസ്റ്റിക് പെലിക്കൻ ഫൗണ്ടേഷന്‌ കൈമാറി

തുറവൂർ: കടയുടമയായ ശേഖരിച്ചു വച്ച 200 കിലോ പ്ലാസ്റ്റിക് സാൻജോ സദനത്തിലെ കുട്ടികളെയും ജനങ്ങളെയും സാക്ഷിയായി പെലിക്കൻ ഫൗണ്ടേഷന്‌ കൈമാറി. തുറവൂർ ഐശ്വര്യ ട്രേഡേഴ്‌സ് ഉടമയായ കോക്കാട്ടുവീട്ടിൽ കെ.എ.കുര്യാക്കോസ് ശേഖരിച്ച പ്ലാസ്റ്റിക്കാണ് മാതൃഭൂമി സീഡ്‌ ലവ് പ്ലാസ്റ്റിക് പദ്ധതിപ്രകാരം കൈമാറിയത്. മൂന്നുവർഷംകൊണ്ടാണ് 30 ചാക്കുകളിൽ ഇത്രയധികം പ്ലാസ്റ്റിക് ശേഖരിച്ചത്.
 പ്ലാസ്റ്റിക് കൂട്ടിയിട്ടു കത്തിക്കുന്നത് ശ്വാസകോശാർബുദം പോലുള്ള രോഗങ്ങൾ പിടിപെടാൻ കാരണമാകും. 
മാത്രമല്ല അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഭൂമിയിൽ പെയ്ത്തുവെള്ളം താഴുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും അദേഹത്തിനറിയാമായിരുന്നു. ഇത് സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ഉദേശ്യത്തോടെയാണ് ചാക്കുകളിൽ പ്ലാസ്റ്റിക് ശേഖരിച്ചുവയ്ക്കാൻ തുടങ്ങിയത്. ഭാര്യ മെർലിനും മക്കളായ ആന്റണി, മാത്യൂസ് എന്നിവരും പ്ലാസ്റ്റിക് ശേഖരണത്തിൽ പങ്കാളികളാകാൻ തുടങ്ങി. 15 വർഷമായി പ്ലാസ്റ്റിക് ശേഖരിക്കാൻ തുടങ്ങിയിട്ട്.
 ആദ്യം ശേഖരിച്ച പ്ലാസ്റ്റിക് സെന്റ് ജോസഫ് പള്ളിക്ക്‌ നൽകി. 
പിന്നീടു ശേഖരിച്ചവ എന്തു ചെയ്യണമെന്നറിയാതിരുന്നപ്പോഴാണ് മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് പദ്ധതിയെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതെന്ന് കുര്യാക്കോസ് പറഞ്ഞു. 
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ കടയിൽ വരുന്നവരോടും നിരന്തരം ആവശ്യപ്പെടുമായിരുന്നു. ഒരിക്കൽ പ്ലാസ്റ്റിക് കിറ്റുകൾക്കു പകരം തുണിസഞ്ചികൾ കടയിൽനിന്്‌ കൊടുക്കാൻ തുടങ്ങി. പലതവണ ഉപയോഗിക്കാവുന്ന സഞ്ചി ഒരു പ്രാവശ്യത്തെ ഉപയോഗം കഴിഞ്ഞ് ആളുകൾ കളയുന്ന സ്ഥിതിയെത്തിയപ്പോൾ അതിൽ നിന്നു പിൻമാറി.
 പഞ്ചായത്ത്‌ പ്രസിഡന്റ് അനിതാ സോമൻ പെലിക്കൻ ഫൗണ്ടേഷൻ ട്രസ്റ്റി സി.എൻ.മനോജിന് പ്ലാസ്റ്റിക് നൽകി ഉദ്ഘാടനം ചെയ്തു. 
പഞ്ചായത്തിനുപോലും മാതൃകയാക്കാൻ കഴിയുന്ന ഒന്നാണ് കുര്യോക്കോസ് തന്റെ പ്രവൃത്തിയിലൂടെ കാട്ടിത്തന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 
  മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ സി.സുരേഷ്‌കുമാർ, ഫെഡറൽ ബാങ്ക് തുറവൂർ ശാഖാ മാനേജർ വി.കെ. സോണി, അസി. മാനേജർ വിദ്യ, പഞ്ചായത്തംഗം കെ.യു.അനീഷ്, പഞ്ചായത്ത് സെക്രട്ടറി കബീർ ദാസ്, സിസ്റ്റർ മെറിൻ, സീഡ് കോ-ഓർഡിനേറ്റർ അമൃത സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. സാൻജോ സദനിലെ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.


 തുറവൂർ ഐശ്വര്യ ട്രേഡേഴ്‌സ് ഉടമ കെ.എ.കുര്യാക്കോസ് സൂക്ഷിച്ചു വച്ച പ്ലാസ്റ്റിക് തുറവൂർ 
പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമൻ, പെലിക്കൻ ഫൗണ്ടേഷൻ ട്രസ്റ്റി മനോജിന് കൈമാറുന്നു 



January 13
12:53 2018

Write a Comment

Related News