SEED News

അക്കേഷ്യ മരങ്ങൾക്കെതിരെ ബോധവൽക്കരണവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്

വീരവഞ്ചേരി: വീരവഞ്ചേരി എൽ പി സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ അക്കേഷ്യ മരങ്ങൾ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി ശ്രീ.കെ രാജുവിന് കത്തയച്ചു. ജലസമ്പന്നമായ കേരള സംസ്ഥാനത്തിൽ വേനൽക്കാരംഭത്തിൽ തന്നെ കുടിവെള്ളക്ഷാമം നേരിടുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നായതും പ്രകൃതിക്ക് വൻ ഭീഷണിയുമായ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റി ഉപകാരപ്രദമായ ഫലവൃക്ഷങ്ങളായ മാവ്, പ്ലാവ് തുടങ്ങിയവ നട്ട് പിടിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സീഡ് അംഗങ്ങൾ കത്തിലൂടെ ആവശ്യപ്പെട്ടു. അക്കേഷ്യ മരങ്ങൾ അമിതമായി ജലം വലിച്ചെടുക്കുന്നത് കൂടാതെ മറ്റു സസ്യങ്ങളെ വളരാനനുവദിക്കാതെ ജൈവ വൈവിധ്യത്തിനു തന്നെ ഭീഷണി ഉയർത്തുന്നു. ഇവയുടെ പൂമ്പൊടി അലർജി രോഗങ്ങൾക്കും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്ന്, ഹിൽ ബസാർ തുടങ്ങിയ പ്രദേശങ്ങളിൽ ഇവ ധാരാളമായി കണ്ട് വരുന്നുണ്ട്. ഈ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നു.  മുചുകുന്ന് ഗവ:കോളേജ് കാമ്പസ്സിലും പരിസര പ്രദേശങ്ങളിലും വളരുന്ന അക്കേഷ്യ മരങ്ങൾ മൂലം കോളേജ് വിദ്ധ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും  കുട്ടികൾക്കും പലതരം അലർജി രോഗങ്ങൾ പിടിപെടുന്നു.  ആയതിനാൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ പട്ടേരി, വാർഡ് മെമ്പർ ശശി സി.കെ മുചുകുന്ന് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് അൻവർ സാദത്ത് എം പി എന്നിവരെ ഇതേ ആവശ്യം ഉന്നയിച്ച് കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അവർ സീഡ് അംഗങ്ങളെ അറിയിച്ചു. മുചുകുന്ന് പ്രദേശത്തെ വീടുകൾ സീഡ് അംഗങ്ങൾ സന്ദർശിക്കുകയും അക്കേഷ്യയുടെ ദോഷഭലങ്ങളെക്കുറിച്ചുള്ള നോട്ടീസുകൾ വിതരണം ചെയ്യുകയും ചെയ്തു. സീഡ് കൺവീനർ സരൂപ്.കെ.വി,    ജി ദിലീജ ,ആരിഫ എ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

January 24
12:53 2018

Write a Comment

Related News